കളിച്ചത് യൂറോപ്പിലെ കിടയറ്റ ക്ലബ്ബുകളില്‍, ഇപ്പോള്‍ ആര്‍ക്കും വേണ്ട; പീക്ക് ടൈമില്‍ കൂപ്പുകുത്തി ബ്രസീലിയന്‍ സൂപ്പര്‍താരം

കളിച്ചതെല്ലാം യൂറോപ്പിലെ കിടയറ്റ ക്ലബ്ബുകളില്‍ ആര്‍ക്കും വേണ്ടാതായപ്പോള്‍ പീക്ക് ടൈമില്‍ കുഞ്ഞന്‍ ക്ലബ്ബുകളിലേക്ക് പോകേണ്ട ഗതികേടില്‍ ലോകഫുട്‌ബോളിലെ മികച്ച താരങ്ങളില്‍ ഒരാളായ ഫിലിപ്പ് കുടീഞ്ഞോ. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണ വിടാന്‍ പോകുന്ന താരത്തെ സ്വന്തമാക്കാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് പ്രീമിയര്‍ ലീഗിലെ ആസ്റ്റണ്‍ വില്ലയാണ്.

29 കാരനായ കുടീഞ്ഞോ കരിയറിന്റെ പീക്ക് ടൈമില്‍ വമ്പന്‍ ടീമുകളില്‍ നിന്നും തഴയപ്പെടുന്ന സ്ഥിതിയാണ്. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍നിരക്കാരന്‍ ഫെറന്‍ ടോറസിനെ കടം കയറി നില്‍ക്കുമ്പോഴും ബാഴ്‌സിലോണ റാഞ്ചിയത് കഴിഞ്ഞയാഴ്ചയാണ്. ടോറസിനെ ഏറ്റെടുത്ത് കുടീഞ്ഞോയെ തട്ടിയേക്കുമെന്നാണ് വിവരം.

മുമ്പ് ലിവര്‍പൂള്‍ താരമായിരിക്കെയാണ് കുടീഞ്ഞോയെ ബാഴ്‌സിലോണ വാങ്ങിയത്. എന്നാല്‍ താരത്തിന് വേണ്ടത്ര ഇംപാക്ട് ക്ലബ്ബിനായി ഉണ്ടാക്കാന്‍ കഴിയാതായതോടെ ജര്‍മ്മന്‍ ക്ലബ്ബ് ബയേണിന് വായ്പാ അടിസ്ഥാനത്തില്‍ വിറ്റിരുന്നു. ബയേണില്‍ മികച്ച പ്രകടനം പുറത്തെടുത്ത കുടീഞ്ഞോ അവര്‍ക്കൊപ്പം ബാഴ്‌സിലോണയെ തന്നെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇംഗ്‌ളീഷ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയാണ് കുടീഞ്ഞോയ്ക്ക് വേണ്ടി മുമ്പിലുള്ളത്.

സ്‌കോട്ട്‌ലന്റ് ലീഗില്‍ റേഞ്ചേഴ്‌സിനൊപ്പം ഒരു മികച്ച സീസണു ശേഷം ലിവര്‍പൂളിന്റെ ഇതിഹാസതാരം സ്റ്റീവന്‍ ജറാഡ് ആസ്റ്റണ്‍വില്ലയുടെ പരിശീലകനായി വരുന്നതാണ് കുടീഞ്ഞോയുടെ ഏറ്റവും വലിയ ആകര്‍ഷണം. ലിവര്‍പൂളില്‍ ജറാഡിനൊപ്പം കളിച്ചിട്ടുള്ള കുടീഞ്ഞോ അദ്ദേഹത്തിന്റെ വലിയ ആരാധകന്‍ കുടിയാണ്. അതേസമയം തന്നെ പ്രീമിയര്‍ലീഗ് മുന്‍ ചാംപ്യന്മാരായ ആഴ്‌സണലും ടോട്ടനവും ന്യൂകാസിലും കുടീഞ്ഞോയ്ക്കായി വലയുമായി കാത്തിരിപ്പുണ്ട്.