ആരോടാണ് നിങ്ങള്‍ പൗരത്വം തെളിയിക്കുവാന്‍ ആവശ്യപ്പെടുന്നത്?

ഞാന്‍ നിതിന്‍ രാജാമണി. 2007- 2010 കാലയളവില്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ സോഷ്യോളജി വിദ്യാര്‍ത്ഥി ആയിരുന്നു. നിലവില്‍ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ത്ഥി. മതം പറഞ്ഞു കൊണ്ടു തന്നെ തുടങ്ങട്ടെ. മതമാണല്ലോ ഇന്ന് എല്ലാത്തിന്റെയും അടിസ്ഥാനമാകുന്നത്. ഞാന്‍ ജന്മം കൊണ്ട് ഒരു ഹൈന്ദവനാണ്. എന്നാല്‍ ഒരു തരത്തിലും അതില്‍ അഭിമാനിക്കുകയോ അതിന്റെ ചിട്ടവട്ടങ്ങള്‍ കര്‍ശനമായി പാലിക്കുകയോ ചെയ്യുന്നില്ല. മാത്രവുമല്ല മറ്റെല്ലാ മത വിഭാഗങ്ങളുടെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇതില്‍ അസാധാരണമായി ഒന്നും തന്നെയില്ല. കോടിക്കണക്കിനു വ്യക്തികള്‍ ഇതേ ചിന്താഗതി ഉള്ളവര്‍ തന്നെ ആണെന്നും വിശ്വസിക്കുന്നു. ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ഉന്നം വെച്ചു നടക്കുന്ന സമകാലിക കലാപരിപാടികളെ കുറിച്ചു പറയുന്നതുകൊണ്ടു മാത്രമാണ് മതം എടുത്തു പറഞ്ഞത്.

പുതുതായി നിലവില്‍ വന്ന നിയമപ്രകാരം നമ്മള്‍ എല്ലാവരും ഇനി പൗരത്വം തെളിയിക്കുവാന്‍ വരി നില്‍ക്കേണ്ടവരാണല്ലോ. എന്നാല്‍ ചില സഹോദരങ്ങള്‍ ഒഴികെ മറ്റെല്ലാവരും “സേഫ്” ആണ്. പട്ടികയില്‍ ഇടം പിടിച്ചില്ലെങ്കിലും നിയമത്തിന്റെ, ഉദ്യോഗസ്ഥരുടെ ഔദാര്യത്തില്‍ അകത്തു കടക്കാം. ദാനമായി കിട്ടുന്ന പൗരത്വത്തില്‍ അഭിരമിക്കാം. (പൗരത്വം അവകാശമാണ് എന്നതൊക്കെ ഒരു ക്ലാസ്സിക്കല്‍ വാദം ആയി മാറിയല്ലോ). പ്രസ്തുത കലാ പരിപാടികള്‍ ആരംഭിക്കും മുന്‍പ് ചിലതു പറയട്ടെ. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ അതു നീതി കേടാകും. നാളെ പറയാം എന്നു കരുതിയാല്‍ ചിലപ്പോള്‍ പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് എടുക്കേണ്ടി വരും. തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ്. ബന്ധങ്ങള്‍ എന്നും വ്യക്തിപരം ആണല്ലോ. മതവും ജാതിയും നിറവും പ്രദേശവും ഒന്നും അതിര്‍വരമ്പുകള്‍ ആകാത്ത സ്‌നേഹബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നത്.

നിങ്ങള്‍ ആരോടാണ് പൗരത്വം തെളിയിക്കുവാന്‍ ആവശ്യപ്പെടുന്നത്… ഫാറൂഖ് കോളേജില്‍ വന്ന ദിവസം മുതല്‍, സ്‌നേഹവും കരുതലും മാത്രം നല്‍കിയ ബഷീര്‍ സാറിനോടോ? മതം നോക്കാതെ അറിവ് പകര്‍ന്ന ഹാഫിസ് സാറിനോടും ആബിദ് സാറിനോടുമോ? ഇന്ത്യ ചരിത്രം മുസ്ലിം ചരിത്രമാക്കാതെ വസ്തുതാപരമായി വിശദീകരിച്ച ഹംസ സാറിനോടോ? ജാതിയും മതവും നോക്കാതെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ലൂടെ കരുതലിന്റെ കരങ്ങള്‍ ആയ, അതില്‍ ഭാഗഭാക്കാക്കിയ മുജീബ് സാറിനോടോ? കോളേജ് ഗേറ്റില്‍ എന്നും ഒരു പുഞ്ചിരിയോടെ, മതം ചോദിക്കാതെ അകത്തു കയറ്റിവിട്ട കുഞ്ഞിക്കയോടോ?

പട്ടിണി ആയിരുന്ന കാലത്ത് 3 വര്‍ഷം എന്നും ഉച്ചക്ക് എന്നെ ഊട്ടിയിരുന്ന ഖദീജയോടും, ബസീമയോടുമോ? കൊണ്ടുവരാറുള്ള രണ്ടു പത്തിരിയില്‍ ഒരെണ്ണം എനിക്ക് പങ്കു വെക്കാറുള്ള നാസിഫിനോടോ? സ്‌നേഹം നിറച്ചു “നിതിനു കൊടുക്ക്” എന്നു പറഞ്ഞു പാത്രം നിറയെ ചോറു കൊടുത്തു വിട്ടിരുന്നു നസീബയുടെ ഉമ്മയോടോ?

നോമ്പു കാലത്തു എനിക്ക് വേണ്ടി മാത്രം ഉന്നക്കായും, ചട്ടിപ്പത്തിരിയും, സമൂസയും കൊണ്ടു വന്ന് “നിധീ” എന്ന് സ്‌നേഹത്തോടെ വിളിച്ച് ഓടി വന്നിരുന്ന മാഷിതയോടൊ? കഴിച്ചു കഴിഞ്ഞു പോകാന്‍ നേരം അഞ്ചു രൂപ കുറവുണ്ട് എന്നു പറയുമ്പോള്‍ “അതു വേണ്ടെടാ” എന്നു ചുമലില്‍ തട്ടി പറഞ്ഞയച്ചിരുന്ന സ്വീറ്റ് ഹോം ലെ ബഷീറിക്കയോടോ?

പാഠഭാഗങ്ങള്‍ വായിച്ചു കൊടുക്കാന്‍ പറഞ്ഞു എന്നെ കൂടെ പഠിപ്പിച്ച കാഴ്ച വൈകല്യം ഉള്ള അലിമോനോടും നിസാമിനോട്‌മോ? ഒന്നിച്ചു ഒരേ ബെഞ്ചില്‍ ഇരുന്നു മതവും സംസ്‌കാരവും പഠിച്ച, അതിന്റെ പേരില്‍ വേര്‍ തിരിവ് കാണിക്കാതിരുന്ന മുസ്തഫയോടും സുഹൈല്‍നോടുമോ?

“ഡാനി” എന്നു സ്‌നേഹത്തോടെ വിളിക്കാറുള്ള ഷാകിരിനോടോ? ഒരു അടിയന്തര സഹായത്തിനു വിളിച്ചപ്പോള്‍ എന്തെന്നും ഏതെന്നും ചോദിക്കാതെ ഓടി വന്ന ഷമീറിനോടോ? സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചു ഒരു അനിയനെ പോലെ കൊണ്ടു നടന്ന സല്മാനിക്കയോടോ? മുബീനയോടും, ബുഷൈറയോടും, റൈസയോടുമോ?

ഒരു ചേട്ടനെ പോലെ എന്നെ സ്‌നേഹിച്ച ഇപ്പോഴും സ്‌നേഹിക്കുന്ന ഇല്യാസിനോടും, ഫൈസല്‍നോടും, സജീദിനോടും, സഹീറിനോടുമോ, പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അവസരം തന്ന, മതം പറഞ്ഞു മാറ്റി നിര്‍ത്താതെ ഇരുന്ന റഹീം സാറിനോടും, ബിന്യാമിനോടുമോ?

എണ്ണിയാലൊടുങ്ങാത്ത പേരുകള്‍, അനുഭവങ്ങള്‍. എല്ലാം പറയുവാന്‍ ആകതില്ലല്ലോ എന്ന വിഷമം മാത്രം. ഒന്നിച്ചു, തോളില്‍ കയ്യിട്ടു നടന്ന, കരുതലോടെ ഊട്ടിയ, നേര്‍വഴിക്കു നടത്തിയ ഒരുപാട് പേര്‍. വികലമായ ചില ആശയങ്ങളുടെ പേരില്‍ അവരൊക്കെ മനസ്സു വേദനിക്കുമ്പോള്‍ എന്റെ ഉള്ളും നീറുന്നു.

സ്‌നേഹവും കരുതലും കാരുണ്യവും മാത്രം നിറഞ്ഞ ഇവരോടൊക്കെയാണ് നിങ്ങള്‍ പൗരത്വം തെളിയിക്കുവാന്‍ ആവശ്യപ്പെടുന്നത്. തടങ്കല്‍ പാളയങ്ങളിലേക്കു പോകുവാന്‍ ആക്രോശിക്കുന്നത്. അതിര്‍ത്തി വിടുവാന്‍ ആജ്ഞാപിക്കുന്നത്. ഞരമ്പിലെ അവസാന തുള്ളി ചോര പോലും വാര്‍ന്നു പോകും വരെ അവര്‍ക്കായി ഞാന്‍ ശബ്ദിക്കും. അവരിലൊരാളാകും.

ഫാറൂഖ് കോളേജ് ഒരു “മിനി പാക്കിസ്ഥാന്‍” ആണെന്ന് പറയുന്നവരോട്, ആ “പാക്കിസ്ഥാനില്‍” നിന്നുമാണ് ഞാനെന്റെ ജീവിതം കരുപ്പിടിപ്പിച്ചത്. അവിടെ നിന്നുമാണ് ഞാന്‍ നന്മയും സ്‌നേഹവും സൗഹാര്‍ദ്ദവും പഠിച്ചത്. നിങ്ങള്‍ വിഭാവനം ചെയ്യുന്ന രാമ രാജ്യത്തേക്കാള്‍ മഹത്തരമാണവിടം. അവിടെ ഞാന്‍ കണ്ട, ഞാന്‍ അനുഭവിച്ച, അതാണ് യഥാര്‍ത്ഥ ഭാരതം എന്ന് അര്‍ത്ഥശങ്കയില്ലാതെ, ഇടര്‍ച്ചയില്ലാതെ ഞാന്‍ പറയട്ടെ.

നാലു കടലാസില്‍ എഴുതി തിട്ടൂരമാക്കിയാല്‍ മായ്ച്ചു കളയാവുന്നതല്ല ഈ ഓര്‍മ്മകള്‍, ഈ തിരിച്ചറിവുകള്‍. ജീവന്റെ അവസാന അണു വരെ ഭാരതീയനായിരിക്കും, പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന ഓരോ സഹോദരനോടൊപ്പവും നിലകൊള്ളും. മാതാന്ധത ബാധിച്ച പേക്കോലങ്ങള്‍ എരിഞ്ഞടങ്ങും വരെ നമുക്ക് പൊരുതാം. നാളെയുടെ പ്രഭാതം നമുക്കുള്ളതാണ്.

നിതിന്‍ രാജാമണി