അതിജീവിതമാർക്ക് പിന്നെയെന്താണ് സംഭവിക്കുന്നത്? ഏതോ അകത്തളങ്ങളുടെ മറവിൽ കേവലമൊരു ഇരയായി ഒടുങ്ങിലെന്ന അവരുടെ തീരുമാനത്തിന് നമ്മുടെ സമൂഹം ആത്യന്തികമായി നൽകിയ വിലയെന്താണ്? ആൺകോയ്മയുടെ ബലത്തിൽ എത്ര മദം പൊട്ടിയർമാദിച്ചാലും, യാതൊരുവിധ അപമാനമോ തിരിച്ചടിയോ ഉണ്ടാവില്ലെന്നഹങ്കരിക്കുന്ന മാന്യനും അഭിമാനിയുമായ വേട്ടക്കാരന്റെ വൈരൂപ്യം വെളിച്ചത്തു കൊണ്ടുവരുവാൻ ധൈര്യം കാണിച്ചവർക്ക് കാലവും സമൂഹവും എന്ത് നീക്കിയിരുപ്പാണ് അവശേഷിപ്പിച്ചത്? പരസ്പരാശ്രിതമായി ബന്ധപ്പെട്ടു കിടക്കുന്ന നമ്മുടെ തൊഴിലിടങ്ങളിൽ, എല്ലാ സാമൂഹികബന്ധങ്ങളേയും പ്രതിരോധിച്ച് ഒരു സ്ത്രീക്കും അവളുടെ കൂടെ നിൽക്കുന്ന കുടുംബത്തിനും എത്രകാലം ‘ഊരുവിലക്കു’കളെ മറികടന്ന് അന്തസ്സായും സമാധാനപരമായും ജീവിക്കാനാകും? അതിജീവിതമാരെ ധീരമാതൃകകളെന്ന് വിശേഷിപ്പിച്ച് ലേഖനങ്ങളും ഡോക്യൂമെന്ററികളും സിനിമകളുമൊക്കെ തയ്യാറാക്കുന്നവർക്ക്, പിൻകാലജീവിതത്തിൽ അവരുടെയാരുടെയെങ്കിലും കൂടെ ഒരു തണലായി നിൽക്കാൻ കഴിഞ്ഞിട്ടുണ്ടോ?
ഇരകളുടെയത്രയില്ലെങ്കിലും അതിജീവിതമാർക്ക് പഞ്ഞമുള്ള നാടല്ല നമ്മുടേത്. അതിന് ചരിത്രപരമായ കാരണങ്ങൾ അനവധിയുണ്ട്. നവോത്ഥാനമെന്നോ പുരോഗമനമെന്നോ ഒക്കെ വിളിക്കാവുന്ന സാമൂഹിക വളർച്ച കൊണ്ട് പുരുഷാധിപത്യത്തിന് നേരെ നേർക്കുനേർ കൊമ്പു കോർക്കാനുള്ള അവബോധവും തന്റേടവും സാമ്പത്തികശേഷിയും ഇന്ന് സ്ത്രീസമൂഹം പൊതുവെ കൈവരിച്ചിട്ടുണ്ട്. ഊറ്റം കൊള്ളുന്ന പൗരുഷപ്രകൃതം അബദ്ധവും അനാവശ്യവുമാണെന്ന് മാത്രമല്ല പലപ്പോഴും സംസ്ക്കാരരഹിതമോ നിയമവിരുദ്ധമോ ആകുന്നെന്നുള്ള തിരിച്ചറിവിനാൽ സ്ത്രീകളെ സമമായി കാണാനുള്ള വിവേകം ഇപ്പോൾ യുവാക്കൾക്ക് പോലുമുണ്ട്. എന്നിരുന്നാലും പുരുഷാവകാശ (= …ധികാര) സംരക്ഷണത്തിനായി സംഘടിക്കുന്നവരുടെ വാദങ്ങൾ ഇന്നുമിവിടെ വ്യക്തമായും സ്പഷ്ടമായും ഉച്ചത്തിൽ അലയടിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. വീറും വാശിയുമുള്ള അവരുടെ പ്രകടനങ്ങൾ കുത്തിയിരുന്നാസ്വദിക്കുന്ന അനേകലക്ഷം കാണികളുള്ളതിനാൽ വാർത്താചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും അവർക്ക് വിശിഷ്ടസ്ഥാനങ്ങൾ ലഭിക്കുന്നത് ഇന്നൊരു സാധാരണ കാര്യമാണ്. മറുവശത്ത് സ്ത്രീസമത്വത്തിനായും സ്ത്രീകളുടെ അവകാശങ്ങൾക്കായും പൊതുവിടങ്ങളിൽ ആട്ടിന്തോലണിഞ്ഞ് നിലകൊള്ളുന്നവരുമുണ്ട്. അങ്ങനെ സ്ത്രീചൂഷകരുടെ സമഗ്രാടിത്തറ ഒരു ഗണനീയശക്തിയായി തന്നെ ഇവിടെ നിലനിൽക്കുമ്പോൾ, ചൂഷണത്തിനും അതിക്രമത്തിനുമെതിരെ നിശ്ശബ്ദയാവില്ലെന്ന നിശ്ചയദാർഢ്യവുമായി പൊരുതാനിറങ്ങുന്ന സ്ത്രീകൾ ഒറ്റപ്പെട്ടുപോകാനോ നിസ്സഹായരാകാനോ അല്ലെങ്കിൽ തിരക്കൊഴിയുമ്പോൾ തോൽപ്പിക്കപ്പെട്ടുപോകാനോവുള്ള സാധ്യത ഉയർന്നിരിക്കും.
അതിന്റെ ഫലമായി സ്ത്രീസംരക്ഷണത്തിന്റേയും സ്ത്രീശാക്തീകരണത്തിന്റേയും ബാഹ്യപാളികൾ കൊത്തിമിനുക്കിയെടുക്കുമ്പോഴും, ലിംഗവിവേചനവും മേൽ–കീഴ് ലിംഗബന്ധങ്ങളടക്കമുള്ള (Gender Hierarchy) ഇന്നലെകളുടെ ചീഞ്ഞളിഞ്ഞ സാമൂഹികബോധത്തെ തൃപ്തിപ്പെടുത്തുന്നതും ഇവിടെ സജീവമായി തുടരുന്നു. ജനാധിപത്യമായതു കൊണ്ടാവാം പൊതുജനബോധത്തെ പ്രതിനിധീകരിക്കുന്ന ഭരണകൂടവും ഈ പരസ്പരവിരുദ്ധതയെ അതിവൈദഗ്ധ്യത്തോടെ തുലനം ചെയ്യുന്നുണ്ട്. ഒരേ സമയം ഇരയെ ആശ്വസിപ്പിച്ചും വേട്ടക്കാരനെ സംരക്ഷിച്ചും പെഴക്കുന്ന ഈ ഇരട്ടത്താപ്പ് നിർഭാഗ്യവശാൽ വേണ്ടത്ര വീര്യത്തോടെ വിമർശിക്കപ്പെടുന്നില്ല.
ശ്രീമതി ആശ ആച്ചി ജോസഫ് മലയാള മനോരമ ദിനപത്രത്തിൽ (13th ഫെബ്രുവരി 2026) എഴുതിയത് സമൂഹത്തിന്റെ പകുതിയിലധികം വരുന്ന സ്ത്രീകൾക്ക് ഞെട്ടലുണ്ടാക്കുന്നതൊന്നുമല്ല. വീട്ടിനകത്തും തൊഴിലിടത്തും പൊതുവേദികളിലും കുടുംബബന്ധങ്ങളിലും ബഹുസൗഹൃദങ്ങളിലും മറ്റു പൊതുവിടങ്ങളിലുമെല്ലാം വിവിധ രൂപങ്ങളിലും മാനങ്ങളിലും സ്ത്രീയായതു കൊണ്ടുമാത്രം നിത്യേന ഞങ്ങൾ നേരിടുന്ന വിവേചനവും വെല്ലുവിളികളും അത്രമാത്രമാണ്. അതെല്ലാം ജീവിതലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിൽ നിന്നെത്രമാത്രം പുറകോട്ടു വലിക്കുന്നുണ്ടന്നറിയുന്നത് സാധാരണ സ്ത്രീകൾക്ക് മാത്രമാണ്.
ബൻവാരിദേവിയെന്ന പേരോർക്കുന്നുണ്ടോ? ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടചരിത്രത്തിൽ സുവർണ ലിപികളാൽ പ്രത്യേകം രേഖപ്പെടുത്തിയ പേരാണത്. പരസ്പരം കോർത്തിണങ്ങി കിടക്കുന്ന ജാതി–ആൺകോയ്മയുടെ കാലങ്ങളോളം പഴക്കമുള്ള കോട്ടകൊത്തളങ്ങളെ വിറപ്പിച്ച സമരവീര്യമായിരുന്നു അവരുടേത്. തന്റെ ഗ്രാമത്തിലെ ബാലവിവാഹം നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ 1992 സെപ്റ്റംബറിലാണ് ബൻവാരിദേവി തന്റെ തൊഴിലിടം കൂടിയായ വയലിൽ വെച്ച് കൂട്ടബലാൽസംഗത്തിനിരയായത്. ഇഴഞ്ഞിഴഞ്ഞ് നീങ്ങിയ പോലീസ് അന്വേഷണങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ശേഷം അഞ്ചാം വർഷമാണ് വിധി വന്നത്. അതും പരാതിക്കാരി നുണ പറയുകയാണെന്ന മേമ്പൊടിയോടെ ആരോപണവിധേയരായെവരെയെല്ലാം വെറുതേ വിട്ടു കൊണ്ടായിരുന്നു. എന്നിട്ടും തീർന്നില്ല. ബിജെപിയുടെ ജനപ്രതിനിധി ജയ്പൂരിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സ്വാതന്ത്രരാക്കപ്പെട്ട ‘ആരോപിത’രെ അവിടെ ക്ഷണിച്ചുവരുത്തി ആദരിച്ചു. ആ പരിപാടിയുടെ നടത്തിപ്പിൽ സജീവമായി നിന്ന ബിജെപിയുടെ വനിതാവിഭാഗം പ്രവർത്തകർ ബൻവാരിദേവിക്കെതിരായ ഓരോ ഭത്സന്നത്തിനും കൈയടിച്ചു.
തോറ്റുപോയത് കേവലം ഒരു പരാതിക്കാരി മാത്രമല്ലെന്നും, ഇന്ത്യയുടെ മുഴുവൻ നിയമസംവിധാനത്തിന്റെയും അപമാനകരമായ പരാജയമാണിതെന്നും തിരിച്ചറിഞ്ഞവർ ഒരു ന്യൂനപക്ഷമായിരുന്നെങ്കിലും, അവരുടെ നിരന്തര സമ്മർദ്ദങ്ങൾ 1997ലെ സുപ്രീംകോടതിയുടെ വിശാഖവിധിയിൽ കലാശിച്ചു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനത്തെ നിയമപരമായി അഭിസംബോധന ചെയ്യുന്ന വിശാഖ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്നു. പതിനാറ് വർഷങ്ങൾക്കു ശേഷം അതൊരു നിയമത്തിന് വഴി മാറി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം 2013 ഡിസംബറിൽ യാഥാർത്ഥ്യമായി.
അതിനപ്പുറം ഏതാണ്ട് മൂന്നു വർഷമായപ്പോൾ, ദക്ഷിണേന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടിയെ അവർക്ക് തൊഴിൽസംബന്ധമായി നൽകിയ വണ്ടിയിലിട്ട് സഹപ്രവർത്തകർ തന്നെ ആക്രമിച്ചു. അത് വീഡിയോ എടുത്ത് സ്വകാര്യസദസ്സിൽ പ്രദർശിപ്പിച്ചു. സമൂഹത്തിൽ നിലയും വിലയുമുള്ളതുകൊണ്ടും പൊതുവെ എല്ലാവർക്കും പ്രിയങ്കരിയായതു കൊണ്ടുമാകണം ആ സംഭവം വലിയൊരു വിവാദമായി. ‘ആകാശത്തെ മിന്നും താരങ്ങളെ’ല്ലാം എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെ മെഴുകുതിരി കത്തിച്ചുപിടിച്ച് അവൾക്ക് ഐക്യദാർഢ്യം നേർന്നു. മുഖ്യമന്ത്രിയുടെ കാർമ്മികത്വത്തിൽ മന്ത്രിമാരും മറ്റു നേതാക്കളുമെല്ലാം അതൊക്കെ തന്നെ ആവർത്തിച്ചു. ഒരുപാടൊരുപാട് എഡിറ്റോറിയലുകളും പ്രൈംടൈം ചാനൽ ചർച്ചകളും കവലപ്രസംഗങ്ങളും മുറപോലെ നടന്നു. ഏതാണ്ട് തൊണ്ണൂറ് ദിവസം മലയാളത്തിന്റെ ജനപ്രിയനടൻ വിചാരണ തടവുകാരനായി ജയിലിൽ കിടന്നു. എട്ടു വർഷം നീണ്ട കോടതിനടപടികൾക്ക് ശേഷം ‘നായകൻ’ സ്വതന്ത്രനായി. ക്വട്ടേഷനെടുത്തവർ അഴിക്കുള്ളിലായി. ക്വട്ടേഷൻ കൊടുത്തവരെ തെളിവുസഹിതം പൂട്ടാൻ നിയമസംവിധാനത്തിന് കഴിഞ്ഞില്ല. നിയമസംവിധാനമൊന്നാകെ വീണ്ടും പരാജയപ്പെട്ടു. പുതിയ രൂപത്തിലും ഭാവത്തിലും വിശാഖവിധി പോലെയെന്തെങ്കിലും ഇനിയാവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം. അത്ര തന്നെ.
നടി ആക്രമിക്കപ്പെട്ടപ്പോൾ സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഹേമ കമ്മീഷൻ വന്നു. അവരുടെ റിപ്പോർട്ടും സമർപ്പിക്കപ്പെട്ടു. പക്ഷെ, ഓരോരോ കാരണങ്ങൾ പറഞ്ഞ് ഭരിക്കുന്ന സർക്കാർ ആ റിപ്പോർട്ടിന് മേൽ അടയിരുന്നു. ഒരു കണ്ണുപൊത്തിക്കളിക്കപ്പുറം ഒന്നും ഉദ്ദേശിക്കാത്തതു കൊണ്ടോ അല്ലെങ്കിൽ സിനിമാമേഖലയിൽ ലിംഗസമത്വം അനാവശ്യമാണെന്ന് തോന്നിയത് കൊണ്ടോ എന്തോ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് നെറ്റിയിലെഴുതിയൊട്ടിച്ച സഖാക്കളുടെ ഭരണാധിപന്മാർ ഓരോ സാങ്കേതികകാരണങ്ങൾ നിരത്തി പ്രസ്തുത റിപ്പോർട്ട് പൂത്തു പോകാതെയും ചിതലരിക്കാതെയും സൂക്ഷിച്ചുവെച്ചു. അവസാനം കോടതിയുത്തരവ് വന്നപ്പോൾ, ആരുടെയൊക്കെയോ പേര് കറുപ്പിച്ചും പേജുകൾ അടർത്തി മാറ്റിയും റിപ്പോർട്ട് പുറത്തുവിട്ടു. വേട്ടക്കാരനെ സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം സർക്കാർ സ്തുത്യർഹമായി നിർവ്വഹിച്ചു! സാധാരണക്കാരുടെ നിഷ്ക്കളങ്ക പിന്തുണ തെരഞ്ഞെടുപ്പിന് മാത്രമല്ലേ ജനാധിപത്യ സർക്കാരുകൾക്കാവശ്യമുള്ളൂ; അതുകഴിഞ്ഞാൽ നീതിനിഷേധത്തിനും നിയമവിരുദ്ധതക്കുമെന്നല്ല സകല തോന്നിവാസത്തിനും ഒരുങ്ങിയിറങ്ങുന്ന കൈയൂക്കുള്ളവരുടെ സഹകരണവും സഖ്യവുമെല്ലേ ഇടതും വലത്തുമുള്ള എല്ലാ അധികാരികൾക്കും വേണ്ടത്? അത് തിരിച്ചറിയുന്നത് കൊണ്ടാണല്ലോ WCC(Women in Cinema Collective)യും സിനിമാ കോൺക്ലേവുമൊക്കെയുണ്ടായിട്ടും, ചലച്ചിത്ര അക്കാദമിയുടെ തന്നെ പരിപാടിക്കിടെ ഒരു സീനിയർ സിനിമാക്കാരന് അതേ മേഖലയിൽ പ്രവർത്തിക്കുന്നതും എല്ലാവരും ആദരിക്കുകയും അറിയപ്പെടുന്നതുമായ സഹപ്രവർത്തകയെ കടന്നു പിടിക്കാനാകുന്നത്.
മലയാള മനോരമ ദിനപത്രത്തിൽ ആശ ആച്ചി ‘നിശബ്ദയാകാൻ ഒരുക്കമല്ലെ’ന്ന് പ്രഖ്യാപിക്കുന്നത് സ്വന്തം ഫോട്ടോ കൂടി വെച്ചിട്ടാണ്. ദീർഘകാലത്തെ അധ്യാപനവും നീണ്ടകാലത്തെ ലോകപരിചയവും കൊണ്ടുണ്ടായ തിരിച്ചറിവിന്റെ മൂശയിലിട്ട് പതം വരുത്തിയ ശേഷമാണ് ഇത്തരമൊരു അപ്രതീക്ഷിത നീക്കത്തിന് അവർ മുതിർന്നിട്ടുണ്ടാകുക. മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുത്ത പരാതിയായിട്ടും ഏറ്റവും പ്രാഥമികമായ എഫ്ഐആർ പോലും മാസങ്ങൾ കഴിഞ്ഞും ഉണ്ടായിട്ടില്ലെന്നറിയുന്ന ഒരു സ്ത്രീക്ക് തന്റെ അപമാനത്തിന് നൽകാവുന്ന ഏറ്റവും ഉചിതമായ പ്രതികരണമാണ് പരസ്യമായ തുറന്നു പറച്ചിൽ.
അങ്ങനെയൊരു പരസ്യപ്രസ്താവന നീതി കൊണ്ടുവരുമെന്നൊന്നും വിശ്വസിക്കാനാകില്ല. ട്രാൻസ്പോർട്ട് സെക്രെട്ടറിയായിരുന്ന നളിനി നെറ്റോ (IAS) നായനാർ മന്ത്രിസഭയിലെ ട്രാൻസ്പോർട്ട് മന്ത്രിയായിരുന്ന നീലലോഹിതദാസൻക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ പരാതി വിവാദമായ ശേഷം അയാൾ തലസ്ഥാനത്ത് വന്നപ്പോൾ നൂറു കണക്കിന് പാർട്ടി പ്രവർത്തകർ തീവണ്ടിയാപ്പീസിൽ നിന്ന് വീരോചിതമായി സ്വീകരിച്ചു കൊണ്ടുപോവുകയായിരുന്നു. സോളാർസരിതയുടെ വീഡിയോ തേടിയ പോലെ ആക്രമിക്കപ്പെട്ട നടിയുടെ വീഡിയോക്കായി പോൺസൈറ്റുകൾ അരിച്ചുപെറുക്കി നിരാശയായവർ നമുക്ക് ചുറ്റുമുണ്ട്. എന്തൊക്കെയായാലും സ്ത്രീസുരക്ഷിതത്വത്തിന്റെ പുരോഗമന–ഭരണകൂട ഗീർവാണങ്ങൾ ചീട്ടുകൊട്ടാരം പോലെ വീണുടയുമ്പോൾ, ‘മദയാന’കളെ കഴിയുന്നത്ര പേർക്ക് സുപരിചിതനാക്കുകയായിരിക്കും മറ്റുള്ളവർക്ക് വേണ്ടി ഒരു സ്ത്രീക്ക് ചെയ്യാനാകുന്ന ഏറ്റവും ഉചിതവും മികച്ചതുമായ പ്രതിരോധം.
ഭരണകൂടത്തിന്റെ പൊങ്ങച്ചങ്ങളെ പരസ്യമായി തുറന്നുകാട്ടിയ ആശ ആച്ചിയെ കാലമെങ്ങനെ കാത്തുസൂക്ഷിക്കും? നീതിസമത്വത്തിനായി നടന്ന നീണ്ട പോരാട്ടങ്ങളിൽ അവരുടെ പേരുമുണ്ടാകും. പക്ഷെ അതുമാത്രം മതിയോ? സ്ത്രീസമത്വത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനും അഭിമാനമുയർത്താനും നടത്തിയ ഈ നീക്കം കാലാന്തരത്തിൽ ഒരു കേവല പരാമർശത്തിനപ്പുറം (Reference point) അവരെ എവിടെ കൊണ്ടുചെന്നു നിർത്തും? ഓരോ ദിവസവും കഴിയുമ്പോൾ പുതിയ വാർത്തകൾ ബ്രേക്കിങ്ങ് ആയി വരും. ലൈക്കടിച്ചും ഷെയർ ചെയ്തും പിന്തുണച്ചവർ എങ്ങോട്ടെങ്കിലുമൊക്കെ ചിതറിപോകും. നിരന്തരം പുതിയ വാർത്തകൾ സൃഷ്ടിച്ചില്ലെങ്കിൽ, ആൾക്കൂട്ടത്തിൽ ആരാലും തിരിച്ചറിയപ്പെടാതെ അതിജീവിതകൾ ഒറ്റപ്പെട്ടുപോയേക്കാം. മറ്റാരുമറിഞ്ഞില്ലെങ്കിലും, താനവസാനം ഒരു ഇരയായി തന്നെ തീർന്നുവെന്ന് അതിജീവിതകൾ തിരിച്ചറിഞ്ഞേക്കും. കേസ് വാർത്തകളിൽ നിന്ന് മറഞ്ഞുപോകുമ്പോൾ, അവളുടെ ജീവിതം തന്നെ ഒരു ദീർഘശിക്ഷയായി മാറുന്നു. ശരിയാണ്, പോരാട്ടവീര്യം കൊണ്ടു മാത്രം ജീവിതാവസാനം വരെ പിടിച്ചു നിൽക്കാനാകില്ലല്ലോ! അന്നന്നുള്ള അനവധി വിഷയങ്ങളിൽ നിലപാടെടുക്കുന്നതും, തുടങ്ങിവെച്ച നിയമപോരാട്ടങ്ങൾ കോടതികളിൽ തുടരുന്നതിനും തക്കതായ സാമ്പത്തിക ചെലവുകളുണ്ട്. ഇനിയതിലൊക്കെ വിജയിച്ചാലും, അതിനായിട്ടൊക്കെ ചെലവഴിച്ച ജീവിതമത്രയും വീണ്ടെടുത്ത് കൊടുക്കാതെ അവർ പുനരധിവസിക്കപ്പെട്ടെന്ന് കണക്കാക്കാനാകുമോ?
ബൻവാരിദേവിയെന്ന പേര് വീണ്ടുമോർക്കുക. ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ ഒരു വഴിത്തിരിവുണ്ടാക്കിയെങ്കിലും സ്വന്തം സമുദായവും ഗ്രാമവും അവരെ ഇന്നും പൂർണ്ണാർത്ഥത്തിൽ കൂടെ കൂട്ടിയിട്ടില്ല. സമ്മർദ്ദമേറിയ പ്രതികൂല ജീവിതസാഹചര്യങ്ങൾ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് അവർക്ക് നൽകിയത്. കാൻസർ ഉൾപ്പെടെയുള്ളവക്ക് വേണ്ടി വരുന്ന ചികിത്സാച്ചെലവുകളും ഒക്കെ ചേർന്ന് നിത്യദാരിദ്ര്യത്തിൽ തന്നെയവരെ തളച്ചിട്ടു. അന്ന് തുടങ്ങിയ കോടതിനടപടികൾ മൂന്നര ദശകത്തിലേറെയായി നീളുന്നു. ഈ രാജ്യത്തെ തൊഴിലിടങ്ങളിലെ ലൈംഗികപീഡനത്തിനെതിരായ നിയമസംവിധാനത്തിന് നിമിത്തമായ സ്ത്രീക്ക് അതേ പരാതിയിൽ പോലും നീതി നേടി കൊടുക്കാൻ നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്കെതിരെ ജനപ്രിയനായകന് വേണ്ടിയും അന്നത്തെ ക്വട്ടേഷൻ ഗുണ്ടകൾക്ക് വേണ്ടിയുമൊക്കെ അണി നിരന്നത് ഈ രാജ്യത്തെ തന്നെ ഏറ്റവും വിലയുള്ള അഭിഭാഷകരായിരുന്നു. ഒൻപതു വർഷമായി കോടതിയിലവർ കയറിയിറങ്ങുന്നു. നീണ്ടുപോകുന്ന നീതിവ്യവഹാരങ്ങൾ ആരെയാണ് അതിജീവിക്കാനാക്കുക? നീതി വൈകുന്നത് നീതിനിഷേധമാണെങ്കിൽ, അതിജീവിതകൾക്ക് ആത്യന്തികമായി നീതി നിഷേധിക്കപ്പെടുമ്പോൾ, അത് ആ സമൂഹത്തിന്റെയും അവിടുത്തെ ഭരണകൂടത്തിന്റേയും നൈതിക ദാരിദ്ര്യത്തിന്റെ പ്രതിഫലനമാണ്. നിയമവും നിയമവ്യവസ്ഥയും നിയമപാലകരുമൊക്കെ ഉള്ളപ്പോഴും, ഒരു സ്ത്രീ തനിക്കേറ്റ അപമാനത്തിന് നീതി ലഭിക്കാനായി വർഷങ്ങളും ദശകങ്ങളും കാത്തിരിക്കുമ്പോൾ അതൊരു ചോദ്യമുയർത്തുന്നുണ്ട്. നീതി ആർക്കാണ് ലഭിച്ചത്?
Read more
നീതി വൈകുന്നത് പോലുമല്ല പ്രശ്നം. സാങ്കേതിക കാരണങ്ങളാൽ നീതി വൈകിപ്പിക്കുന്ന സംവിധാനങ്ങളെയെല്ലാം അനാവശ്യ ആദരവ് നൽകി നമ്മൾ സഹിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ ശരിക്കും മാറ്റമുണ്ടാകേണ്ടത് കോടതി മുറികളിലാണോ അതോ നമ്മൾ വ്യക്തികൾ കൂടിച്ചേരുന്ന അല്ലെങ്കിൽ ഉൾച്ചേരുന്ന സാമൂഹികബോധത്തിലാണോ? അങ്ങനെയെങ്കിൽ ഒരു വാർത്തക്കപ്പുറം, ആശ ആച്ചി എഴുതിയറിയച്ചതു പോലെ ഓരോ അതിജീവിതയുടേയും പേര് ഉയർന്നു കേൾക്കണം. അവളുടെ പേര് തന്നെ പ്രസ്ഥാനമാകണം. ഒറ്റപ്പെട്ട നിലവിളിക്കപ്പുറം, ഒരു സമൂഹത്തിന്റെ നിലപാടായി അവളുടെ ശബ്ദം മാറണം. അല്ലാത്തപക്ഷം, ഓരോ പുതിയ അതിജീവിതയും പഴയ കഥകളുടെ ആവർത്തനമായി മാത്രം മാറും. നീതി ലഭിക്കാത്ത ഓരോ കേസും അടുത്ത അനീതിക്ക് അനുമതിപത്രമാകും.







