'ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്'; അന്താരാഷ്ട്ര ഫുട്‍ബോളിൽ ചരിത്ര നേട്ടം സ്വന്തമാക്കി ലയണൽ മെസി

കാൽപ്പന്തുകളിയുടെ മാന്ത്രികൻ, ഗോളുകളുടെ മിശിഹാ ഇനി അസിസ്റ്റുകളുടെ അധിപൻ. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ പോർട്ടോ റിക്കോയ്ക്കെതിരെ രണ്ട് അസിസ്റ്റുകൾ കൂടി നേടിയതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമായി ലയണൽ മെസി.

അന്താരാഷ്ട്ര തലത്തിൽ 195 മത്സരങ്ങളിൽ നിന്ന് 60 അസിസ്റ്റുകളാണ് ലയണൽ മെസി ഇതുവരെ നേടിയത്, 115 ഗോളുകളോടെ ഗോൾ നേട്ടത്തിൽ ലയണൽ മെസ്സിയാണ് രണ്ടാമത് എന്നാൽ 143 ഗോളുകളോടെ പോർച്ചുഗൽ ഇതിഹാസം റൊണാൾഡോ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ബ്രസീൽ സൂപ്പർ താരം നെയ്മർ 128 മത്സരങ്ങളിൽ നിന്നായി 59 അസിസ്റ്റുകളാണ് നേടിയത്, ഈ റെക്കോർഡാണ് ലയണൽ മെസി തകർത്തത്. അതേ സമയം പോർട്ടോ റിക്കോയ്ക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ വമ്പൻ ജയമാണ് അർജന്റീന നേടിയത്. ലയണൽ മെസി രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞ മത്സരത്തിൽ ലൗത്താരോ മാര്‍ട്ടിനെസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. ഗോണ്‍സാലോ മോണ്ടിയെല്‍ ഒരു ഗോൾ നേടിയപ്പോൾ ഒരു ഗോൾ പോർട്ടോ റിക്കോയുടെ സെൽഫ് ഗോൾ ആയിരുന്നു.

Read more