പ്ലാറ്റ്ഫോം കാലത്തെ പ്രതിഷേധ രാഷ്ട്രീയം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഒരു സാങ്കേതിക തിരിവാണ്. തെരുവിൽ നിന്നു സ്ക്രീനിലേക്കും, സംഘടനയിൽ നിന്നു നെറ്റ്വർക്കിലേക്കും, ദീർഘകാല രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നു നിമിഷാർഥമായ ദൃശ്യപ്രകടനത്തിലേക്കും പ്രതിഷേധം മാറുന്ന ഘട്ടമാണിത്. ബൾഗേറിയയിലെ Gen Z പ്രതിഷേധങ്ങൾ ഈ മാറ്റത്തിന്റെ ഒരു ദേശീയ ഉദാഹരണമായിരിക്കുമ്പോൾ, അതിന്റെ അർത്ഥം ആഗോളമാണ്. ലോകമെമ്പാടുമുള്ള യുവജനപ്രസ്ഥാനങ്ങൾ ഒരേ ഘടനാപരമായ ചോദ്യത്തിന് മുന്നിലാണ്: ഡിജിറ്റൽ ഇടങ്ങളിൽ ഉദിക്കുന്ന രാഷ്ട്രീയ ഊർജം യഥാർത്ഥ അധികാരബന്ധങ്ങളെ എത്രത്തോളം ബാധിക്കുന്നു?

സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ രാഷ്ട്രീയ പങ്കാളിത്തത്തിന്റെ അർത്ഥം തന്നെ പുനർനിർവചിക്കപ്പെട്ടു. രാഷ്ട്രീയത്തിൽ “പങ്കെടുക്കൽ” എന്നത് ഇനി പാർട്ടി അംഗത്വമോ, ദീർഘകാല സംഘടനാപ്രവർത്തനമോ മാത്രമല്ല. ഒരു പോസ്റ്റ്, ഒരു റീപോസ്റ്റ്, ഒരു സ്റ്റോറി, ഒരു ഹാഷ്‌ടാഗ് ഇവയൊക്കെ തന്നെ രാഷ്ട്രീയ സാന്നിധ്യത്തിന്റെ സൂചനകളായി മാറിയിരിക്കുന്നു. ഈ മാറ്റത്തെ ചിലർ ജനാധിപത്യത്തിന്റെ വികാസമായി വായിക്കുന്നു. രാഷ്ട്രീയ പങ്കാളിത്തം കൂടുതൽ ജനകീയമായി, കൂടുതൽ ലഭ്യമാകുന്നു എന്ന വാദം ശക്തമാണ്. എന്നാൽ ഇതേ പ്രക്രിയയെ വിമർശനാത്മകമായി പരിശോധിക്കുമ്പോൾ, ജനാധിപത്യത്തിന്റെ രാഷ്ട്രീയ മൂർച്ച മങ്ങുന്നുവെന്ന ആശങ്കയും ഉയരുന്നു.

ആഗോളതലത്തിൽ Gen Z ഒരു ഡിജിറ്റൽ തലമുറയാണ്. അവർ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് പത്രവായനയിലൂടെയോ പാർട്ടി സമ്മേളനങ്ങളിലൂടെയോ അല്ല, മറിച്ച് ടൈംലൈൻസിലൂടെയും ആൽഗോരിതങ്ങളിലൂടെയുമാണ്. അതിനാൽ തന്നെ, അവരുടെ രാഷ്ട്രീയ ബോധവും പ്രവർത്തനരീതികളും ദൃശ്യകേന്ദ്രിതമാണ്. പ്രതിഷേധം കാണപ്പെടണം; കാണപ്പെടുന്നതാണ് നിലവിലുള്ളത്. ഈ ദൃശ്യതയുടെ രാഷ്ട്രീയം അധികാരത്തോടുള്ള പോരാട്ടത്തെ സങ്കീർണ്ണമാക്കുന്നു. കാരണം, ദൃശ്യത തന്നെ ഇനി ഒരു നിയന്ത്രിത വിഭവമാണ്. ഏത് പ്രതിഷേധമാണ് വൈറൽ ആകേണ്ടത്, ഏത് മറഞ്ഞുപോകേണ്ടത് എന്നത് ജനങ്ങൾ മാത്രം തീരുമാനിക്കുന്നില്ല; പ്ലാറ്റ്ഫോമുകളുടെ ആൽഗോരിതങ്ങൾ അതിൽ നിർണായക പങ്കുവഹിക്കുന്നു.

ഇവിടെയാണ് ഡിജിറ്റൽ ജനാധിപത്യത്തിന്റെ ആഗോള വിരോധാഭാസം തെളിയുന്നത്. സോഷ്യൽ മീഡിയ പ്രതിഷേധത്തെ ദൃശ്യവൽക്കരിക്കുന്നു, എന്നാൽ അതേ സമയം അതിനെ ചിതറിക്കുകയും ചെയ്യുന്നു. പ്രതിഷേധം ഒരു തുടർച്ചയായ രാഷ്ട്രീയ പ്രക്രിയയായിരിക്കേണ്ടിടത്ത്, അത് തകർന്ന നിമിഷങ്ങളായി മാറുന്നു. ഓരോ പ്രതിഷേധവും ഒരു ഇവന്റാണ്; ഓരോ ഇവന്റും മറ്റൊന്നാൽ വേഗം മറക്കപ്പെടുന്നു. ഈ “ഇവന്റൈസേഷൻ” രാഷ്ട്രീയത്തിന്റെ ചരിത്രബോധത്തെ ദുർബലപ്പെടുത്തുന്നു. ദീർഘകാല അധികാരബന്ധങ്ങളെ ചോദ്യം ചെയ്യാനുള്ള ക്ഷമയും സംഘടനാശേഷിയും ഇതിലൂടെ ക്ഷയിക്കുന്നു.

ബൾഗേറിയയിലെ Gen Z പ്രതിഷേധങ്ങൾ ഈ ആഗോള പ്രവണതയിൽ നിന്ന് വേർതിരിച്ച് കാണാനാകില്ല. അവിടെയും സോഷ്യൽ മീഡിയ പ്രതിഷേധത്തെ “സാധാരണമാക്കി.” തെരുവിലിറങ്ങുന്നത് രാഷ്ട്രീയമായി പ്രത്യേകമായ ഒരു പ്രവർത്തനമല്ല, ഒരു സാധാരണ സാമൂഹിക അനുഭവമായി തോന്നാൻ തുടങ്ങി. ഇത് ഒരുവശത്ത് ഭയഭക്തി കുറയ്ക്കുന്നു; മറുവശത്ത്, പ്രതിഷേധത്തിന്റെ അടിയന്തരത കുറയ്ക്കുന്നു. പ്രതിഷേധം നോർമലൈസ് ചെയ്യപ്പെടുമ്പോൾ, അധികാരത്തിന് അതിനെ കൈകാര്യം ചെയ്യാൻ കൂടുതൽ എളുപ്പമാകുന്നു.

സോഷ്യൽ മീഡിയയെ പ്രതിഷേധത്തിന്റെ ഒരു രൂപമായി കണക്കാക്കണമോ എന്ന ചോദ്യം ഇവിടെ നിർണായകമാണ്. ആഗോള അക്കാഡമിക് ചർച്ചകളിൽ ഇത് ശക്തമായി നിലനിൽക്കുന്ന ഒരു വിഷയമാണ്. ചില സിദ്ധാന്തങ്ങൾ ഓൺലൈൻ പ്രവർത്തനങ്ങളെ “മൈക്രോ-ആക്ടിവിസം” എന്ന നിലയിൽ അംഗീകരിക്കുന്നു. മറ്റുചിലർ അതിനെ “സ്ലാക്ടിവിസം” എന്ന വിമർശനപദത്തിലൂടെ തള്ളിക്കളയുന്നു. യാഥാർത്ഥ്യം ഈ രണ്ടിനും മധ്യേയാണെന്ന് ബൾഗേറിയൻ അനുഭവം കാണിക്കുന്നു. സോഷ്യൽ മീഡിയ പ്രതിഷേധത്തിന്റെ പകരമല്ല; അത് പ്രതിഷേധത്തിലേക്കുള്ള ഒരു ഇടനിലയാണ്. അത് രാഷ്ട്രീയ ഊർജം സൃഷ്ടിക്കാം, പക്ഷേ അതിനെ സ്വയം പര്യാപ്തമാക്കാൻ കഴിയില്ല.

ആഗോള അധികാരഘടനകൾ ഈ വ്യത്യാസം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പല രാജ്യങ്ങളിലും ഓൺലൈൻ പ്രതിഷേധത്തെ സഹിക്കപ്പെടുന്നതും, തെരുവുപ്രതിഷേധത്തെ അടിച്ചമർത്തുന്നതും. ഡിജിറ്റൽ കോപം ഭരണകൂടത്തിന് ഒരു സമ്മർദ്ദം സൃഷ്ടിച്ചേക്കാം; എന്നാൽ ശരീരങ്ങൾ തെരുവിൽ നിലകൊള്ളുമ്പോഴാണ് അധികാരം യഥാർത്ഥത്തിൽ അസ്വസ്ഥമാകുന്നത്. അതാണ് ചരിത്രപരമായ സത്യം. ഫ്രഞ്ച് വിപ്ലവം മുതൽ അറബ് സ്പ്രിംഗ് വരെ, അധികാരപരിവർത്തനങ്ങൾ നടന്നത് സ്ക്രീനുകളിൽ അല്ല, പൊതുഇടങ്ങളിലാണ്.

അതേസമയം, അറബ് സ്പ്രിംഗിന്റെ അനുഭവം തന്നെ ഡിജിറ്റൽ രാഷ്ട്രീയത്തിന്റെ പരിമിതികളും വെളിപ്പെടുത്തുന്നു. സോഷ്യൽ മീഡിയ പ്രതിഷേധത്തിന് വേഗം നൽകിയെങ്കിലും, ദീർഘകാല രാഷ്ട്രീയ പുനർനിർമാണം അതിലൂടെ സാധ്യമായില്ല. നെറ്റ്വർക്കുകൾ ശക്തമായിരുന്നുവെങ്കിലും, സംഘടനകൾ ദുർബലമായിരുന്നു. ഇത് ഒരു ആഗോള പാഠമാണ്. ഡിജിറ്റൽ ഇടങ്ങൾ സമരത്തെ ആരംഭിക്കാം; പക്ഷേ അതിനെ നിലനിർത്താൻ സംഘടനയും ആശയപരമായ വ്യക്തതയും അനിവാര്യമാണ്.

Gen Zയുടെ രാഷ്ട്രീയ പങ്കാളിത്തം ഈ ഘട്ടത്തിൽ ഒരു നിർണായക വഴിത്തിരിവിലാണ്. അവർക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ മുൻ തലമുറകളെക്കാൾ കൂടുതൽ അവസരങ്ങളുണ്ട്. എന്നാൽ അതേ സമയം, അവരുടെ പങ്കാളിത്തം കൂടുതൽ ചിതറിയതും ക്ഷണികവുമാണ്. ഓരോ വിഷയത്തിനും വേറെ പ്രതിഷേധം, വേറെ ഹാഷ്‌ടാഗ്, വേറെ ഓൺലൈൻ ക്യാമ്പെയ്ൻ. ഈ വിഭജനമാണ് അധികാരത്തിന് അനുകൂലമാകുന്നത്. കൂട്ടായ രാഷ്ട്രീയ ദിശ ഇല്ലാതാകുമ്പോൾ, പ്രതിഷേധം ശബ്ദമായി മാത്രം നിലനിൽക്കും.

ഇവിടെയാണ് അക്കാഡമിക് വിമർശനം ശക്തമാകേണ്ടത്. സോഷ്യൽ മീഡിയ ജനാധിപത്യത്തെ വികസിപ്പിക്കുന്നുവോ, അതോ അതിനെ പുനർസംഘടിപ്പിച്ചുകൊണ്ട് ദുർബലമാക്കുന്നുവോ എന്ന ചോദ്യം ലളിതമല്ല. ഇത് ഒരു ഇരട്ടപ്രക്രിയയാണ്. ഒരു വശത്ത്, മുമ്പ് കേൾക്കപ്പെടാത്ത ശബ്ദങ്ങൾ ദൃശ്യമാകുന്നു. മറുവശത്ത്, ദൃശ്യമാകുന്നതിന്റെ മാനദണ്ഡങ്ങൾ വിപണിയുടെയും ആൽഗോരിതത്തിന്റെയും നിയന്ത്രണത്തിലേക്ക് പോകുന്നു. ജനാധിപത്യം ഇവിടെ ഒരു രാഷ്ട്രീയ സംവിധാനമല്ല, ഒരു ഡിജിറ്റൽ അനുഭവമായി മാറുന്നു.

ബൾഗേറിയയിലെ Gen Z പ്രതിഷേധങ്ങൾ ഈ അനുഭവത്തിന്റെ ഒരു നിർണായക ഘട്ടമാണ്. അവിടെ ഡിജിറ്റലും ഭൗതികവുമായ രാഷ്ട്രീയങ്ങൾ തമ്മിൽ ഒരു ഒഴുക്ക് ഉണ്ടായി. ഇത് പ്രതീക്ഷാജനകമാണ്. എന്നാൽ ഈ ഒഴുക്ക് സ്ഥിരതയാർജ്ജിക്കുമോ എന്നതാണ് യഥാർത്ഥ ചോദ്യം. ഡിജിറ്റൽ ഇടങ്ങളിൽ മാത്രം നിലനിൽക്കുന്ന പ്രതിഷേധം ചരിത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടില്ല. ചരിത്രം പഠിപ്പിക്കുന്നത്, അധികാരം കീഴടങ്ങുന്നത് ദൃശ്യതയ്‌ക്ക് മുന്നിലല്ല, സ്ഥിരതയ്‌ക്ക് മുന്നിലാണ് എന്നതാണ്.

ആഗോള ജനാധിപത്യത്തിന്റെ ഭാവി ഈ ചോദ്യം ഏറ്റെടുക്കുന്നതിലാണ്. Gen Zക്ക് മുന്നിൽ രണ്ട് വഴികളുണ്ട്. ഒന്നാമത്, ഡിജിറ്റൽ സാന്നിധ്യത്തിൽ തൃപ്തരാകുന്ന ഒരു രാഷ്ട്രീയ പൗരത്വം. രണ്ടാമത്, ഡിജിറ്റൽ ഉപകരണങ്ങളെ ഉപയോഗിച്ചുകൊണ്ട്, എന്നാൽ അവയിൽ ഒതുങ്ങാതെ, ദീർഘകാല രാഷ്ട്രീയ പോരാട്ടത്തിലേക്ക് കടക്കുന്ന ഒരു പൗരത്വം. ആദ്യത്തേത് അധികാരത്തിന് സൗകര്യപ്രദമാണ്; രണ്ടാമത്തേത് അധികാരത്തിന് ഭീഷണിയാണ്.

അതിനാൽ, ബൾഗേറിയയിലെ അനുഭവം ആഗോളതലത്തിൽ നമ്മോട് പറയുന്നത് ഒരു ലളിതമായ സന്ദേശമല്ല. അത് മുന്നറിയിപ്പാണ്. സോഷ്യൽ മീഡിയ ജനാധിപത്യത്തെ കൈപ്പത്തിയിൽ എത്തിച്ചിരിക്കുന്നു; എന്നാൽ അത് അവിടെത്തന്നെ പൂട്ടിയിടാനുള്ള സാധ്യതയും അതിനുണ്ട്. ജനാധിപത്യം സ്ക്രീനിൽ അവസാനിക്കുന്ന നിമിഷം മുതൽ, അത് രാഷ്ട്രീയമല്ല, ഉപഭോഗമാണ്. തെരുവിൽ തുടരുന്ന നിമിഷം മുതൽ, അത് അധികാരത്തിന് ഒരു വെല്ലുവിളിയാണ്. Gen Zയുടെ രാഷ്ട്രീയ ഭാവി ഈ വ്യത്യാസം തിരിച്ചറിയുന്നതിലാണ്.

ഇന്ത്യയെയും ബൾഗേറിയയെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി Gen Zയോ സോഷ്യൽ മീഡിയയോ മാത്രമല്ല; മറിച്ച് അവ ഇരുവരും ഉൾപ്പെടുന്ന ഗ്ലോബൽ സൗത്ത് രാഷ്ട്രീയ സാഹചര്യമാണ്. ഗ്ലോബൽ സൗത്തിൽ ജനാധിപത്യം സാങ്കേതികമായി വ്യാപിക്കുന്നതോടൊപ്പം തന്നെ സാമൂഹിക–സാമ്പത്തിക അസമത്വങ്ങളും ശക്തമാകുന്ന ഘട്ടത്തിലാണ് ഡിജിറ്റൽ രാഷ്ട്രീയത്തിന്റെ ഉയർച്ച നടക്കുന്നത്. ഇന്ത്യയിൽ Gen Z പ്രതിഷേധങ്ങൾ—പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ നിന്നു കർഷക സമരങ്ങളിലേക്കും, വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ നിന്നു തൊഴിലില്ലായ്മ ചർച്ചകളിലേക്കും—സോഷ്യൽ മീഡിയയെ ഒരു അനിവാര്യ രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബൾഗേറിയയിലെ പോലെ തന്നെ, ഇന്ത്യയിലും ഡിജിറ്റൽ ദൃശ്യതയും യഥാർത്ഥ അധികാരപരിവർത്തനവും തമ്മിലുള്ള വിടവ് വ്യക്തമാണ്. ഹാഷ്‌ടാഗുകൾ ട്രെൻഡിംഗ് ആകുമ്പോഴും, നയനിർണ്ണയ കേന്ദ്രങ്ങൾ പലപ്പോഴും അചഞ്ചലമായി തുടരുന്നു. ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ അധികാരം കൂടുതൽ കേന്ദ്രികൃതവും, ഭരണകൂടങ്ങൾ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ പരിചയസമ്പന്നരുമായതിനാൽ, ഓൺലൈൻ പ്രതിഷേധങ്ങൾ പലപ്പോഴും സുരക്ഷിതമായ ഒരു “വാതിൽപ്പുറ കോപം” ആയി മാത്രം സഹിക്കപ്പെടുന്നു. ഇന്ത്യയിൽ ഇത് കൂടുതൽ വ്യക്തമാണ്: ഡിജിറ്റൽ പ്രതിഷേധം ശക്തമാകുന്നത്രേ, തെരുവ് പ്രതിഷേധങ്ങൾക്കുള്ള നിയന്ത്രണങ്ങളും നിയമപരമായ അടിച്ചമർത്തലുകളും വർധിക്കുന്നു. ഇതുവഴി Gen Zയുടെ രാഷ്ട്രീയ പങ്കാളിത്തം ഒരു ദ്വന്ദ്വത്തിലേക്ക് തള്ളപ്പെടുന്നു—സ്ക്രീനിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം, തെരുവിൽ നിലകൊള്ളാനുള്ള അപകടസാധ്യത. ഈ അവസ്ഥ ഗ്ലോബൽ സൗത്ത് രാഷ്ട്രീയത്തിന്റെ ഒരു പൊതുസ്വഭാവം തന്നെയാണ്. ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ഡിജിറ്റൽ ആക്ടിവിസം ശക്തമായിരിക്കുമ്പോഴും, ദീർഘകാല രാഷ്ട്രീയ പരിവർത്തനം നടക്കുന്നത് സംഘടനാപരമായ, ശരീരാധിഷ്ഠിതമായ സമരങ്ങളിലൂടെയാണ്. അതിനാൽ, ബൾഗേറിയയിലെ Gen Z അനുഭവവും ഇന്ത്യയിലെ യുവജന രാഷ്ട്രീയവും ഒരേ ആഗോള സത്യം വെളിപ്പെടുത്തുന്നു: ഗ്ലോബൽ സൗത്തിൽ സോഷ്യൽ മീഡിയ ജനാധിപത്യത്തെ ദൃശ്യമാക്കുന്നു, പക്ഷേ അധികാരബന്ധങ്ങളെ തകർക്കാൻ അതിന് ഒറ്റയ്ക്ക് കഴിയില്ല. ഡിജിറ്റൽ ഇടങ്ങൾ ഇവിടെ ഒരു തുടക്കമാത്രമാണ്; തെരുവും സംഘടനയും ഇല്ലാതെ, Gen Zയുടെ രാഷ്ട്രീയം ദൃശ്യമായെങ്കിലും നിർണായകമാകാതെ നിൽക്കുന്ന ഒരു അവസ്ഥയിൽ കുടുങ്ങാനുള്ള അപകടം അതീവ ഗുരുതരമാണ്.

ഗ്ലോബൽ സൗത്തിലെ വിവിധ രാജ്യങ്ങളിൽ Gen Z നേതൃത്വത്തിലുള്ള ഡിജിറ്റൽ പ്രതിഷേധങ്ങൾ സമാന സാങ്കേതിക ഭാഷ ഉപയോഗിച്ചിട്ടും, അവ പ്രവർത്തിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ യുവജന പ്രസ്ഥാനങ്ങൾ സോഷ്യൽ മീഡിയയെ പ്രതിഷേധത്തിന്റെ പ്രധാന വാതിലാക്കി മാറ്റിയിട്ടുണ്ട്; എന്നാൽ അധികാരത്തോടുള്ള അവയുടെ ഏറ്റുമുട്ടൽ ഒരേ രീതിയിലല്ല. ഇന്ത്യയിൽ, ഡിജിറ്റൽ പ്രതിഷേധം ശക്തമായിരിക്കുമ്പോഴും, ഭരണകൂടം അതിനെ നിയമപരവും ഭരണപരവുമായ നിയന്ത്രണങ്ങളിലൂടെ പരിമിതപ്പെടുത്തുന്നു. ഹാഷ്‌ടാഗുകൾ ട്രെൻഡിംഗ് ആകുന്ന നിമിഷങ്ങളിൽ തന്നെ, തെരുവ് പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ നിരോധനാജ്ഞകളും അറസ്റ്റ് നടപടികളും പ്രയോഗിക്കപ്പെടുന്നു. ഡിജിറ്റൽ ഇടം ഇവിടെ സംസാരിക്കാനുള്ള ഒരു സുരക്ഷിത സങ്കേതമായി മാറുമ്പോൾ, ഭൗതിക രാഷ്ട്രീയ ഇടങ്ങൾ കൂടുതൽ അപകടകരമാകുന്നു.

ബംഗ്ലാദേശിൽ ഈ അവസ്ഥ കൂടുതൽ കഠിനമാണ്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളും തൊഴിൽ സംബന്ധമായ പ്രതിഷേധങ്ങളും സോഷ്യൽ മീഡിയയിലൂടെ വേഗത്തിൽ വ്യാപിക്കുന്നുണ്ടെങ്കിലും, ഭരണകൂടം ഡിജിറ്റൽ ഇടങ്ങളെ തന്നെ നിയന്ത്രണ വിധേയമാക്കുന്ന പ്രവണത ശക്തമാണ്. ഇന്റർനെറ്റ് ഷട്ട്ഡൗണുകളും ഓൺലൈൻ നിരീക്ഷണവും പ്രതിഷേധത്തെ തടയാനുള്ള പ്രധാന ആയുധങ്ങളായി മാറുന്നു. ഇതുവഴി ഡിജിറ്റൽ ആക്ടിവിസം ഇവിടെ ഒരു താൽക്കാലിക രാഷ്ട്രീയ ഉപാധിയായി മാത്രമേ നിലനിൽക്കാറുള്ളൂ. ശ്രീലങ്കയിൽ, സാമ്പത്തിക പ്രതിസന്ധിക്കാലത്തെ യുവജന പ്രതിഷേധങ്ങൾ ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് തെരുവിലേക്ക് ശക്തമായി മാറിയ ഒരു അപൂർവ ഘട്ടം ഉണ്ടായി. എന്നാൽ അവിടെയും, ഭരണകൂട മാറ്റത്തിന് ശേഷം, ദീർഘകാല രാഷ്ട്രീയ പുനർസംഘടന സാധ്യമാകാതെ പ്രതിഷേധ ഊർജം ക്ഷയിച്ചു. ഇത് ഡിജിറ്റൽ–തെരുവ് സംയോജനം ഉണ്ടായാലും, സംഘടനാപരമായ രാഷ്ട്രീയമില്ലാതെ മാറ്റം സ്ഥിരതയാർജ്ജിക്കില്ല എന്ന ആഗോള സത്യം വീണ്ടും ഉറപ്പിക്കുന്നു.

ലാറ്റിൻ അമേരിക്കയിൽ ഈ ചിത്രം കുറച്ച് വ്യത്യസ്തമാണ്. ചില രാജ്യങ്ങളിൽ യുവജന പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയുടെ സഹായത്തോടെ ശക്തമായ തെരുവ് പ്രസ്ഥാനങ്ങളായി മാറിയിട്ടുണ്ട്. എന്നാൽ അവിടെയും ഡിജിറ്റൽ ദൃശ്യതയും യഥാർത്ഥ അധികാരപരിവർത്തനവും തമ്മിലുള്ള വിടവ് നിലനിൽക്കുന്നു. സോഷ്യൽ മീഡിയ പ്രതിഷേധത്തിന് ഭാഷയും ദൃശ്യതയും നൽകുമ്പോൾ, ദീർഘകാല രാഷ്ട്രീയ മാറ്റം സാധ്യമാകുന്നത് തൊഴിലാളി യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ, കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകൾ തുടങ്ങിയ ഘടനകളുടെ ഇടപെടലിലൂടെയാണ്. അതിനാൽ, ഗ്ലോബൽ സൗത്ത് മുഴുവൻ വ്യാപിക്കുന്ന ഒരു പൊതുസ്വഭാവം ഇവിടെ വ്യക്തമാകുന്നു: ഡിജിറ്റൽ പ്രതിഷേധം അനിവാര്യമാണ്, പക്ഷേ അത് ഒറ്റയ്ക്ക് മതിയാകില്ല.

ഗ്ലോബൽ സൗത്തിലെ Gen Z പ്രതിഷേധങ്ങൾ ഒരേ സ്വഭാവമുള്ളതല്ല; അവ പ്രവർത്തിക്കുന്ന സാമൂഹിക വിഭാഗങ്ങളെ ആശ്രയിച്ച് അതിന്റെ രാഷ്ട്രീയ ഫലപ്രാപ്തിയും വ്യത്യസ്തമാണ്. തൊഴിലാളി പ്രസ്ഥാനങ്ങളിൽ, സോഷ്യൽ മീഡിയ പ്രധാനമായും ദൃശ്യവൽക്കരണത്തിനുള്ള ഉപാധിയായി പ്രവർത്തിക്കുന്നു. കുടിയേറ്റ തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, പ്ലാറ്റ്ഫോം വർക്കർമാർ എന്നിവരുടെ പ്രശ്നങ്ങൾ ഡിജിറ്റൽ ഇടങ്ങളിൽ ദൃശ്യമാകുന്നുണ്ടെങ്കിലും, അതിന്റെ യഥാർത്ഥ ശക്തി സംഘടനാപരമായ ഐക്യത്തിലാണ്. തൊഴിലാളി സമരങ്ങൾ ചരിത്രപരമായി ശരീരാധിഷ്ഠിതമാണ്; തൊഴിൽ നിർത്തൽ, തെരുവ് സമരം, ഉത്പാദന തടസം എന്നിവയില്ലാതെ ഡിജിറ്റൽ പിന്തുണയ്ക്ക് പരിമിതമായ രാഷ്ട്രീയ മൂല്യമേയുള്ളൂ. ഇന്ത്യയിലും ലാറ്റിൻ അമേരിക്കയിലും തൊഴിലാളി പ്രസ്ഥാനങ്ങൾ സോഷ്യൽ മീഡിയയെ ഉപയോഗിച്ചെങ്കിലും, നിർണായക ഘട്ടങ്ങളിൽ അധികാരത്തെ വിറപ്പിച്ചത് തെരുവിലെ സാന്നിധ്യമായിരുന്നു.

വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ ഡിജിറ്റൽ രാഷ്ട്രീയം കൂടുതൽ സജീവമാണ്. ക്യാമ്പസ് രാഷ്ട്രീയം സോഷ്യൽ മീഡിയയിൽ പെട്ടെന്ന് ദൃശ്യമാകുന്നു; ആശയങ്ങൾ വേഗത്തിൽ പ്രചരിക്കുന്നു. എന്നാൽ ഈ വേഗത തന്നെ ഒരു ദൗർബല്യവുമാണ്. ഓരോ വിഷയത്തിനും വേറെ ക്യാമ്പെയ്ൻ, വേറെ പ്രതിഷേധം, വേറെ ഡിജിറ്റൽ ആവേശം. ഇതുവഴി ദീർഘകാല രാഷ്ട്രീയ ദിശ രൂപപ്പെടാതെ, പ്രസ്ഥാനങ്ങൾ ക്ഷണികമായ കോപപ്രകടനങ്ങളായി ചിതറുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശക്തമായ നിമിഷങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, അതിന്റെ തുടർച്ച ഉറപ്പാക്കാൻ സംഘടനാപരമായ അടിത്തറ പലപ്പോഴും ദുർബലമാണ്.

സ്ത്രീ പ്രസ്ഥാനങ്ങളിൽ ഡിജിറ്റൽ ഇടങ്ങൾ ഒരു പുതിയ രാഷ്ട്രീയ സാധ്യത തുറന്നിട്ടുണ്ട്. മുമ്പ് സ്വകാര്യമായി ഒതുങ്ങിയ അനുഭവങ്ങൾ പൊതു രാഷ്ട്രീയ വിഷയങ്ങളായി മാറാൻ സോഷ്യൽ മീഡിയ സഹായിച്ചിട്ടുണ്ട്. എന്നാൽ ഗ്ലോബൽ സൗത്തിൽ സ്ത്രീകളുടെ ഡിജിറ്റൽ രാഷ്ട്രീയവും കടുത്ത നിയന്ത്രണങ്ങൾ നേരിടുന്നു. ഓൺലൈൻ ആക്രമണങ്ങൾ, നിരീക്ഷണം, നിയമപരമായ ഭീഷണികൾ എന്നിവ സ്ത്രീകളുടെ രാഷ്ട്രീയ സാന്നിധ്യത്തെ പരിമിതപ്പെടുത്തുന്നു. അതേസമയം, തെരുവിലിറങ്ങുന്ന സ്ത്രീ പ്രതിഷേധങ്ങൾ സാമൂഹികമായി കൂടുതൽ അപകടസാധ്യതയുള്ളതുമാണ്. ഇതുവഴി സ്ത്രീ പ്രസ്ഥാനങ്ങളിൽ ഡിജിറ്റൽ രാഷ്ട്രീയം ഒരേസമയം ശക്തിയും പരിമിതിയും വഹിക്കുന്ന ഒരു വൈരുധ്യമായി നിലനിൽക്കുന്നു.

Read more

ഈ മൂന്ന് മേഖലകളിലും ഒരു പൊതുസത്യം വ്യക്തമാണ്. സോഷ്യൽ മീഡിയ Gen Zയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള വാതിൽ തുറക്കുന്നു; പക്ഷേ ആ വാതിലിനപ്പുറം എന്തുണ്ടാകുമെന്ന് തീരുമാനിക്കുന്നത് സംഘടനയും സ്ഥിരതയും രാഷ്ട്രീയ ദിശയുമാണ്. ഗ്ലോബൽ സൗത്തിൽ, ഡിജിറ്റൽ രാഷ്ട്രീയം ശരീരാധിഷ്ഠിത രാഷ്ട്രീയവുമായി ചേർന്നില്ലെങ്കിൽ, അത് അധികാരത്തിന് ഒരു അസ്വസ്ഥതയല്ല, മറിച്ച് നിയന്ത്രിക്കാവുന്ന ഒരു ശബ്ദമാത്രമായി മാറും.