ഇത്തവണ കപ്പ് മഞ്ഞപ്പടയ്‌ക്കെന്ന് കടകംപള്ളി, ആത്മവിശ്വാസം നല്ലതാണെന്ന് മണി ആശാന്‍

കോപ്പ അമേരിക്ക ആവേശ പോരില്‍ പങ്കുചേര്‍ന്ന് കേരള രാഷ്ട്രീയ നേതാക്കളും. ടൂര്‍ണമെന്റ് ആരംഭിച്ചതിന് പിന്നാലെ ബ്രസീല്‍- അര്‍ജന്റീന വൈരത്തിന്റെ ഭാഗമായിരിക്കുയാണ് മുന്‍ മന്ത്രിമാരായ എംഎം മണിയും കടകംപള്ളി സുരേന്ദ്രനും. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും പോര്‍ കാഹളം മുഴക്കുകയും ചെയ്തു.

‘ഞങ്ങളെ ആക്രമിക്കുന്നവരുണ്ടാകും വിമര്‍ശിക്കുന്നവരുണ്ടാകും. അവരാ വഴിക്ക് പോവുക എന്നുള്ളത് മാത്രമേയുള്ളൂ. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല… ചെഗുവേരയുടെ അര്‍ജന്റീന, മറഡോണയുടെ അര്‍ജന്റീന, അര്‍ജന്റീനയുടെ ഫാന്‍ എന്നീ മലയാളം ഹാഷ്ടാഗുകളും #VomosArgentina ഹാഷ്ടാഗും സഹിതം മണി ആശാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ പോസ്റ്റിനു താഴെ കമന്റുമായെത്തിയാണ് കടകംപള്ളി ബ്രസീലിനോടുള്ള ഇഷ്ടം പ്രകടമാക്കിയത്. ‘ആശാനേ.. ഇത്തവണ കപ്പ് ഞങ്ങള്‍ക്കാണ്.. മഞ്ഞപ്പട..’ ബ്രസീല്‍ ടീമിന്റെ ചിത്രം സഹിതം അദ്ദേഹം കുറിച്ചു. ‘ആത്മവിശ്വാസം നല്ലതാണ്. അവസാനം വരെ’ തംസപ്പ് ചിത്രം സഹിതം മണിയാശാന്‍ മറുപടി കൊടുത്തു.

കോപ്പ അമേരിക്കയില്‍ മിന്നും ജയത്തോടെയാണ് ആതിഥേയരായ ബ്രസീലിന്റെ തുടക്കം. എന്നാല്‍ ചിലിയോട് സമനില വഴങ്ങിയാണ് അര്‍ജന്റീന തുടങ്ങിയിരിക്കുന്നത്.