മരിച്ചിട്ട് ആറ് ദിവസം, വോണിന്റെ മൃതദേഹം ഓസ്ട്രേലിയയില്‍ എത്തിച്ചു

ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മൃതദേഹം ഓസ്ട്രേലിയയിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് വോണിന്റെ മൃതദേഹം ബാങ്കോക്കില്‍ നിന്ന് മെല്‍ബണിലെത്തിച്ചത്. താരം മരിച്ച് ആറുദിവസം പിന്നിടുമ്പോഴാണ് മൃതദേഹം നാട്ടിലെത്തുന്നത്.

വോണിന്റെ സംസ്‌കാരച്ചടങ്ങ് എന്നുനടത്തുമെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. എന്നിരുന്നാലും സംസ്‌കാരചടങ്ങ് സ്വകാര്യമായി നടത്താനാണ് തീരുമാനമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. മെല്‍ബണില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.

തായ്ലന്‍ഡിലെ വില്ലയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വോണ്‍ മരണപ്പെട്ടത്. വോണിന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് നിലവിലുള്ളത്. ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ ചിട്ടകള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരഭാരം കുറയ്ക്കാന്‍ അടുത്തിടെ ലിക്വിഡ് ഡയറ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ താരം പരീക്ഷിച്ചിരുന്നു. ഇത്തരം കഠിനമായ ഡയറ്റുകള്‍ വോണിന്റെ ആരോഗ്യസ്ഥിതി സങ്കീര്‍ണമാക്കിയെന്നാണ് വിവരം.