പഞ്ചാബി പഠിച്ചോ എന്ന് മോദി, ശ്രീജേഷിന്റെ മറുപടി കേട്ട് ചിരിച്ച് പ്രധാനമന്ത്രി

ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ താരങ്ങള്‍ക്ക് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയില്‍ വിരുന്നും സ്വീകരണവും ഒരുക്കിയിരുന്നു. ഈ വേളയില്‍ ഇന്ത്യന്‍ ഹോക്കി ടീം അംഗവും മലയാളിയുമായ പി.ആര്‍ ശ്രീജേഷുമായി പ്രധാനമന്ത്രി കുശലാന്വേഷണം നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ എന്താണ് തങ്ങള്‍ സംസാരിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീജേഷ്.

‘അദ്ദേഹവുമായുള്ള സംസാരം വളരെ രസകരമായിരുന്നു. പ്രധാനമന്ത്രിയെന്ന സ്ഥാനത്തിരിക്കാതെ സാധാരണ ഒരു മനുഷ്യനെന്ന പോലെയാണ് അദ്ദേഹം ഞങ്ങളോടെല്ലാം സംസാരിച്ചത്. ഹോക്കി ടീം പരിശീലകനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യയിലെ എല്ലാവരും ഒരുപോലെ ഉറ്റുനോക്കിയിരുന്നു മെഡലായിരുന്നു ഹോക്കിയിലേത്. ഹോക്കി ജയിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം വാക്കുകളൊക്കെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഖേല്‍രത്നയ്ക്ക് ധ്യാന്‍ ചന്ദിന്റെ പേര് നല്‍കിയ കാര്യങ്ങളെല്ലാം അദ്ദേഹം സംസാരിച്ചു.’

P R Sreejesh: Tokyo Olympics 2020: It's a rebirth, that's it, PR Sreejesh on bronze medal win | Tokyo Olympics News - Times of India

‘തമാശയോടെ അദ്ദേഹം എന്നോട് ചോദിച്ചു, ശ്രീജേഷ് പഞ്ചാബി പഠിച്ചോയെന്ന്. ഞാന്‍ പറഞ്ഞു, പഞ്ചാബിയെല്ലാം പഠിച്ചു. ഇനി ഇവന്മാരെ എല്ലാം എനിക്ക് മലയാളം പഠിപ്പിക്കണം. അതുകേട്ടപ്പോള്‍ അദ്ദേഹം രസകരമായി ചിരിക്കുയാണുണ്ടായത്. എങ്ങനെയാണ് ആ ഗോള്‍ പോസ്റ്റിന് മുകളില്‍ കയറിപ്പറ്റിയതെന്ന് ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു. ”21 വര്‍ഷമായിട്ട് ഞാന്‍ ഗോള്‍ പോസ്റ്റിന്റെ മുന്നിലായിരുന്നു. മെഡല്‍ നേടിയ ആവേശത്തില്‍ എനിക്ക് തോന്നിയത് ഗോള്‍ പോസ്റ്റിന് മുകില്‍ കയറി ആഘോഷിക്കാനാണ്. അങ്ങനെ പോസ്റ്റില്‍ ചവിട്ടി വലിഞ്ഞുകയറുകയായിരുന്നു.” എന്നായിരുന്നു ഞാനദ്ദേഹത്തോടെ പറഞ്ഞ മറുപടി.’ ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ ശ്രീജേഷ് പറഞ്ഞു.