'ലക്ഷ്യം അതല്ല'; താന്‍ ഖത്തറിലേക്ക് എത്തിയത് എന്തിനെന്ന് പറഞ്ഞ് എംബാപ്പെ

ഗോള്‍ഡന്‍ ബോള്‍ ലക്ഷ്യമിട്ടല്ല താന്‍ ഖത്തറിലെത്തിയതെന്ന് ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ. തന്റെ ലക്ഷ്യം ഫുട്ബോള്‍ ലേകകപ്പ് മാത്രമാണെന്നും ഫ്രാന്‍സിനായി അത് നേടിക്കൊടുക്കാനാണ് താന്‍ എത്തിയതെന്നും എംബാപ്പെ പറഞ്ഞു.

തീര്‍ച്ചയായും ഈ ലോകകപ്പ് എനിക്ക് അഭിനിവേശമാണ്, ഇതെന്റെ സ്വപ്നങ്ങളുടെ പോരാട്ടമാണ്. ലോകകപ്പിനായി തയ്യാറായി തന്നെയാണ് എത്തിയത്. ഇതുവരെ എല്ലാം ഭംഗിയായി നടന്നു. എന്നാല്‍ ലക്ഷ്യത്തിലേക്ക് ഒരുപാട് മുന്നേറാനുണ്ട്. ലോകകപ്പ് നേടുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ഇപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയമാണ് മുന്നിലുള്ളത് എംബാപ്പെ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ പോണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇതില്‍ രണ്ട് ഗോളുകളും എംബാപ്പെയുടെ വകയായിരുന്നു. അഞ്ചു ഗോളുകളോടെ ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ 23 കാരനായ എംബാപ്പെയാണ് ഒന്നാമത്.

ഖത്തര്‍ ലോകകപ്പില്‍ നാല് കളികളില്‍ നിന്നാണ് എംബാപ്പെ അഞ്ച് ഗോളുകള്‍ നേടിയത്. കഴിഞ്ഞ ലോകകപ്പില്‍ നാല് ഗോളുകളാണ് താരം സ്‌കോര്‍ ചെയ്തിരുന്നത്. രണ്ട് ലോകകപ്പുകളില്‍ ഫ്രാന്‍സിനായി നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യതാരമെന്ന നേട്ടവും എംബാപ്പെ സ്വന്തമായി.