'അര്‍ജന്റീന എല്ലാ മത്സരങ്ങളും തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകണം'; ഞെട്ടിക്കുന്ന പ്രസ്താവനയുമായി മെസിയുടെ ഡോക്ടര്‍!

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന തങ്ങളുടെ എല്ലാ മത്സരങ്ങളും ആദ്യ റൗണ്ടില്‍തന്നെ പുറത്താകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ലയണല്‍ മെസിയുടെ ഡോക്ടര്‍ ഡീഗോ ഷ്വാര്‍സ്റ്റെയ്ന്‍. ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മോശം തീരുമാനങ്ങള്‍ മറയ്ക്കാന്‍ അര്‍ജന്റീന സര്‍ക്കാര്‍ ലോകകപ്പിലെ ടീമിന്റെ വിജയം ഉപയോഗിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു ഫുട്ബോള്‍ ആരാധകനെന്ന നിലയില്‍, അര്‍ജന്റീന ചാമ്പ്യന്മാരാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഒരു അര്‍ജന്റീനിയന്‍ പൗരനെന്ന നിലയില്‍, ഒരു മനുഷ്യനെന്ന നിലയില്‍, അവര്‍ മൂന്ന് കളികളും തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകണമെന്നാണ് എന്റെ ആഗ്രഹം.

കാരണം അര്‍ജന്റീനയിലെ ഏകാധിപത്യ സര്‍ക്കാര്‍ അര്‍ജന്റീനിയന്‍ ടീമിന്റെ വിജയം നാട്ടിലെ പല മോശം കാര്യങ്ങളും മറച്ചുവെയ്ക്കാന്‍ ഉപയോഗിക്കും. ആരും ശ്രദ്ധിക്കാത്ത സമയത്ത് ടീം കളിക്കുന്ന ദിവസം അവര്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച പ്രഖ്യാപിക്കും- ഷ്വാര്‍സ്റ്റെയ്ന്‍ പറഞ്ഞു.

Read more

മെസിയുടെ ഫുട്ബോള്‍ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച ഡോക്ടറാണ് അര്‍ജന്റീനക്കാരനായ ഇദ്ദേഹം. ചെറുപ്പത്തില്‍ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവുണ്ടായിരുന്ന മെസിയെ ചികിത്സിച്ചത് ഷ്വാര്‍സ്റ്റെയ്നായിരുന്നു.