ഓമനക്കുട്ടന്മാരുടെ ജീവിതം, ദുരിതാശ്വാസ ക്യാമ്പുകളിലും കോളനികളിലും 

കെ. സുനില്‍ കുമാര്‍

ചേര്‍ത്തലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ 70 രൂപ പണപ്പിരിവ് നടത്തിയെന്ന ചാനല്‍ വാര്‍ത്തയെ തുടര്‍ന്ന് സിപിഎമ്മിന്റെ ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും  തിരിച്ചെടുത്തതും കേസെടുത്ത ശേഷം റവന്യു സെക്രട്ടറി മാപ്പ് പറഞ്ഞതുമെല്ലാം ഏറെ വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചു കഴിഞ്ഞു. ചാനല്‍ വാര്‍ത്ത അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മന്ത്രി ജിട സുധാകരന്റെ ഇടപെടലും കര്‍ക്കശമായ ഉത്തരവുമാണ് അതിവേഗ നടപടികളിലേക്ക് നയിച്ചത്. നഗ്നമായ തട്ടിപ്പ് നടന്ന പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ പോലും ഉണ്ടാകാത്ത ഉടന്‍ നടപടിയാണ് ഓമനക്കുട്ടന്റെ കാര്യത്തിലുണ്ടായത്. എന്നാല്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ നടപടിയെടുക്കാനുള്ള ആദ്യ കാരണം സഖാവ് ഓമനക്കുട്ടന്റെ ജാതിയും കോളനി ജീവിതവുമാണ് എന്ന വിമര്‍ശനങ്ങള്‍ പൊതുമണ്ഡലത്തില്‍ മാത്രമല്ല, സിപിഎമ്മിന്റെ അണികള്‍ക്കിടയിലും ഇപ്പോള്‍ സജീവമാണ്. പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ഉള്‍പ്പെടെ പല സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ട് എന്ന് പറയേണ്ടിവരും. സാമൂഹിക മാധ്യമങ്ങളിലെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഓമനക്കുട്ടന്‍ ഇപ്പോഴും സസ്‌പെന്‍ഷനില്‍ തുടരുമായിരുന്നു. അദ്ദേഹത്തിനെതിരായ കേസും നിലനില്‍ക്കുമായിരുന്നു. ഇത്ര വേഗത്തില്‍ നടപടിയെടുത്തതിനെ പാര്‍ട്ടിയുടെ നിലപാടിന്റെ കരുത്തായി ഓമനക്കുട്ടന്‍ തന്നെ പറയുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം അതല്ല. ക്യാമ്പിലെത്തിയ ജി സുധാകരന്‍ ഓമനക്കുട്ടന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഏകപക്ഷീയമായി വിധി പ്രസ്താവിച്ചത് ജാതി മാടമ്പിത്തരമാണെന്ന വിമര്‍ശനം ആലപ്പുഴയിലെ പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന് പകരം സവര്‍ണ സമുദായത്തില്‍ നിന്നുള്ള ഒരാളായിരുന്നുവെങ്കില്‍ ഇത്ര വേഗത്തില്‍ നടപടി സാധ്യമാകുമായിരുന്നില്ല. വാര്‍ത്ത കൊടുത്ത ചാനലും മറ്റ് മാധ്യമങ്ങളും ഒരു മൊബൈല്‍ വിഷ്വല്‍ വെച്ച് ഇത്ര ലാഘവത്തോടെ വാര്‍ത്ത നല്‍കുമായിരുന്നില്ല. കേരളം പോലെ പുരോഗമിച്ച ഒരു സ്ഥലത്ത് ജാതി ഉണ്ടോ എന്ന് അത്ഭുതപ്പെടുന്നവര്‍ക്ക് ലഭിച്ച മറുപടി തന്നെയാണ് ഓമനക്കുട്ടനെതിരായ ചാനല്‍ വാര്‍ത്തയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം. തിരുവല്ലയിലെ ഒരു കോളനിയിലെ അന്തേവാസികള്‍ കഴിയുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകള്‍ക്ക് അടിവസ്ത്രം എത്തിക്കണമെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനായ രഘു ഇരവിപേരൂരിനെതിരെ കേസെടുത്തതും രാത്രി തന്നെ അറസ്റ്റ് ചെയ്തതും കൂട്ടിവായിക്കാം.
അതേസമയം സെന്‍സേഷനലിസത്തിനും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും അപ്പുറം താനുള്‍പ്പെടെയുള്ള കോളനിവാസികള്‍ കഴിയുന്ന ദുരിതാവശ്വാസ ക്യാമ്പിലെ സാഹചര്യങ്ങളെ കുറിച്ച് ഓമനക്കുട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. കഴിഞ്ഞ 30 വര്‍ഷമായി കോളനിക്കാര്‍ എല്ലാ മഴക്കാലത്തും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്നതിനെ കുറിച്ചും അധികൃതര്‍ പുലര്‍ത്തുന്ന അവഗണനകളെ കുറിച്ചും എല്ലാ വര്‍ഷവും പിരിവ് നടത്തിയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതില്‍ ശ്രദ്ധിക്കപ്പെടാതെ പോയ കാര്യം. ദുരിതാശ്വാസ ക്യാമ്പുകളിലെ ചെലവുകള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ഫണ്ടുണ്ട് എന്നത് പോലും രാഷ്ട്രീയ പ്രവര്‍ത്തകനായ ഓമനക്കുട്ടന് പോലും അറിയില്ലായിരുന്നു. അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതല്ലാതെ ക്യാമ്പില്‍ അവശ്യം വേണ്ട വൈദ്യുതിയും വെള്ളവും ഭക്ഷ്യവസ്തുക്കളും പോലും എത്തിക്കുന്നതില്‍ റവന്യു അധികൃതര്‍ പരാജയപ്പെട്ടു. ക്യാമ്പില്‍ കഴിയുന്നവരില്‍ നിന്ന് പിരിവെടുത്താണ് എല്ലാ വര്‍ഷവും കാര്യങ്ങള്‍ നടത്തിയിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ആ ക്യാമ്പിലെ മാത്രം പ്രശ്‌നമല്ല. കഴിഞ്ഞ പ്രളയകാലത്ത് കേരളം മുഴുവന്‍ ശ്രദ്ധ ചെലുത്തിയിട്ടും ദളിതരും ആദിവാസികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അവഗണിക്കപ്പെട്ടു എന്ന് തിരുവനന്തപുരത്തെ റൈറ്റ്‌സ്, നാഷണല്‍ ദളിത് വാച്ച്, നാഷണല്‍ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് എന്നീ സംഘടനകള്‍ പുറത്തിറക്കിയ പഠനം വെളിപ്പെടുത്തിയിരുന്നു. (THE EXTENT OF INCLUSION OF DALIT AND ADIVASI COMMUNITIES IN THE POST DISASTER RESPONSE IN KERALA 2018)
കേരളത്തിലെ ആദിവാസികളും ദളിതരും ദരിദ്രരായ ചേരി നിവാസികളും അനുഭവിക്കുന്ന പുറമ്പോക്ക് ജീവിതത്തിന്റെ പരിഹാരമില്ലാത്ത ദുരവസ്ഥകളിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. ദുരന്തങ്ങളില്‍ പോലും കേരളീയ സമൂഹവും ഭരണകൂടവും പുലര്‍ത്തുന്ന സാമൂഹിക വിവേചനത്തിന്റെയും അവഗണനയുടേയും തെളിവുകളാണതെല്ലാം.
കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിലും ഈ വര്‍ഷത്തെ ഉരുള്‍പ്പൊട്ടലിലും മഴയിലും കടുത്ത ദുരിതം അനുഭവിക്കേണ്ടി വന്നത് കോളനികളിലും ചേരികളിലും പുറമ്പോക്കുകളിലും തീരദേശത്തും കഴിയുന്നവര്‍ തന്നെയാണ്. മാത്രമല്ല, പുതിയ വികസന പദ്ധതികളും ക്വാറികളും ഭൂമി നികത്തലും നിര്‍മ്മാണങ്ങളുമെല്ലാം അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിതത്തിലേക്കാണ് തള്ളി വിടുന്നത്. വലിയ പ്രളയം ഇല്ലെങ്കിലും മഴയില്‍ ചെറുതായി വെള്ളം പൊങ്ങിയാല്‍ പോലും വീടുകളില്‍ വെള്ളം കയറുന്ന നിലയിലാണ് കേരളത്തിലെ വലിയൊരു ശതമാനം കോളനികളും. റോഡുകളുടെയും തോടുകളുടെയും പുറമ്പോക്കുകളില്‍ കഴിയുന്നവരും ചേരികളില്‍ കഴിയുന്നവരുമെല്ലാം ഇതേ ജീവിത സാഹചര്യമാണ് നേരിടുന്നത്. ഓഖിയോ സുനാമിയോ പോലുള്ള ഭീകരമായ പ്രകൃതി ദുരന്തങ്ങളില്‍ മാത്രമല്ല, ചെറിയ കടല്‍ കയറ്റങ്ങളില്‍ പോലും വെള്ളത്തിലാകുന്നതാണ് വലിയ ശതമാനം മത്സ്യത്തൊഴിലാളികളുടെ വീടുകളും. എല്ലാ വര്‍ഷവും അഭയാര്‍ത്ഥി ക്യാമ്പികളിലേക്കെന്ന പോലെ പോകേണ്ടി വരുന്ന ആളുകളെ കുറിച്ച് നമ്മുടെ വികസന ചര്‍ച്ചകളില്‍ എവിടെയും കടന്നു വരുന്നില്ല. ഇതെങ്ങനെ പരിഹരിക്കാമെന്ന് ഒരു സംവാദവും നടക്കുന്നില്ല.
ഈ വര്‍ഷമുണ്ടായ ദുരന്തവും വലിയ തോതില്‍ ബാധിച്ചത് തോട്ടം തൊഴിലാളികളും ആദിവാസികളും ചെറുകിട കര്‍ഷകരും താമസിക്കുന്ന മലയോര മേഖലയായ കവളപ്പാറയിലും പുത്തുമലയിലുമാണ്. അനധികൃത ക്വാറികളും റബര്‍ കൃഷിയും റിസോര്‍ട്ടുകളും സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതകളെ കുറിച്ച് മുന്നറിയിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അത് ഗൗരവമായി പരിഗണിക്കപ്പെടാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂടാനിടയാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ തുടക്കത്തില്‍ വീഴ്ച്ചയുണ്ടായതായി നാട്ടുകാരും പഞ്ചായത്ത് അധികൃതരും ആരോപിച്ചിരുന്നു. എങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനകത്തും പുറത്തും നിന്ന് വലിയ പിന്തുണയും സഹായവുമാണ് പിന്നീട് ലഭിച്ചത്.
അതേസമയം തന്നെ ഇത്തവണയും വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസി മേഖലകളില്‍ തുടക്കത്തില്‍ കാര്യമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സഹായങ്ങളുമുണ്ടായില്ല എന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും എത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് ആദിവാസി കോളനികളിലേക്ക് സാധനങ്ങളും സഹായങ്ങളും എത്തിക്കുന്നതിന് മുന്‍കൈയടുത്തത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ദുരന്തമുഖങ്ങളില്‍ പോലും അവഗണനയും വിവേചനവും നിലനില്‍ക്കുന്നു എന്നാണ്. ഏറെ ആഘോഷിക്കപ്പെടുന്ന കേരള മോഡല്‍ വികസനത്തിന്റെയും ജാതിരഹിത കേരളത്തിന്റെയും പൊള്ളത്തരങ്ങള്‍ കൂടി വ്യക്തമാക്കുന്നതാണ് ഈ പൊള്ളിക്കുന്ന വസ്തുതകള്‍. ഓമനക്കുട്ടന്റെ വാക്കുകളും നടപടിയുമെല്ലാം ഇത്തരം ഗൗരവതരമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചയായി മാറേണ്ടതുണ്ട്.