ഐ.എസ്.എല്‍: മെല്‍ബണ്‍ സിറ്റിയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബ്ലാസ്റ്റേഴ്‌സില്‍

ഐ.എസ്.എല്‍ 2021/22 സീസണിന് മുന്നോടിയായി മധ്യനിര താരം അഡ്രിയാന്‍ നിക്കോളസ് ലൂണ റെറ്റാമറിനെ ടീമിലെത്തിച്ചതായി സന്തോഷപൂര്‍വം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. രണ്ട് വര്‍ഷത്തെ കരാറിലാണ് ഉറുഗ്വേ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍, മെല്‍ബണ്‍ സിറ്റി എഫ്സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്കൊപ്പം ചേരുന്നത്.

കഴിഞ്ഞ എ ലീഗ് സീസണില്‍ മെല്‍ബണ്‍ സിറ്റിക്കായി 24 മത്സരങ്ങള്‍ കളിച്ച ലൂണ, മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു. ക്ലബ് അത്ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്സ്, ഉറുഗ്വേയിലെ ഡിഫെന്‍സര്‍ സ്പോര്‍ട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു കരിയര്‍ തുടക്കം. 2010ല്‍ ഡിഫെന്‍സര്‍ സ്പോര്‍ട്ടിങിന്റെ അണ്ടര്‍-19 ടീമിലേക്കും, ആദ്യടീമിലേക്കും സ്ഥാനക്കയറ്റം ലഭിച്ചു. സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്‍യോള്‍, ജിംനാസ്റ്റിക്, സിഇ സബാഡെല്‍ എന്നിവര്‍ക്കായി വായ്പ അടിസ്ഥാനത്തില്‍ കളിച്ച് 2013ല്‍ ഡിഫെന്‍സറിലേക്ക് മടങ്ങിയെത്തി. ഉറുഗ്വേ ക്ലബ്ബിനൊപ്പമുള്ള രണ്ട് സീസണുകള്‍ക്ക് ശേഷം മെക്സിക്കോയില്‍ ടിബുറോണ്‍സ് റോജോസ്, വെനാഡോസ് എഫ്‌സി എന്നീ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടി. 2019 ജൂലൈയിലാണ് ഓസ്ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയുമായി കരാറിലെത്തുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ മെല്‍ബണ്‍ ക്ലബ്ബിനായി 51 മത്സരങ്ങള്‍ കളിച്ചു.

മുന്‍ ഉറുഗ്വേ അണ്ടര്‍-17, അണ്ടര്‍-20 താരമായ 29കാരന്‍, ഇരു വിഭാഗങ്ങളിലായി 19 മത്സരങ്ങളില്‍ ദേശീയ ജഴ്സി അണിഞ്ഞു. 2009ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിലും, 2011ല്‍ ഫിഫ അണ്ടര്‍-20 ലോകകപ്പിലും കളിച്ച താരം രണ്ട് ടൂര്‍ണമെന്റുകളിലും ഓരോ ഗോള്‍ വീതം നേടിയിരുന്നു. 11 വര്‍ഷത്തിലേറെ നീണ്ട ക്ലബ് കരിയറില്‍ ഇതുവരെ എല്ലാ ക്ലബ്ബുകള്‍ക്കുമായി 336 മത്സരങ്ങളില്‍ പന്തുതട്ടി. 47 ഗോളുകളും 46 അസിസ്റ്റുകളും ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

അഡ്രിയാന്‍ ലൂണ മികച്ച കഴിവുള്ള താരമാണെന്നും, ഇത് ഞങ്ങളുടെ ടീമിനെ സുശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. മികച്ച പ്ലേമേക്കറും എളുപ്പമല്ലാത്ത ഇടങ്ങളില്‍ വൈദഗ്ധ്യം കാണിക്കുന്ന ആളെന്നതിലുമുപരി, ടീം പ്രകടനത്തില്‍ എല്ലായ്പോഴും ശ്രദ്ധിക്കുന്ന കഠിനാധ്വാനിയായ താരമാണ് അഡ്രിയാന്‍ എന്നത് ഞാന്‍ ഇഷടപ്പെടുന്നു. താരത്തെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് ഞാന്‍ സ്വാഗതം ചെയ്യുന്നു-കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

Who is Adrian Luna? Uruguayan Midfielder Adrian Luna signs for Kerala  Blasters

രാജ്യത്തെ മികച്ച ആരാധകരുള്ള, മഹത്തായ കുടുംബമെന്ന് സംശയമേതുമില്ലാതെ പറയാവുന്ന കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അഡ്രിയാന്‍ ലൂണ അഭിപ്രായപ്പെട്ടു. പരിശീലനത്തിനും, ടീമംഗങ്ങളെയും എല്ലാ ടെക്നിക്കല്‍ സ്റ്റാഫുകളെയും കണ്ടുമുട്ടാനും ഞാന്‍ ആഗ്രഹിക്കുന്നു-ലൂണ കൂട്ടിച്ചേര്‍ത്തു.

Everything you need to know about Adrian Luna from Kerala Blasters - Algulf
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈ സീസണില്‍ കരാറൊപ്പിടുന്ന ആദ്യ വിദേശ താരവും, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റുവ, വിന്‍സി ബരേറ്റോ, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ക്ക് ശേഷം ടീമിലെത്തുന്ന അഞ്ചാമത്തെ താരവുമാണ് അഡ്രിയാന്‍ ലൂണ.