ഗോള്‍ഡന്‍ ഗ്ലോബ് റേസ്: ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിത, അഭിലാഷ് ടോമി ലക്ഷ്യസ്ഥാനത്തിന് അരികെ

ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ വനിത കിഴ്സ്റ്റന്‍ നോയിഷെയ്ഫര്‍ ഒന്നാമതായി ഫിനിഷ് ചെയ്തു. ഇന്ത്യന്‍ സമയം ഇന്നലെ അര്‍ധരാത്രിയോടെയാണ് മുപ്പത്തൊമ്പതുകാരി കിഴ്സ്റ്റന്റെ വഞ്ചിയായ മിനേഹാഹ തീരമണഞ്ഞത്. ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യുന്ന ആദ്യ വനിതയാണ് കിഴ്സ്റ്റന്‍.

മലയാളി നാവികന്‍ അഭിലാഷ് ടോമി നാളെ രാവിലെ ഫിനിഷ് ചെയ്യുമെന്നാണ് സംഘാടകര്‍ നല്‍കുന്ന സൂചന. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രിയന്‍ നാവികന്‍ മൈക്കല്‍ ഗുഗന്‍ബര്‍ഗര്‍ ഫിനിഷിംഗ് ലൈനില്‍നിന്ന് 1790 നോട്ടിക്കല്‍ മൈല്‍ പിന്നിലാണ്.

വഞ്ചി അനുവദനീയമായ സഞ്ചാരപാതയില്‍നിന്നു മാറി സഞ്ചരിക്കുകയോ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡീസല്‍ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോയെന്നു സംഘാടകര്‍ പരിശോധിക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിന് ആരംഭിച്ച മത്സരം ഇന്നലെ 235 ദിവസം പിന്നിട്ടു.

യുഎഇ കമ്പനി ബയാനത് ആണ് അഭിലാഷ് ടോമിയുടെ സ്‌പോണ്‍സര്‍മാര്‍. 16 നാവികരാണ് മത്സരം തുടങ്ങിയത്. മൂന്ന് പേര്‍ മാത്രമാണ് അവസാനം വരെ എത്തിയത്. മറ്റുള്ളവര്‍ വിവിധ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്ന് പുറത്തായി.