'ഇനിയും തുടരാനുള്ള കരുത്തില്ല'; 'അവസാന' ലോക കപ്പില്‍നിന്ന് കണ്ണീരോടെ നെയ്മറിന്റെ മടക്കം

ക്രൊയേഷ്യക്കെതിരെ ഒന്നും ബ്രസീലിന് എളുപ്പമായിരുന്നില്ല. കടുത്ത ഭീഷണി തുടരുമ്പോഴും ടീമും ആരാധകരും വിജയപ്രതീക്ഷയിലായിരുന്നെങ്കിലും അവസാന മിനിറ്റുകളില്‍ ക്രൊയേഷ്യ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി. തോല്‍വിയോടെ ലോക കപ്പില്‍ നിന്ന് പുറത്തേയ്ക്കുള്ള വഴി തുറക്കപ്പെട്ട ബ്രസീല്‍ ആരാധകര്‍ പേടിക്കുന്ന മറ്റൊരു കാര്യമുണ്ട്.

സൂപ്പര്‍ താരം നെയ്മര്‍ ഇനിയൊരു ലോക കപ്പിന് ഉണ്ടാവില്ലേ എന്നതാണ് ആരാധകരെ വലയ്ക്കുന്ന ആ വലിയ കാര്യം. ബ്രസീലിന്റെ പുറത്താകലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നത്. ഖത്തര്‍ ലോക കപ്പിനെ അവസാന ലോക കപ്പ് പോലെയാകും കാണുക എന്ന് നെയ്മര്‍ തന്നെ ലോക കപ്പ് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞിരുന്നു.

ഖത്തറിലേത് എന്റെ അവസാന ലോക കപ്പായിരിക്കും. രാജ്യത്തിനു വേണ്ടി കിരീടം നേടാന്‍ എന്റെ പരമാവധി ഞാന്‍ ശ്രമിക്കും. എന്റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹമാണത്. ലോക കപ്പിനുശേഷം കളിക്കാനുള്ള കരുത്ത് എനിക്കുണ്ടോ എന്നറിയില്ല- എന്നാണ് അന്ന് നെയ്മര്‍ പറഞ്ഞത്.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പുറത്താകുന്നത്. 2018 റഷ്യന്‍ ലോക കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു. ഇത്തവണ ക്രൊയേഷ്യയോട് തോറ്റ് പുറത്താകാനായിരുന്നു ബ്രസീലിന്റെ വിധി.

 മത്സരത്തിന്റെ അധികസമയത്ത് ആദ്യം മുന്നിലെത്തിയ ബ്രസീല്‍ പിന്നീട് സമനില ഗോള്‍ വഴങ്ങുകയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയുമായിരുന്നു.