ബെംഗളൂരുവില്‍ ഉപരാഷ്ട്രപതിയുടെ ഷൂ ആരോ അടിച്ചു മാറ്റി!

ആരാധനാലയങ്ങളില്‍ ചെരിപ്പ് മാറിപോകുന്നതും മോഷ്ടിച്ച് ഇട്ടോണ്ട് പോകുന്നതുമെല്ലാം പതിവ് സംഭവങ്ങളാണ്. എന്നാല്‍ ബിജെപി എംപിയുടെ വീട്ടില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഉപരാഷ്ട്രപതിയുടെ ഷൂ “അടിച്ചുമാറ്റുക”യെന്ന് പറഞ്ഞാലോ? രാജ്യത്തെ രണ്ടാമത്തെ പൗരന് തന്നെ അടിച്ചു മാറ്റല്‍ നേരിടേണ്ടി വന്നത് സുരക്ഷാ സേനക്ക് നാണക്കേടായി.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ഔദ്യോഗിക പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം. ബിജെപിഎംപി പിസി മോഹനന്റെ വീട്ടിലായിരുന്നു പ്രഭാതഭക്ഷണം. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, സിടി രവി എന്നിവര്‍ നായിഡുവിനോടൊപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡയും അനന്ത് കുമാറും ഉപരാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഷൂ കാണാതെ പോയെന്ന് നായിഡുവിന് മനസിലായത്.

നായിഡുവിനെ കാണാന്‍ നിരവധിപേര്‍ വീടിന് പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, അവിരലാരെങ്കിലും ഷൂ മാറി ധരിച്ചതാണോയെന്ന് അറിയില്ല. ഷൂ നഷ്ടമായെന്ന് നായിഡു സൂചിപ്പിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപത്തെല്ലാം പരിശോധിച്ചു. അദ്ദേഹത്തിന് അടുത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ പോകണമായിരുന്നു. പിന്നെ സുരക്ഷ ജീവനക്കാര്‍ പുതിയ ഷൂ വാങ്ങി നല്‍കി. അത് ധരിച്ചാണ് പിന്നീട് അദ്ദേഹം മറ്റ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത്.