ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച് കോംഗോ. ഗ്രൂപ്പ് കെയിലെ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തീർത്തും നിറംമങ്ങി.
ആത്മവിശ്വാസത്തോടെയാണ് പോർച്ചുഗൽ മത്സരം തുടങ്ങിയത്. കിക്കോഫിനു പിന്നാലെ തന്നെ കോംഗോ ഗോൾമുഖത്തേക്ക് അവർ ആക്രമിച്ചു കയറി. ഇതോടെ ആറാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ഇടതുവിങ്ങിൽ നിന്ന് പെഡ്രോ നെറ്റോ നൽകിയ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ജാവോ നെവെസ് വലയിലാക്കുകയായിരുന്നു.
10 മിനിറ്റിനു ശേഷം കോംഗോ മത്സരത്തിൽ താളംകണ്ടെത്തി മികച്ച മുന്നേറ്റങ്ങൾ നടത്തി. അതോടെ പോർച്ചുഗീസിന്റെ മൂർച്ച കുറഞ്ഞു. കോംഗോ കടുത്ത പ്രതിരോധമുയർത്തിയതോടെ പോർച്ചുഗൽ പന്ത് കൈവശംവെച്ച് കളിക്കാനാരംഭിച്ചു. എന്നാൽ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കോംഗോയുടെ ചരിത്ര ഗോൾ പിറന്നു. ഒരു കോർണറിനൊടുവിൽ ആർതുർ മസ്വാക്കു നൽകിയ ക്രോസ് പോർച്ചുഗീസ് ഡിഫൻഡർമാർക്കിടയിലൂടെ ഉയർന്നുചാടി കിടിലനൊരു ഹെഡറിലൂടെ യൊവാൻ വിസ്സ വലയിലാക്കുകയായിരുന്നു (1-1). ലോകകപ്പിൽ കോംഗോയുടെ ആദ്യ ഗോളായിരുന്നു ഇത്.
Read more
മത്സരത്തിൽ റൊണാൾഡോയ്ക്ക് തിളങ്ങാൻ സാധിച്ചില്ല. 68-ാം മിനിറ്റിൽ കോൺസെയ്‌സാവോ ഒരുക്കി നൽകിയ അവസരം റൊണാൾഡോ പുറത്തേക്കടിച്ചുകളഞ്ഞു. പിന്നാലെ 73-ാം മിനിറ്റിലും റൊണാൾഡോ അവസരം നഷ്ടപ്പെടുത്തി.







