ധോണിപ്പേടിയില്‍ ജോണ്‍ എബ്രഹാം; റേസിന് ഇറങ്ങിയാല്‍ എന്താകുമെന്ന് താരം

 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ വാഹനക്കമ്പം വിഖ്യാതം. കാറുകളുടെയും ബൈക്കുകളുടെയും വലിയ നിര ധോണിയുടെ കൈവശമുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ധോണിയെ പോലെ തന്നെ വാഹനപ്രിയനാണ്. ധോണിയോട് ബൈക്ക് റേസില്‍ മത്സരിച്ചാല്‍ എന്താകുമെന്ന് ജോണ്‍ എബ്രഹാം പറയുന്നു.

ധോണി വളരെ നല്ലൊരു റൈഡറാണ്. അദ്ദേഹം ഒരു കായിക താരമാണ്. ഞാന്‍ ഒരു നടനും. ധോണി ധൈര്യശാലിയുമാണ്. നമ്മള്‍ രണ്ടും ബൈക്ക് റേസ് ചെയ്താല്‍ ധോണി ജയിക്കും- ജോണ്‍ എബ്രഹാം പറഞ്ഞു.വാഹനപ്രേമിയായ ജോണ്‍ എബ്രഹാമിനെ മോട്ടോജിപിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തിരുന്നു. കുട്ടികള്‍ക്കായുള്ള മോട്ടോര്‍സൈക്കിള്‍ അക്കാദമി തുടങ്ങാനും ജോണ്‍ ആലോചിക്കുന്നുണ്ട്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കുടുംബത്തിനൊപ്പം ചെലവിടുന്ന ധോണി ബൈക്കുകളോടുള്ള ഇഷ്ടം മറച്ചുവെയ്ക്കാറില്ല. റാഞ്ചിയിലെ ഫാം ഹൗസിലും വീടിനു സമീപത്തെ റോഡിലും ബൈക്കില്‍ സഞ്ചരിക്കുന്ന ധോണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ആരാധകരില്‍ നിന്ന് വന്‍ പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കാറുള്ളത്.