ഇങ്ങനെ ഒരു ദുരന്തത്തെ കണ്ടിട്ടില്ല, ഇതിനേക്കാൾ നല്ലത് കോളജ് പിള്ളേർ കളിക്കുന്നതാണ്; റയൽ താരത്തെ ആക്രമിച്ച് ട്വിറ്റര് ലോകം

കോപ്പ ഡെൽ റേയിൽ റയൽ മാഡ്രിഡിനായി കാസെറിനോയ്‌ക്കെതിരെ നടത്തിയ ദയനീയ പ്രകടനത്തിന് ട്വിറ്ററിലെ ആരാധകർ ഈഡൻ ഹസാർഡിനെ ട്വിറ്ററിൽ ക്രൂരമായി ആക്രമിച്ചു. സ്പാനിഷ് കപ്പ് മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ സൂപ്പർ താരത്തെ ഇറക്കിയ പരിശീലകൻ കാർലോ ആൻസലോട്ടി ഹസാർഡിന് തിളങ്ങാൻ അവസരം നൽകിയെങ്കിലും അത് ഉപയോഗിക്കാൻ താരത്തിന് സാധിച്ചില്ല

കിട്ടിയ അവസരം പരമാവധി മുതലാക്കുന്നതിൽ ബെൽജിയം താരം പരാജയപ്പെട്ടു. കളിയുടെ 68-ാം മിനിറ്റിൽ സ്‌കോർ 0-0ന് സമനിലയിൽ നിൽക്കെ അദ്ദേഹത്തെ പിൻവലിക്കുകയും ചെയ്തു, റയൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചെങ്കിലും വിജയവുമായി ബന്ധപ്പെട്ട ട്വീറ്റുകൾക്കിടയിലും ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് സൂപ്പർ താരം തന്നെയാണ്. തന്റെ പ്രകടനത്തിന് മുൻ ചെൽസി താരത്തെ സോഫാസ്കോർ 6.7 റേറ്റുചെയ്തു.

കളിക്കിടെ ഹസാർഡ് അധികം ഡ്രിബിളുകൾ പോലും നടത്തിയില്ല, അഞ്ച് തവണ പൊസഷൻ നഷ്ടപ്പെടുത്തി, ഒരു കീ പാസ് മാത്രം നൽകി. 2019-ൽ ക്ലബിൽ എത്തിയതിന് ശേഷം പ്രതീക്ഷിച്ച സ്വാധീനം ചെലുത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. 74 മത്സരങ്ങളിൽ നിന്ന്, ഹസാർഡ് ഏഴ് ഗോളുകൾ മാത്രം നേടുകയും 11 അസിസ്റ്റുകൾ നൽകുകയും ചെയ്തു.

ഈ സീസണിൽ എട്ട് മത്സരങ്ങളിൽ ഒരു ഗോൾ നേടിയതൊഴിച്ചാൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല.
ഹസാർഡ് അവസാനിച്ചെന്നും വിരമിക്കൽ പരിഗണിക്കണമെന്നും ആരാധകർ അഭിപ്രായപ്പെട്ടു. ഹസാർഡിന് വേണ്ടിയുള്ള പ്രയത്നം പാഴാക്കുന്നതിനേക്കാൾ മികച്ചത് ക്ലബ്ബിന്റെ അക്കാദമി ഉൽപ്പന്നങ്ങൾക്ക് തിളങ്ങാൻ അവസരം നൽകുന്നതാണ് നല്ലതെന്ന് മറ്റുള്ളവർ അഭിപ്രായപ്പെട്ടു.