ശരീരം തളര്‍ന്നിട്ടും വിര്‍ച്വല്‍ ലോകത്ത് നിന്ന് സ്‌കൂളിനെ നിയന്ത്രിച്ച് ഒരു പ്രിന്‍സിപ്പാള്‍

മുഖവും കൈയും ഒഴികെയുള്ള ശരീര ഭാഗങ്ങളുടെ ചലനമറ്റു പോയിട്ടും മനസ്സ് തളരാതെ കഴിഞ്ഞ പത്ത് വര്‍ഷവും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്‌കൂളിനെ നിയന്ത്രിച്ച് ഒരു പ്രിന്‍സിപ്പാള്‍. ശാരീരിക പരിമിധി ഒരു ദിവസം പോലും സ്‌കൂളിലെ കര്‍ത്തവ്യത്തില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തിയിട്ടില്ല. ഉത്തര്‍പ്രദേശിലെ നാഷ്ണല്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പാളായ ഉമാ ശര്‍മ എന്ന അദ്ധ്യാപികയാണ് വിര്‍ച്വല്‍ ലോകത്ത് നിന്ന് ഒരു സ്‌കൂളിനെ നിയന്ത്രിക്കുന്നത്.

ആശുപത്രിക്കിടക്കയില്‍ നിന്ന് സ്റ്റാഫ് റൂം, ക്ലാസ്സ് റൂം എന്തിന് പ്ലേയിങ് ഗ്രൗണ്ട് വരെ നിയന്ത്രിക്കും. ആവശ്യ സമയങ്ങളില്‍ ഓണ്‍ലൈനായി ക്ലാസും എടുത്ത് കൊടുക്കും. ഇന്റര്‍നെറ്റിനോടും സാങ്കേതിക വിദ്യയോടും മനസ്സ് നിറഞ്ഞ നന്ദിയാണ് ടീച്ചറിന് പറയാനുള്ളത്. “ടീച്ചര്‍ സ്‌കൂളില്‍ ഇല്ലാത്തതായി ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. പ്രിന്‍സിപ്പാള്‍ തങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നാണ്” മറ്റ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പറയുന്നത്.

27 വര്‍ഷം മുന്‍പാണ് ഉമയുടെ ഭര്‍ത്താവ് മരിച്ചത്. രണ്ടു കുട്ടികളും ഉമയെ വിട്ട് പോയി. അധ്യാപനമായിരുന്നു ഉമയുടെ ഇഷ്ടജോലി. അങ്ങനെയാണ് സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ചത്. മറ്റു സ്‌കൂളുകളെ അപേക്ഷിച്ച് കുറഞ്ഞ ഫീസിലാണ് പഠിപ്പിക്കുന്നതെന്ന് ഉമ പറയുന്നു. സ്‌കൂളില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ തനിച്ചാണ് ഉമ താമസിക്കുന്നത്. പകല്‍ സഹായത്തിനായി ജോലിക്കാരിയുണ്ട്.