എറിക്‌സന്റെ വഴിയിലോ അഗ്യൂറോ;താരത്തിന് ദീര്‍ഘനാള്‍ വിശ്രമം

യൂറോ കപ്പ് ഫുട്‌ബോളിലെ വേദനാജനകമായ ദൃശ്യമായിരുന്നു ഡെന്‍മാര്‍ക്കിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഹൃദയാഘാതമൂലം കളത്തില്‍ കുഴഞ്ഞുവീണത്. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗിലും സമാനമായൊരു സംഭവമുണ്ടായി. ലാ ലിഗയിലെ അലാവസിനെതിരായ മത്സരത്തിനിടെ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ ഫോര്‍വേഡ് സെര്‍ജിയോ അഗ്യൂറോ നെഞ്ചുവേദനയാല്‍ പിടഞ്ഞു. അഗ്യൂറോയ്ക്ക് മൂന്ന് മാസത്തെ വിശ്രമം അനുവദിച്ചിരിക്കുകയാണ് ബാഴസ് അധികൃതര്‍.

സീസണില്‍ പരിക്കിന്റെ പിടിയിലായ അഗ്യൂറോ ബാഴ്‌സക്കുവേണ്ടി രണ്ടാമത്തെ മത്സരത്തിനാണ് ഇറങ്ങിയത്. കളി പുരോഗമിക്കവെ നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ട അഗ്യൂറോ, തന്നെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഏഴ് മിനിറ്റോളം ചികിത്സ നല്‍കിയശേഷമാണ് അഗ്യൂറോയെ ബാഴ്‌സ മെഡിക്കല്‍ സ്റ്റാഫ് കളത്തിന് പുറത്തേക്കുകൊണ്ടുപോയത്. ഹൃദയസംബന്ധമായ പരിശോധനകള്‍ക്ക് വിധേയനായ അഗ്യൂറോയ്ക്ക് ഡോക്ടര്‍മാര്‍ തുടര്‍ ചികിത്സയും വിശ്രമവും നിര്‍ദേശിക്കുകയായിരുന്നു. അഗ്യൂറോയുടെ ആരോഗ്യസ്ഥിതി ബാഴ്‌സ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

യൂറോ കപ്പില്‍ ഫിന്‍ലന്‍ഡുമായുള്ള ഡെന്‍മാര്‍ക്കിന്റെ മത്സരത്തിനിടെയാണ് എറിക്‌സണ്‍ കുഴഞ്ഞുവീണത്. ഗ്രൗണ്ടിലെ അടിയന്തര ചികിത്സയ്ക്കുശേഷം എറിക്‌സനെ സ്ട്രച്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എറിക്‌സണ്‍ മരിച്ചെന്നുവരെ സഹതാരങ്ങള്‍ വിലപിച്ചു. പിന്നീട് യൂറോ കപ്പില്‍ എറിക്‌സണ്‍ കളിച്ചില്ല. ശസ്ത്രക്രിയയ്ക്ക് വിധേനയായ താരം ഫുട്‌ബോളിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇറ്റാലിയന്‍ ലീഗ് കളിക്കാനുള്ള എറിക്‌സന്റെ ശ്രമം അധികൃതര്‍ തടഞ്ഞിരിക്കുകയാണ്.