'നാവികരുടെ എവറസ്റ്റ്' വലംവെച്ച് അഭിലാഷ് ടോമി; പരമാവധി വേഗത്തില്‍ വഞ്ചിയോടിക്കാന്‍ ശ്രമമെന്ന് സാറ്റ്‌ലൈറ്റ് സന്ദേശം; സാഹസിക സഞ്ചാരം തുടരുന്നു

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മലയാളി നാവികന്‍ അഭിലാഷ് ടോമി രണ്ടാംസ്ഥാനത്ത് മുന്നേറുന്നു. ‘നാവികരുടെ എവറസ്റ്റ്’ എന്നറിയപ്പെടുന്ന ചിലെയിലെ കേപ് ഹോണ്‍ മുനമ്പ് വലംവച്ച് അഭിലാഷിന്റെ സാഹസിക സഞ്ചാരം വിജയകരമായി തുടരുകയാണ്. ശനിയാഴ്ച ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെയാണ് പസിഫിക്അറ്റ്‌ലാന്റിക് സമുദ്രങ്ങളുടെ സംഗമവേദിയായ കേപ് ഹോണ്‍ വലംവച്ചത്.

മത്സരത്തില്‍ ഒന്നാംസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ വനിത ക്രിസ്റ്റന്‍ ന്യൂഷഫറാണ് ആദ്യം കേപ്‌ഹോണ്‍ മുനമ്പ് ആദ്യം ചുറ്റിക്കടന്നത്. ഇതോടെ കേപ്‌ഹോണ്‍ ചുറ്റുന്ന ആദ്യവനിതയായി ഇവര്‍ മാറി. ഈ 15നു രാത്രി ഇവര്‍ ഈ മുനമ്പ് മറികടന്നിരുന്നു.

യാത്രയുടെ 168-ാം ദിവസമായിരുന്നു തിങ്കളാഴ്ച. യാത്ര തുടങ്ങിയപ്പോള്‍ 16 പേരുണ്ടായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് നാലുപേരാണ്. മൂന്നാംസ്ഥാനത്ത് മൈക്കള്‍ ഗുഗന്‍ബര്‍ഗര്‍, നാലാംസ്ഥാനത്ത് ഇയാന്‍ ഹെര്‍ബര്‍ട്ട് ജോണ്‍സ് എന്നിവരാണുള്ളത്.

ആകെ 28,000 നോട്ടിക്കല്‍ മൈല്‍ പിന്നിടാനുള്ള യാത്രയില്‍ അഭിലാഷിന് ലക്ഷ്യസ്ഥാനത്തെത്താന്‍ 6890 നോട്ടിക്കല്‍ മൈല്‍കൂടി സഞ്ചരിക്കണം. യാത്ര പുറപ്പെട്ട ഫ്രാന്‍സിലെ ലസ്സാബ്ള്‍ സോലേണ്‍ തുറമുഖത്താണ് എത്തേണ്ടത്. ഒന്നാംസ്ഥാനത്തുള്ള ക്രിസ്റ്റന്‍ 416 നോട്ടിക്കല്‍ മൈല്‍ മുന്നിലാണ് സഞ്ചരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കി യെന്നും ഇനി പരമാവധി വേഗത്തില്‍ വഞ്ചിയോടിക്കാനാണ് ശ്രമിക്കുകയെന്നും അഭിലാഷ് ടോമി സാറ്റലൈറ്റ് ഫോണ്‍ സന്ദേശത്തില്‍ അറിയിച്ചു.