'ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും'; ഇത് ആര്‍ക്കും ഗുണത്തിന് അല്ലെന്ന് പി.ടി ഉഷ

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്ന് അവര്‍ വിമര്‍ശിച്ചു. തെരുവില്‍ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും പി.ടി ഉഷ വ്യക്തമാക്കി.

താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കും. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു- പി.ടി ഉഷ പറഞ്ഞു.

എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.

അതേസമയം, ഗുസ്തി അസോസിയേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുമായി താല്‍ക്കാലിക സമിതിയെ ഐ.ഒ.എ. നിയോഗിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനാകുന്ന സമിതിയില്‍ മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, വുഷു അസോസിയേഷന്‍ അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ബജ്വ എന്നിവര്‍ അംഗങ്ങളാകും.