അമ്പമ്പോ...; സ്‌പെയിനെ അട്ടിമറിച്ച് ജപ്പാന്‍; ജയിച്ചിട്ടും ജര്‍മ്മനി പുറത്ത്

ഖലീഫ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തില്‍ സ്‌പെയിനെ അട്ടിമറിച്ച് ജപ്പാന്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനെ അട്ടിമറിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാന്‍, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സ്‌പെയിനെ വീഴ്ത്തിയത്.

പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സു ഡൊവാന്‍ (48ാം മിനിറ്റ്), ആവോ ടനാക (52ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോള്‍ നേടിയത്. അല്‍വാരോ മൊറാട്ട (11ാം മിനിറ്റ്)യാണ് സ്‌പെയിനിന്റെ ഗോള്‍ നേടിയത്. ജയത്തോടെ ജപ്പാന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡിസംബര്‍ അഞ്ചിന് അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികള്‍.

തോറ്റെങ്കിലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്കയെ ജര്‍മനി തോല്‍പ്പിച്ചതോടെ സ്‌പെയിന്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നുകൂടി. കോസ്റ്ററിക്കയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചെങ്കിലും, സ്‌പെയിനെ ജപ്പാന്‍ അട്ടിമറിച്ചതോടെ ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

മൂന്നു കളികളില്‍നിന്ന് സ്‌പെയിനൊപ്പം നാലു പോയിന്റായെങ്കിലും, ഗോള്‍ശരാശരിയില്‍ പിന്നിലായതാണ് ജര്‍മ്മനിക്ക് തിരിച്ചടിയായത്. ഗ്രൂപ്പ് ഇയില്‍നിന്ന് കോസ്റ്ററിക്കയും പുറത്തായി.