ജനസംഖ്യാ നിയന്ത്രണത്തിലെ വര്‍ഗീയത

ചാക്യാര്‍ പെരിന്തല്‍മണ്ണ

“ജനസംഖ്യാ നിയന്ത്രണം – കുടുംബാസൂത്രണത്തിലൂടെ” ഒരു കുഞ്ഞ് കഥയാവാമല്ലേ?

നവ മാധ്യമങ്ങളിലും, മറ്റ് പൊതുവേദികളിലും ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്ന ഒന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ “ജനസംഖ്യാ നിയന്ത്രണത്തിന് നിയമം ഉണ്ടാക്കുന്നു” എന്ന വാര്‍ത്ത.

ചരിത്രം :

1927 മറാത്തിയില്‍ പ്രസിദ്ധീകരിച്ച “സമാജ് സ്വസ്ഥ” എന്ന മാസികയില്‍ രഘുനാഥ് ധോണ്‍ഡൊ കാര്‍വെ എന്ന ആള്‍ ജനസംഖ്യാ നിയന്ത്രണത്തിലൂടെ സമൂഹപുരോഗതിയെ കുറിച്ച് എഴുതിയ ലേഖനത്തിലൂടെയാണ് ഇന്ത്യയില്‍ ഈ ആശയത്തിന്റെ തുടക്കം. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു ആ ലേഖനത്തിന്റെ സന്ദേശം. എന്നാല്‍ മഹാത്മജിയുടെ അഭിപ്രായം ഇതിനെതിരായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ല്‍ ഇത് തികച്ചും വ്യക്തിപരമായ ആത്മനിയന്ത്രണത്തിലൂടെ നേടാനാവുന്നത് മാത്രമാണ് – എന്നായിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ വീക്ഷണത്തിന് എതിരായിരുന്നു പെരിയാറുടേത്. സ്ത്രീകള്‍ക്ക് സ്വന്തം ജീവിതത്തിന്‍മേല്‍ നിയന്ത്രണവും ക്ഷേമവും നല്‍കുന്നതാണ് ഗര്‍ഭധാരണ നിയന്ത്രണ സംവിധാനം എന്നതായിരുന്നു പെരിയാറിന്റെ കാഴ്ച്ചപ്പാട്. വര്‍ഷാവര്‍ഷം പ്രസവിക്കാനുള്ള ജീവിതം മാത്രമായി ആരോഗ്യം ക്ഷയിച്ച് സ്വയം നശിക്കുന്നതില്‍ നിന്നുള്ള മോചനം.

1952ല്‍ ഇന്ത്യാ ഗവണ്‍മെന്റ് “ദേശീയ കുടുംബാസൂത്രണ പദ്ധതി” ലോകത്താദ്യമായി ഇന്ത്യയില്‍ നടപ്പിലാക്കി. ഭക്ഷണ, ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിയിലൂടെ ഒരോ കുടുംബവും സ്വയംപര്യാപ്തമാകുന്നതിലൂടെ സമൂഹവും രാജ്യവും പുരോഗതിയിലേക്ക് നയിക്കപ്പെടും എന്നതായിരുന്നു അടിസ്ഥാന തത്ത്വം.

പല തുറകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഒരു കുടുംബത്തില്‍ 2 കുട്ടികള്‍ എന്ന രീതിയില്‍ ആണ് ഭരണകൂടം ഈ സന്ദേശം ജനങ്ങളിലേക്കെത്തിച്ചത്. രണ്ടില്‍ ഏറെ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുക, പിഴ ചുമത്തുന്ന രീതി എന്നിങ്ങനെ പല നിര്‍ദേശങ്ങള്‍ വന്നിരുന്നു. 1952 മുതല്‍ 1979 വരെ 28 വര്‍ഷത്തോളം ഈ പദ്ധതി സജീവമായിരുന്നു. നെഹ്‌റുവിന് ശേഷം അധികാരത്തില്‍ വന്ന ഇന്ദിര ഗാന്ധി “നിര്‍ബന്ധിത വന്ധ്യകരണം” നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത എതിര്‍പ്പുകളാല്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ “കുടുംബാസൂത്രണ പദ്ധതി”യിലെ കരിനിയമമായി അറിയപ്പെടുന്നു. അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ ശത്രുക്കള്‍, നിരക്ഷരര്‍, മറ്റ് പാവങ്ങളായ സാധാരണ ജനങ്ങള്‍ ഈ നിര്‍ബന്ധിത വന്ധ്യകരണത്തിന് വിധേയമാക്കപ്പെട്ടതായി വലിയ വിമര്‍ശനം ഇന്നും തീരാ കളങ്കമായി ഈ പദ്ധതിക്ക് ഉണ്ട്.

പഴയ കാല സമൂഹം എന്നത് ഒരോ കുടുംബത്തിലും പത്തില്‍ അധികം കുട്ടികള്‍ ഉണ്ടായിരുന്നു. പല അമ്മമാരും 13 – 14 പ്രസവിച്ചവരായിരുന്നു. പക്ഷെ അന്ന് മനുഷ്യസമൂഹം ആയിരുന്നു. മതത്തിനും, രാഷ്ട്രീയത്തിനും കുടുംബത്തില്‍ വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. മക്കള്‍ ഉണ്ടാവുന്നത് തിന്ന് മുടിക്കാന്‍ മാത്രമായി മാതാപിതാക്കളും സമൂഹവും കണ്ടിരുന്നില്ല. ഇന്നത്തെ സമൂഹ വ്യവസ്ഥിതി അല്ലാതിരുന്നതിനാല്‍ കുട്ടികളുടെ വളര്‍ച്ചക്ക് അനുസരിച്ച് മാതാപിതാക്കളോടൊപ്പം പറ്റാവുന്ന ജോലിയും സഹായങ്ങളും ചെയ്തായിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. വിദ്യാഭ്യാസം കുറവായിരുന്നതിനാല്‍ പല കുടുംബത്തിനും അനാവശ്യമായ ( ഇഷ്ട്ടപ്പെടാത്ത ) ഗര്‍ഭധാരണത്തെ ഒഴിവാക്കാന്‍, മാറ്റിവെയ്ക്കാന്‍ അറിയുമായിരുന്നില്ല. ആധുനിക ശാസ്ത്രീയ ചികിത്സാരീതികള്‍ ലഭ്യമല്ലാത്തതിനാല്‍ സ്ത്രീകള്‍ അകാലത്തില്‍ ഗര്‍ഭസംബന്ധമായി മരണമടയുന്നത് അന്ന് കൂടുതലായിരുന്നു. ഗര്‍ഭ നിയന്ത്രണ നിയമ സംവിധാനത്തോണ്ട് സമൂഹത്തിന് ഭയം, എതിര്‍പ്പ് ഉണ്ടാക്കാന്‍ ഇതൊരു ഘടകമായി.

ഏകദേശം 40 – 45 വര്‍ഷം മുമ്പ് വരെ മിക്ക വീടുകളിലും 5 -8 മക്കള്‍ ഉണ്ടായിരുന്നു. ആ സമയത്താണ് രാജ്യവ്യാപകമായി ഭരണകൂടം കുടുംബാസൂത്രണവുമായി ജനസംഖ്യാ നിയന്ത്രണവുമായി വന്നത്.

“നാം രണ്ട് നമുക്ക് രണ്ട്” എന്ന സര്‍ക്കാര്‍ മുദ്രാവാക്യം ശാസന പോലെ ജനം സ്വീകരിച്ചു. മിക്ക വീടുകളിലും 2-3 കുട്ടികളായി അംഗസംഖ്യ പിന്നീട് കുറഞ്ഞു. പില്‍ക്കാലത്ത് സ്ത്രികള്‍ക്ക് വിദ്യാഭ്യാസവും പൊതുസമൂഹവുമായി ഇടപഴകാനുള്ള അവസരവും വന്നതോടെ കുട്ടി 1 മതി എന്ന നിലയിലേക്ക് പലരും നിയന്ത്രണം വരുത്തി ഭരണകൂടം “നമ്മള്‍ ഒന്ന്, നമുക്കൊന്ന്” എന്ന രീതിയില്‍ സംഗതി പരിഷ്‌ക രച്ചു.

ചില മത വിശ്വാസങ്ങള്‍ – സന്താനങ്ങള്‍ ദൈവാനുഗ്രഹമായി വിശ്വസിക്കുന്നതിനാല്‍ ഭരണകൂടത്തിന്റെ ജനസംഖ്യാ നിയന്ത്രണവുമായി സഹകരിക്കുകയുണ്ടായില്ല. എങ്കിലും പഴയകാലത്ത് എല്ലാ വര്‍ഷവും പ്രസവം … 10-12 മക്കള്‍ എന്ന നിലയില്‍ നിന്ന് 4-5 കുട്ടികള്‍ എന്നതിലേക്ക് ഒതുങ്ങി.

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും ഒരുക്കുക എന്നത് ഈ സ്വയം നിയന്ത്രണത്തിന് വഴിവെച്ചിട്ടുണ്ട്.
ഈയിടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ വര്‍ഗീയ പ്രീണനത്തിന്റെ ഭാഗമായി രാജ്യത്തെ ഒരു വിഭാഗത്തിന് പ്രാമുഖ്യം ലഭിക്കുന്ന വിധത്തില്‍ മറ്റു വിഭാഗങ്ങളെ ഒതുക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി തോന്നിക്കുന്ന പല നിയമ നിര്‍മ്മാണവും, തിരുത്തലും നടത്തുന്നുണ്ട്. സിഎഎ എന്ന പേരില്‍ പൗരത്വത്തിനര്‍ഹത മുസ്‌ളിം ഒഴികെ മറ്റ് 6 വിഭാഗത്തിന് അനുമതി നല്‍കിയതും ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നതും ഒരു ജനാധിപത്യ രാജ്യത്തെ പൊതുസമൂഹത്തില്‍ ആശങ്കകള്‍ ഉണ്ടാക്കുന്നതാണ്.

ഇന്ത്യ 1947 ല്‍ സ്വതന്ത്രമാകുന്നതിന് മുമ്പ് 73% ത്തോളം ഹിന്ദുക്കളും 27% മറ്റ് ഇതര മതവിശ്വാസികളായ ജനങ്ങളുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ത്യ – പാക് വിഭജന ശേഷം ഇത് 85% ഹിന്ദുക്കളും 15% മറ്റ് മതസ്ഥരും എന്ന നിലയിലേക്ക് മാറി. 1951 ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം ഇന്ത്യയില്‍ 84.1% ഹിന്ദു, 9.8% മുസ്ലിം, 2.3% ക്രിസ്ത്യന്‍, 1.89% സിഖ്, 0.74% ബുദ്ധ, 0.46% ജൈനര്‍, 0.43% ഇതര വിശ്വാസികളും മതം ഇല്ലാത്തവരുമായിരുന്നു.

2011 ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 79.8% ഹിന്ദു, 14.2% മുസ്ലിം, 2.3% ക്രിസ്ത്യന്‍, 1.72% സിഖ്, 0.7% ബുദ്ധ, 0.37% ജൈനര്‍, 0.91% മറ്റുള്ളവര്‍ എന്ന സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 9.8% ല്‍ നിന്ന് 14.2% ആയി മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചതും, 84.1% ല്‍ നിന്ന് 79.8% ആയി ഹിന്ദു ജനസംഖ്യ കുറഞ്ഞതും തീവ്ര വര്‍ഗീയ വിഷം ചുമക്കുന്നവര്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന രീതിയില്‍ പ്രചരിപ്പിക്കുണ്ട്. ഈ സൂചനകളാണ് നിര്‍ബന്ധിത മതംമാറ്റം, ജനസംഖ്യ നിയന്ത്രണം എന്നിങ്ങനെ വികലമായ രീതിയില്‍ ചിത്രീകരിക്കപ്പെടുന്നത്.

മാറി വന്ന സമൂഹ വ്യവസ്ഥിതിയില്‍ വിദ്യാഭ്യാസം, വിവിധ തൊഴില്‍ മേഖല, ജീവിത സാഹചര്യങ്ങള്‍, ഭക്ഷണ ശീലങ്ങള്‍, ആരോഗ്യം എന്നിങ്ങനെ പല പല കാരണങ്ങളാലാണ് ജനസംഖ്യയിലെ ഈ പ്രകടമായ മാറ്റം. അല്ലാതെ ഒരു വിഭാഗത്തെ മാത്രം വര്‍ദ്ധന തടയാനൊ, ഒരു വിഭാഗത്തിനെ പെരുകാനൊ പൊതുഭരണ കൂടങ്ങളൊ സമൂഹമോ ഒരു നടപടികളും ചെയ്തിട്ടില്ല.
വളരെ തെറ്റിദ്ധാരണാജനകമായ ജനസംഖ്യാ നിയന്ത്രണ പരാമര്‍ശങ്ങളെ അവിവേകികളായ രാഷ്ട്രീയ , മത നേതാക്കളേയും വര്‍ഗീയ ചിന്താകേന്ദ്രങ്ങളേയും കര്‍ശനമായി നിയന്ത്രിക്കേണ്ടത് രാജ്യത്തെ സമാധാന ജീവനത്തിന് അത്യാവശ്യമാണ്.