ആ തീരുമാനം തെറ്റ്; ഫിഫയ്ക്ക് പരാതി നല്‍കി ഫ്രാന്‍സ്

ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ടുണീഷ്യ അട്ടിമറിച്ചിരുന്നു. 58ാം മിനിറ്റില്‍ വാബി ഖസ്രിയാണ് ടുണീഷ്യയ്ക്കായി ഗോള്‍ നേടിയത്. എന്നാല്‍ അവസാന വിസിലിന് സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഗ്രീസ്മാന്‍ ഗോള്‍ മടക്കി ഫ്രാന്‍സിനെ ഉണര്‍ത്തിയെങ്കിലും വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ഓഫ്‌സൈഡ് വിളിച്ചത് തിരിച്ചടിയായി.

എന്നാല്‍ ഇപ്പോഴിതാ ഈ തീരുമാനം ശരിയല്ലെന്നും ആ ഗോള്‍ റഫറി നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ഫ്രാന്‍സ് ഫിഫയെ സമീപിച്ചു. റഫറിയുടെ തീരുമാനം പിന്‍വലിച്ച് ടീമിന് ഗോള്‍ അനുവദിക്കണമെന്നാണ് ആവശ്യം.

സഹതാരത്തില്‍ നിന്ന് ക്രോസ് വരുമ്പോ ഓഫ്‌സൈഡ് പൊസിഷനിലായിരുന്ന ഗ്രീസ്മാന്റെ സാന്നിധ്യം തുനീഷ്യന്‍ പ്രതിരോധത്തിന്റെ ശ്രദ്ധ തെറ്റിച്ചെന്നും അതിനാല്‍ നിയമപ്രകാരം ഓഫ്‌സൈഡാണെന്നുമാണ് റഫറിയുടെ വിധി. എന്നാല്‍, ഗ്രീസ്മാന്‍ പന്തിനായി ഒരു ശ്രമവും നടത്തിയില്ലെന്നും ടുണീഷ്യന്‍ പ്രതിരോധ നിരതാരം ക്ലിയര്‍ ചെയ്തത് കാലിലെടുത്താണ് താരം ഗോളാക്കിയതെന്നും ഫ്രാന്‍സ് പറയുന്നു.

റഫറി അവസാനവിസില്‍ മുഴക്കിയതിന് ശേഷം പിന്നെന്തിനാണ് വാര്‍ പരിശോധനയ്ക്കായി പോയതെന്ന് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് ചോദ്യമുന്നയിച്ചു. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.