കോമണ്‍വെല്‍ത്ത് ഗെയിംസ്: ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ്ണവും വെള്ളിയും മലയാളികള്‍ക്ക്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി താരങ്ങള്‍ക്ക് ചരിത്ര നേട്ടം. ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ സ്വര്‍ണ്ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. എല്‍ദോസ് പോള്‍ 17.o3 മീറ്റര്‍ ചാടിയപ്പോള്‍, 17.02 മീറ്റര്‍ ചാടിയാണ് അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടിയെടുത്തത്. പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനത്തെത്തി. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. ന്യൂസിലന്‍ഡിനെ വീഴ്ത്തിയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് 1-1ന് സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ജയമൊരുക്കിയത്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ 2-1നാണ് ഇന്ത്യന്‍ ജയം.

അതേസമയം പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ മെഡലുറപ്പിച്ച് ഫൈനലില്‍ കടന്നത്. തിങ്കളാഴ്ചയാണ് കലാശപ്പോര്.