മലയാളി താരം പി.ആര്‍.ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ടീമില്‍

മലയാളി താരം പി.ആര്‍.ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ടീമില്‍. എട്ടു മാസത്തിനു ശേഷമാണ് ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തുന്നത്. ഈ മാസം 17ന് ആരംഭിക്കുന്ന നാല് രാഷ്ട്ര ടൂര്‍ണമെന്‌റിലാണ് ശ്രീജേഷിനെയും ഉള്‍പ്പെടുത്തിയത്. പരിക്ക് കാരണം വിശ്രമത്തിലായിരുന്നു ശ്രീജേഷ്. കാലിനായിരുന്നു താരത്തിനു പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന അസ്ലന്‍ ഷാ കപ്പിനിടെയായിരുന്നു താരത്തിനു പരിക്കേറ്റത്.

ടീമിലേക്ക് തെരെഞ്ഞടുക്കപ്പെട്ടവരില്‍ ഏറിയ പങ്കും യുവാക്കളാണ്. ടീമില്‍ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ സര്‍ദ്ദാര്‍ സിംഗിനും സ്‌ട്രൈക്കര്‍ എസ്.വി.സുനിലിനും സ്ഥാനം നഷ്ടമായി. ടീം തെരെഞ്ഞടുപ്പ് വരാന്‍ പോകുന്ന കോമണ്‍വെല്‍ത്ത്, ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് എന്നിവ ലക്ഷ്യമാക്കിയാണ് നടത്തിയത് എന്നു ഹോക്കി ഇന്ത്യ വ്യക്തമാക്കി.

മന്‍പ്രീത് സിംഗാണ് ടീമിനെ നയിക്കുക. സ്‌ട്രൈക്കര്‍ ദില്‍പ്രീത് സിംഗ്, മിഡ്ഫീല്‍ഡര്‍ വിവേക് സാഗര്‍ പ്രസാദ് എന്നീ പുതുമുഖങ്ങളും ടീമില്‍ ഇടം നേടി. ന്യൂസിലന്‍ഡ്, ബെല്‍ജിയം, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്.