കേരളത്തിലും ഇന്ത്യയിലും വ്യാപകമായി ഉപയോഗിക്കുന്ന മാരക കളനാശിനി പാരക്വാറ്റ്
പാർക്കിൻസൺസ് രോഗം ഉൾപ്പെടെ നാഡീവ്യവസ്ഥയുടെ ശിഥിലീകരണത്തിന് കാരണമായി എന്ന പരാതിയുമായി അമേരിക്കൻ കോടതികളിൽ ആയിരക്കണക്കണക്കിന് കേസുകൾ. പാരക്വാറ്റ് നിർമ്മാതാക്കളായ ബഹുരാഷ്ട്ര കമ്പനി സിൻജെന്തയ്ക്കും വിതരണക്കാർക്കുമെതിരെയാണ് കേസുകൾ.2025 ഡിസംബർ വരെ പാർക്കിൻസൺസ് ബാധിച്ച വ്യക്തികളോ അവരുടെ ജീവിത പങ്കാളികളോ ചേർന്ന് പതിനായിരക്കണക്കിന് കേസുകളാണ് വിവിധ അമേരിക്കൻ കോടതികളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.സതേൺ ഡിസ്ടിക്റ്റ് ഓഫ് ഇല്ലിനോയിസിൽ മാത്രം 8227 പാരക്വാറ്റ് കേസുകൾ നിലവിലുണ്ട്.പാരക്വാറ്റ് കളനാശിനി പാർക്കിൻസൺസ് രോഗത്തിനും നാഡീവ്യൂഹത്തിൻ്റെ തകർച്ചക്കും കാരണമാകുമെന്നാണ് ഇരകളുടെ വാദം. ഇക്കാര്യം കമ്പനി അധികൃതർക്ക് അറിയാമായിരുന്നുവെന്നും അത് പൊതുസമൂഹത്തിൽ നിന്നും മറച്ചുവെച്ചു എന്നും ഇരകൾ തെളിവ് സഹിതം കോടതികളിൽ വാദിക്കുന്നു.
ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന മാരക കളനാശിനി റൗണ്ടപ്പ് അർബ്ബുദത്തിന് കാരണമായി എന്ന് വാദിച്ച 10000-ലേറെ കേസുകൾ അമേരിക്കയിൽ ഇതിനകം ഒത്തു തീർപ്പാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഏറ്റവും പഴക്കമുള്ള കളനാശിനികളിൽ ഒന്നായ പാരക്വാറ്റിനെതിരെയും കോടതി വ്യവഹാരങ്ങൾ ഉയർന്നിരിക്കുന്നത്.2021-ൽ 1870 ലക്ഷം കോടി ഡോളർ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സിൻജെന്ത വഴങ്ങി. 2025 ഏപ്രിലിലും വൻതുക നഷ്ടപരിഹാരം നൽകാനുള്ള ഒത്തു തീർപ്പിൽ സിൻജെന്ത എത്തി.തുക എത്രയാണെന്ന് പുറത്ത് വിട്ടിട്ടില്ല. ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടക്ക് ഡോളറാണ് ഇരകൾക്ക് നൽകുന്ന ശരാശരി നഷ്ടപരിഹാരം. കർഷകർ, കർഷക തൊഴിലാളികൾ, ലാൻഡ്സ്കേപ് വിദഗ്ദർ ,കളനാശിനി തളിച്ച പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കിയവർ തുടങ്ങിയവരാണ് ഇരകൾ. കമ്പനികൾ ഈ കീടനാശിനികൾ സുരക്ഷിതമാണെന്ന് വാദിച്ചു. എന്നാൽ മനുഷ്യരിലും മൃഗങ്ങളിലും നടത്തിയ നിരവധി പഠനങ്ങളിൽ ഈ കളനാശിനിയുമായുള്ള സമ്പർക്കം പാർക്കിൻസൺസ് രോഗത്തിന് കാരണമാകുമെന്ന് കണ്ടെത്തിയത് കണക്കിലെടുത്താണ് കോടതികൾ നഷ്ട പരിഹാരം അനുവദിച്ചത്.
കേരളത്തിൻ്റെ തോട്ടം മേഖല ഈ കളനാശിനി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഭീതിയിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന തേയില, ഏലം തോട്ട മേഖലകളാണ് കൂടുതൽ ഭീഷണി നേരിടുന്നത്. മറുമരുന്നില്ലാത്ത മാരക വിഷമാണ് പാരക്വാറ്റ്. നേരിയ അളവിൽ ഉള്ളിൽ ചെന്നാൽ പോലും മരണം സുനിശ്ചിതം.ഒരു ഗ്ലാസ് വേണമെന്നില്ല, ഒരു സ്പൂൺ ഉള്ളിൽ ചെന്നാലും മരിക്കും. മരണം വേദനാജനകമായിരിക്കും. കഷ്ടിച്ച് രക്ഷപ്പെടുന്ന കേസുകളിൽ വളരെക്കാലം കഴിയുമ്പോൾ പോലും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാകും.കോട്ടയം മെഡിക്കൽ കോളേജിൽ ഈ വർഷം ആദ്യത്തെ ആറ് മാസങ്ങളിൽ പാരക്വാറ്റ് വിഷബാധയേറ്റ് 23 പേർ മരിച്ചു. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച 26 പേരിൽ മൂന്ന് പേർ മാത്രമാണ് കഷ്ടിച്ച് രക്ഷപെട്ടത്.പാരക്വാറ്റ് അറിയാതെ ഉള്ളിൽ ചെന്നവരും കളനാശിനി തളിച്ചവരും ആത്മഹത്യക്ക് ഉപയോഗിച്ചവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വർഷങളായി കേരളത്തിലെ റബ്ബർ, തേയില, കാപ്പി, ഏലം തോട്ട മേഖലകൾ ഈ കളനാശിനിയുടെ അനിയന്ത്രിത ഉപയോഗത്തിൻ്റെ ഭീഷണിയിലാണ്.
ഈ കളനാശിനി ഉള്ളിൽ ചെന്നാൽ ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ കളനാശിനിയാണെന്ന് പെട്ടെന്ന് തിരിച്ചറിയാറില്ല.വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലാകും.അവസാനം ശ്വാസകോശത്തെ ബാധിക്കും.42 ദിവസം വരെ ജീവിച്ചിരുന്നേക്കാമെങ്കിലും മരണം ദുസ്സഹമായിരിക്കും. കൂടിയ അളവിൽ ഉള്ളിൽ ചെന്നാൽ മരണം പെട്ടെന്നായിരിക്കും.
2011 -ൽ സംസ്ഥാന സർക്കാർ കേരളത്തിൽ പാരക്വാറ്റിൻ്റെ ഉപയോഗം നിരോധിച്ചു. നിരോധനം നിലനിന്നപ്പോഴും അയൽ സംസ്ഥാനങ്ങളിൽ ഇത് സുലഭമായി ലഭിക്കുമായിരുന്നു. നിരോധനത്തിനെതിരെ എഫ്എംസി ഇന്ത്യ, യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് തുടങ്ങിയ കീടനാശിനി നിർമ്മാണ കമ്പനികളും കീടനാശിനി നിർമ്മാണ അസോസിയേഷനുകളും തോട്ടം ഉടമകളും വൻകിട ഏലം കർഷകരും ഹൈക്കോടതിയെ സമീപിച്ചു.1968-ലെ ഇന്ത്യൻ കീടനാശിനി നിയമം അനുസരിച്ച്, ഒരു സംസ്ഥാന സർക്കാരിന് ഒരു കീടനാശിനി പ്രമാവധി 60 ദിവസത്തേക്ക് മാത്രമേ നിരോധിക്കാൻ സാധിക്കൂ. ഇത് പിന്നീട് 30 ദിവസത്തേക്ക് കൂടി നീട്ടാം.. ഇതിൻ്റെ അടിസ്ഥാനത്തിൽ 2022-ൽ കേരളത്തിലെ പാരക്വാറ്റ് നിരോധനം കേരളാ ഹൈക്കോടതി നീക്കി.2023-ഒക്ടോബറിൽ ഒഡീഷ സർക്കാർ ഈ കളനാശിനി 60 ദിവസത്തേക്ക് നിരോധിച്ചു. യൂറോപ്യൻ യൂണിയൻ, ചൈന, ബ്രസീൽ ഉൾപ്പെടെയുള്ള 70-ൽ ഏറെ രാജ്യങ്ങൾ നിരോധിച്ച പാരക്വാറ്റ് രാജ്യവ്യാപകമായി നിരോധിക്കണമെന്ന് നിരവധി സംസ്ഥാനങ്ങൾ തുടർച്ചയായി സമ്മർദ്ദം ചെലുത്തിയിട്ടും കേന്ദ്രം വഴങ്ങിയിട്ടില്ല.
മറ്റ് രാജ്യങ്ങളിൽ നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്ത 66 കീടനാശിനികളുടെ ഇന്ത്യയിലെ തുടർന്നുള്ള ഉപയോഗം വിലയിരുത്താൻ 2013-ൽ കേന്ദ്ര കൃഷി വകുപ്പ് ഡോ അനുപം വർമ്മ കമ്മറ്റിയെ നിയോഗിച്ചിരുന്നു. കമ്മറ്റി 20l5 ൽ നൽകിയ റിപ്പോർട്ടിൽ പാരക്വാറ്റ് ഉൾപ്പെടെയുള്ള 27 കീടനാശിനികൾ ഇന്ത്യയിൽ നിരോധിക്കണോ എന്ന് വിശദമായ പഠനങ്ങൾക്കു ശേഷം 2018- ൽ തീരുമാനിക്കണമെന്ന് ശുപാർശ ചെയ്തു. 2018-ൽ ഇത് പരിശോധിക്കാൻ നിയോഗിച്ച എസ് മൽഹോത്ര കമ്മറ്റി പാര ക്വാറ്റ് ഉൾപ്പെടെയുള്ള 27 കീടനാശിനികളും നിരോധിക്കണമെന്ന് ശുപാർശ ചെയ്തു. കീടനാശിനി കമ്പനികളുടെ സമ്മർദ്ദമുയർന്നപ്പോൾ കേന്ദ്രം നിരോധന നീക്കത്തിൽ നിന്ന് പിൻവാങ്ങി.തുടർന്ന് 2021-ൽ ടി പി രാജേന്ദ്രൻ കമ്മറ്റിയെ നിയമിച്ചു.2023 ൽ അന്തിമ ഉത്തരവ് ഇറങ്ങിയപ്പോൾ നിരോധനം കേവലം മൂന്ന് .കീടനാശിനികൾക്ക് മാത്രമായി ചുരുങ്ങി. പാരക്വാറ്റ് ഉൾപ്പെട്ടില്ല. അടുത്തയിടെ പാരക്വാറ്റ് നിരോധിക്കണമെന്ന ആവശ്യം തെലുങ്കാനയിൽ നിന്നുള്ള ഒരു എം പി പാർലമെൻ്റിൽ ഉന്നയിച്ചപ്പോൾ വീണ്ടുമൊരു സബ് കമ്മറ്റി പരിശോധിക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി നൽകി.
ഇന്ത്യയിൽ കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പാരക്വാറ്റ് ഉള്ളിൽ ചെന്നാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. ആറ് വർഷത്തെ കണക്കുകൾ പഠന വിധേയമാക്കിയ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഈ കളനാശിനി അടിയന്തിരമായി നിയന്ത്രിക്കണമെന്ന് തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. പാരക്വാറ്റ് വിഷബാധയേറ്റ 80.9 ശതമാനം ആളുകളും ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഘട്ടത്തിൽ തന്നെ മൃതിയടയുന്നതായി ഈ ഡോക്ടർമാരുടെ പഠനത്തിൽ കണ്ടെത്തി.പാരക്വാറ്റ് നിരോധിച്ച ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിൽ കുറഞ്ഞ കാലം കൊണ്ട് കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആത്മഹത്യ ചെയ്യാൻ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന കീടനാശിനിയാണ് പാരക്വാറ്റ്.
ഈ കീടനാശിനി അടിയന്തിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻ നിരയിൽ ഡോക്ടർമാരുടെ സംഘടനകളുമുണ്ട്. പാരക്വാറ്റ് ഉള്ളിൽ ചെന്നാൽ മരണനിരക്ക് ഏകദേശം 90 മുതൽ 95 ശതമാനം വരെയാണെന്നും അതിജീവന നിരക്ക് തീരെ കുറവാണെന്നും ഡോക്ടേഴ്സ് എഗൻസ്റ്റ് പാരക്വാറ്റ് പോയിസൺ (ഡിഎപി പി ) എന്ന സംഘടനയുടെ പ്രസിഡൻ്റ് ഡോ സതീഷ് നാരായണ പറയുന്നു.
ലോകാരോഗ്യ സംഘടന ‘മിതമായി അപകടകാരിയായ ‘ വിഷവസ്തുവിൻ്റെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നതെങ്കിലും അത്യന്തം മാരകമാണ് ഈ കളനാശിനി.ഇത് തേയില, കാപ്പി, റബ്ബർ എന്നീ തോട്ടവിളകളും ആപ്പിൾ, നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നീ ഭക്ഷ്യവിളകളും ഉൾപ്പെടെ 10 വിളകളിൽ മാത്രം ഉപയോഗിക്കാനാണ് കേന്ദ്രത്തിൻ്റെ അനുമതി. ജലാശയങ്ങളിലെ കളകൾ നീക്കാനും ഇത് തളിക്കാം. 10
വിളകളിൽ മാത്രം ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വറ്റ് 23 വിളകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് മൂന്ന് വർഷം മുമ്പ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് (ഇന്ത്യ) പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ പറയുന്നു. ശുപാർശ ചെയ്യപ്പെടാത്ത വിളകളിലും വ്യാപകമായി ഉപയോഗിക്കുന്നു. പാരക്വാറ്റ് ഡൈ ക്ലോറൈഡ് 24% എസ് എൽ എന്ന ഫോർമുലേഷനാണ് ഇന്ത്യയിൽ അനുവാദം. ഇതിൻ്റെ 24 ബ്രാൻഡുകൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നു.ചെറുകിട കർഷകരെ ലക്ഷ്യമിട്ട് ചില സംസ്ഥാനങ്ങളിൽ പാരക്വാറ്റ് 100 മില്ലിയുടെയും 200 മില്ലിയുടെയും പാക്കറ്റുകളിൽ വിറ്റഴിക്കുന്നത് കൂടുതൽ അപകടം സൃഷ്ടിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതിനാൽ പാരക്വാറ്റ് ആത്മഹത്യക്കും കൊലപാതകത്തിനുമെല്ലാം വ്യാപകമായി ദുരുപയോഗിക്കുന്നു. കഴിഞ്ഞ ജൂലൈയിൽ കോതമംഗലത്ത് ഒരു യുവതി കാമുകനെ കൊന്നത് പാരക്വാറ്റ് നൽകിയാണ്.
ഒരിക്കൽ ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.അതിലൂടെ അത് വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിൽ എത്തും. ശ്വാസകോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശം വരുത്തുക. പിന്നീട് ചികിത്സിച്ചു ഭേദമാക്കാനും സാധിക്കില്ല. ജലാശയങ്ങളിൽ കള നശീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ജലസ്രോതസ്സുകളെ മലിനമാക്കും. ജലജീവികളുടെ വൈവിധ്യത്തിനും ഹാനികരമാണ്. കടലിലെ മത്സ്യങ്ങളെക്കാൾ ശുദ്ധജല മത്സ്യങ്ങൾക്കാ’ണ് പാരക്വാറ്റ് കൂടുതൽ അപകടകരം.ഈ ഉള്ളിൽ ചെല്ലുന്ന മനുഷ്യർക്കും ജീവികൾക്കും മാത്രമല്ല, പരിസ്ഥിതിക്കും അപകടകരമാണ്. കളകൾ നശിച്ചതിനു ശേഷവും പാരാക്വാറ്റ് മണ്ണിൽ തന്നെ ദീർഘകാലം തുടരും. പാരക്വാറ്റിന്റെ “അർദ്ധായുസ്സ്”, അഥവാ ഒരു നിശ്ചിത അളവിൽ കീടനാശിനി വിഘടിച്ച് പകുതിയായി കുറയാൻ എടുക്കുന്ന സമയം ആറ് വർഷമാണ്.
Read more
പാരക്വാറ്റ് ഒരു നോൺ-സെലക്ടീവ് കോൺടാക്റ്റ് കളനാശിനിയാണ്. വേരുകളെ ബാധിക്കാതെ സമ്പർക്കത്തിൽ വരുന്ന എല്ലാ സസ്യങ്ങളുടെയും പച്ച ഭാഗങ്ങൾ നശിപ്പിക്കുന്നു. 63 വർഷമായി പാരക്വാറ്റ് വിപണിയിലുണ്ട്. 1961-ൽ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസ് (ഐസിഐ) എന്ന കമ്പനി ആദ്യമായി ബ്രിട്ടനിൽ പാരക്വാറ്റ് വ്യാവസായികമായി ഉത്പാദിപ്പിച്ചു തുടങ്ങി.1962-ൽ ഇത് ഗ്രാമക്സോൺ എന്ന വാണിജ്യ ബ്രാൻഡിൽ ലഭ്യമായി. 1993-ൽ ഐസിഐയുടെ പുനഃസംഘടനയ്ക്ക് ശേഷം, പുതുതായി രൂപീകരിച്ച സെനെക്ക കമ്പനി പാരക്വാറ്റ് നിർമ്മാണത്തിൻ്റെ അവകാശിയായി. 2000-ൽ, സെനെക്കയെ സ്വിസ് കമ്പനിയായ നൊവാർട്ടിസ് അഗ്രോകെമിക്കൽസ് എന്ന കമ്പനിക്ക് വിറ്റു, സ്വിറ്റ്സർലൻഡിൽ ആസ്ഥാനമുള്ള സിൻജെന്ത എജി എന്ന് പേര് മാറ്റി. 2016-ൽ, ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ കെംചൈന സിൻജെന്ത വാങ്ങി. സിൻജെന്ത മാത്രമല്ല പാരക്വാറ്റിൻ്റെ ഏക നിർമ്മാതാവ്.ആഗോള വ്യാപകമായി 377 കമ്പനികൾ ഈ കളനാശിനിയുടെ ‘ജെനറിക് ‘ ഫോർ മുലേഷനുകൾ ഉല്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ 1968ലെ കീടനാശിനി നീയമം നിലവിൽ വരുന്നതിന് മുമ്പ് തന്നെ ഈ കളനാശിനിയുടെ വില്പന തുടങ്ങിയിരുന്നു.
പൊതു ജനാരോഗ്യത്തിനും പരിസ്ഥിതിക്കും വെല്ലുവിളി ഉയർത്തിക്കൊണ്ട്, മറ്റ് രാജ്യങ്ങളിൽ നിരോധിച്ചതോ ഉപയോഗം നിയന്ത്രിച്ചതോ ആയ 80-ൽ ഏറെ കീടനാശിനികൾ ഇന്ത്യയിൽ ഒരു നിയന്ത്രണങ്ങളുമില്ലാതെ വിറ്റഴിക്കുന്നുണ്ട്. ഇത്തരം മാരക വിഷവസ്തുക്കളിൽ ഒന്നാണ് പാരക്വാറ്റ്.സുരക്ഷിത ഭക്ഷണത്തിനും പൊതുജനാരോഗ്യത്തിനും ഭീഷണിയായ മാരക കീടനാശിനികൾ നിരോധിക്കുന്നതിൽ കേന്ദ്രം വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല. കീടനാശിനികൾ ഉപയോഗിച്ചുള്ള ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ ചുരുക്കം ചില ഗവേഷണങ്ങൾ പാരക്വാറ്റ് കളനാശിനിയിൽ നടന്നിട്ടുള്ളത്. പാരക്വാറ്റ് കളനാശിനിയുമായുള്ള നിരന്തര സമ്പർക്കം മനുഷ്യരുടെ നാഡീവ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ ഇന്ത്യയിൽ ഗവേഷണ വിഷയമാക്കിയിട്ടില്ല.അമേരിക്കയിലേതു പോലെ ജനങ്ങൾ വ്യവഹാരങ്ങളുമായി കോടതിയെ സമീപിക്കാത്തത് കൊണ്ടു മാത്രമാണ് ഇന്ത്യയിൽ കുത്തഴിഞ്ഞ കീടനാശിനി നിയന്ത്രണ സംവിധാനങ്ങളുടെ മറവിൽ ഈ മാരക കളനാശിനി വൻ തോതിൽ വിറ്റഴിച്ചു പോകുന്നത്..







