സൂപ്പര്‍ താരത്തിന് പരിക്ക്; പി.എസ്.ജിക്ക് നടുക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന് തയാറെടുക്കുന്ന ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയെ നടുക്കി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക്. തുടയ്ക്ക് പരിക്കേറ്റ നെയ്മര്‍ ആര്‍ബി ലെയ്പ്‌സിഗിനെതിരായ മത്സരത്തില്‍ കളിക്കില്ല. നാളെ രാത്രി 12.30നാണ് പിഎസ്ജി- ലെയ്പ്‌സിഗ് മത്സരം.

ബ്രസീലിനുവേണ്ടി കളിച്ചശേഷം ക്ലബ്ബില്‍ തിരിച്ചെത്തിയപ്പോഴാണ് നെയ്മര്‍ക്ക് തുടയില്‍ പേശിവലിവ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളില്‍ താരം കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കും വിധേയനാകുമെന്ന് ക്ലബ്ബ് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വെയ്‌ക്കെതിരായ മത്സരത്തില്‍ ബ്രസീലിനുവേണ്ടി നെയ്മര്‍ കളിച്ചിരുന്നു. 90 മിനിറ്റും കളത്തിലുണ്ടായിരുന്ന നെയ്മര്‍ ഒരു ഗോള്‍ സ്‌കോര്‍ ചെയ്തു. കൊളംബിയുമായുള്ള ബ്രസീലിന്റെ മത്സരത്തിലും നെയ്മര്‍ പന്തു തട്ടി. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച എയ്‌ഞ്ചേഴ്‌സിനെതിരായ ലീഗ് വണ്‍ മത്സരത്തിനുള്ള പിഎസ്ജി നിരയില്‍ നെയ്മറെ ഉള്‍പ്പെടുത്തിയിരുന്നില്ല.