ഒടുവില്‍ പിടിയില്‍, ഒളിമ്പിക് ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍

ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റിലായി. കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനെയും ഒപ്പം പിടികൂടി. പഞ്ചാബിലെ ജലന്ധറില്‍ നിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഒളിവില്‍ കഴിഞ്ഞിരുന്ന സുശീലിനെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ നേരത്തെ സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയിരുന്നു.

മെയ് നാലാം തീയതിയാണ് സാഗര്‍ കൊല്ലപ്പെട്ടത്. ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗര്‍ കൊല്ലപ്പെട്ടത്.