അവസരം തുലച്ച് ഇന്ത്യ ഏഷ്യാ കപ്പില്‍ ഉദ്ഘാടന മത്സരത്തില്‍ സമനില വഴങ്ങി

എഎഫ്‌സി വനിതാ ഏഷ്യാക്കപ്പ് 2022 ല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സമനില. ഇറാനെതിരേ നടന്ന കളിയില്‍ ഇരുടീമും ഗോളടിക്കാതെ പിരിഞ്ഞു. ഇന്ത്യന്‍ മുന്നേറ്റ താരങ്ങളുടെ സ്‌കോറിംഗിലെ പിഴവും ഇറാന്‍ ഗോളിയുടെ തകര്‍പ്പന്‍ സേവുകളുമായിരുന്നു കളി പോയിന്റ് പങ്കുവെയ്ക്കുന്നതിലേക്ക് പോയത്.

അനേകം അവസരങ്ങള്‍ ഇന്ത്യന്‍ മദ്ധ്യനിര ഒരുക്കിയെടുത്തെങ്കിലും ഗോളിലേക്ക് എത്തിക്കാനായില്ല. ഇറാന്‍ ഗോളി കൗദായിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു ഉറച്ച ഗോളവസരം പോലും. 65 ശതമാനം പന്തു കൈവശം വെയ്ക്കലും 409 പാസുകളും കൈമാറിയിട്ടും ഗോളവസരം തുലയ്്ക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുകയും ചെയതു.

ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ഇന്ത്യയ്ക്കായി. ഇറാന്‍ മൂന്നാമത് വന്നപ്പോള്‍ ആദ്യ മത്സരത്തില്‍ വിജയിച്ച ചൈന മൂന്ന് പോയിന്റുമായി ഒന്നാമതെത്തി. ചൈനയും ചൈനീസ് തായ്‌പേയിയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ ചൈന ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ചൈനീസ് തായ്‌പേയിയെ തകര്‍ത്തത്.