സാഗറിനെ വലിയ വടികൊണ്ട് തല്ലിച്ചതച്ച് സുശീല്‍ കുമാര്‍; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഗുസ്തി താരം സുശീല്‍ കുമാര്‍ കൊല്ലപ്പെട്ട സാഗറിനെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വലിയ വടിയും കൈയിലേന്തി സുശീല്‍ നില്‍ക്കുന്നതിന്റെയും സുഹൃത്തുക്കളുമായി ചേര്‍ന്ന് സാഗറിനെ ക്രൂരമായി തല്ലി ചതയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സാഗര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന സുശീലിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റ് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. മര്‍ദനത്തില്‍ ക്രൂരമായി പരിക്കേറ്റ സാഗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ ഒളിവിലായിരുന്ന സുശീലിനെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. സാഗറിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും എല്ലായിടത്തും പ്രചരിപ്പിക്കാനും സുശീല്‍ കുമാര്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. തന്നെക്കുറിച്ച് ആള്‍ക്കാരില്‍ ഭയം ജനിപ്പിക്കാനും തനിക്കെതിരെ ഇനിയാരും ശബ്ദമുയര്‍ത്താതിരിക്കാനുമായിരുന്നു സുശീലിന്റെ ഈ നീക്കം.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ ജേതാവാണ് സുശീല്‍. 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലവും 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയിട്ടുണ്ട്.