സമകാലീന ലോകത്തിലെ മികച്ച ഫുട്ബോള്‍ താരം ആരെന്നുള്ളതിന് രണ്ട് ഉത്തരങ്ങളാണ് ഇന്ന് നിലവില്‍ മുഖ്യമായും ഉള്ളത്. റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോക ഫുട്ബോളിലെ അത്യുന്നത പുരസ്ക്കാരങ്ങള്‍ മിക്കവാറും ഈ രണ്ട് താരങ്ങളിലേക്കാണ് വന്ന് ചേര്‍ന്നിരിക്കുന്നത്.
മികച്ച താരം ആരെന്നുള്ള ചോദ്യം ഈ രണ്ട് താരങ്ങള്‍ നേരിട്ടാലും പരസ്പരം പുകഴ്ത്താനോ ഇകഴ്ത്താനോ ഇവര്‍ തയാറാകാറില്ല. ഇക്കഴിഞ്ഞ ബാലണ്‍ ഡി ഓര് പുരസ്ക്കാരത്തിലും ഈ ചോദ്യം നേരിട്ടപ്പോള്‍ കളിയിലെ മത്സരം നല്ലത് മാത്രമാണെന്നാണ് ഇവരുടെ പരോക്ഷ അഭിപ്രായം. എന്നാല്‍, ഇക്കഴിഞ്ഞ റയല്‍ മാഡ്രിഡ്-ഡിപ്പോര്‍ട്ടീവോ മത്സരത്തിന് മുന്നോടിയായി എടുത്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ കളിക്കാന്‍ ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് ടണലില്‍ വെച്ച് റയല്‍ മാഡ്രിഡ് മാസ്കോട്ടിനോട് റൊണാള്‍ഡോ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ചര്‍ച്ചാ വിഷയം. എന്നെ സംബന്ധിച്ച് നിങ്ങള്‍ മികച്ച താരമാണ്, മെസ്സിയും എന്ന് പറഞ്ഞ മാസ്കോട്ടിനോട് മെസ്സി എന്ന് പറഞ്ഞപ്പോള്‍ മോശം എന്നാണ് റൊണാള്‍ഡോ പ്രതികരിച്ചത്.
അതേസമയം, ഇത് തികച്ചും തമാശ രൂപത്തിലാണ് താരം പറയുന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്. റൊണാള്‍ഡോയുടെ പ്രതികരണം കേട്ട് റയല്‍ മാഡ്രിഡിലെ ബാക്കിയുള്ള താരങ്ങള്‍ ചിരിക്കുന്നതും കാണാം.
Read more
Source: Daily Mail