ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനലില്‍ കാലിടറിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ സീസണ്‍ അവസാനിച്ചത്. അടുത്ത സീസണിലും ഇതേ ടീമിനെ തന്നെ നിലനിര്‍ത്തുന്നത് ഉള്‍പ്പടെയുള്ള ചര്‍ച്ചകളുമയി സജീവമാണ് ഇപ്പോഴും ആരാധകര്‍.

റിസേര്‍വ് ടീമിന്റെ കളിക്കായി ആവേശപൂര്‍വം കാത്തിരിക്കുന്ന ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് റിസേര്‍വ് ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടിലെങ്കിലും പുറത്തുവരുന്ന സൂചനകള്‍ പ്രകാരം സൂപ്പര്‍ ലീഗിന്റെ ഭാഗമായ ചില താരങ്ങള്‍ റിസേര്‍വ് ടീമിലും ഉണ്ടായേക്കും.

ഗോള്‍കീപ്പറുമാരായ സച്ചിന്‍ സുരേഷ്, മുഹിത് ഖാന്‍, സെന്റര്‍ ബാക്ക് ബിജോയ് വര്‍ഗീസ്, ലെഫ്‌റ് ബാക് സഞ്ജീവ് സ്റ്റാലിന്‍, മിഡ്ഫീല്‍ഡിലെ സൂപ്പര്‍ താരങ്ങളായ വിന്‍സി, ആയുഷ് തുടങ്ങിയ താരങ്ങള്‍ ടീമിലുണ്ടാകുമെന്നാണ് വിവരം. അടുത്ത സീസണിലേക്കുള്ള ഒരുക്കം ബ്ലാസ്റ്റേഴ്സ് തുടങ്ങുന്നതിന്റെ സൂചനയായിട്ടും ഈ നീക്കത്തെ കാണാം.

കഴിഞ്ഞ സീസണില്‍ ടീമില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ യുവതാരങ്ങളില്‍ പലരും ടീമില്‍ ഉണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്. കോച്ച് ഇവാന്‍ വരും ദിവസങ്ങളില്‍ തന്നെ കൊച്ചിയിലെത്തി കരാര്‍ ഒപ്പിടുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.