റൊണാൾഡോക്കും പിള്ളേർക്കും മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് ടീമാടാ ലോകത്ത് ഉള്ളത്, ചെക്ക് റിപ്പബ്ലിക്കിനെ തകർത്തെറിഞ്ഞ് തകർപ്പൻ തുടക്കം; പകരക്കാരന് നന്ദി പറഞ്ഞ് ആരാധകർ

ഇന്നലെ യുവേഫ യൂറോയിൽ നടന്ന തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഒരൽപ്പം കഷ്ടപ്പെട്ടെങ്കിലും പോർച്ചുഗൽ ജയിച്ചുകയറിയിരിക്കുകയാണ് . ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ അവർ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു റൊണാൾഡോയുടെയും സംഘത്തിന്റെയും മിന്നും തിരിച്ചുവരവും ജയവും. പോർച്ചുഗൽ സൂപ്പർ താരം റൊണാൾഡോ ഗോളുകൾ ഒന്നും നേടിയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താൻ സാധിച്ചു.

പോർച്ചുഗലിന്റെ ആധിപത്യം തന്നെ ആയിരുന്നു ആദ്യ പകുതിയിൽ കണ്ടത്. എന്നാൽ സൃഷ്ടിച്ചടിച്ച അവസരങ്ങൾ ഒന്നും ഗോളുകളാക്കാൻ അവർക്ക് സാധിച്ചില്ല. ഗോൾരഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 62ആം മിനുട്ടിൽ ചെക്ക് റിപ്പബ്ലിക് ലീഡ് എടുക്കുകയായിരുന്നു. ലുകാസ് പ്രോവോഡിലൂടെയാണ് അവർ ലീഡ് എടുത്തത്. ബോക്സിന്റെ തൊട്ടുപുറത്ത് നിന്ന് താരമെടുത്ത ഷോട്ട് ഗോളായി മാറുക ആയിരുന്നു. ജയം ഉറപ്പിച്ച ചെക്ക് ടീമിന് പണി കിട്ടിയത് 69ആം മിനിറ്റിൽ റോബിൻ സെൽഫ് ഗോൾ വഴങ്ങിയതോടെയാണ്. ഇതോടെ മത്സരം സമനിലയിലായി.

പിന്നീട് തുടർച്ചയായി പോർച്ചുഗൽ ആക്രമിച്ചെങ്കിലും ഗോളുകൾ ഒന്നും വന്നില്ല. 87ആം മിനുട്ടിൽ ഡീഗോ ജോട്ട ഒരു ഗോൾ നേടിയെങ്കിലും VAR മുഖാന്തരം റഫറി അത് നിഷേധിക്കുകയായിരുന്നു. റൊണാൾഡോ ഓഫ് സൈഡ് ആയതാണ് ഗോൾ നിഷേധിക്കാൻ കാരണമായത്. പിന്നീട് 92ആം മിനുട്ടിലാണ് പകരക്കാരനായി വന്ന കോൺഷീസാവോ പോർച്ചുഗലിന്റെ വിജയഗോൾ നേടുന്നത്. ഇതോടെ പോർച്ചുഗൽ അർഹിച്ച ജയവുമായി മടങ്ങി.

അടുത്ത മത്സരത്തിൽ തുർക്കി ആണ് പോർച്ചുഗലിന്റെ എതിരാളികൾ.