ഫ്രഞ്ച് ഫുട്ബാള്‍ താരത്തിന് പിന്നാലെ ജര്‍മ്മന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരവും മൃഗങ്ങളെ ഉപദ്രവിച്ചു കുടുങ്ങി

പൂച്ചക്കുട്ടിയെ വലിച്ചെറിഞ്ഞതിന്റെ പേരില്‍ ഫ്രഞ്ച് ഫുട്‌ബോള്‍താരം വന്‍തുക പിഴയടയ്‌ക്കേണ്ടി വരികയും വലിയ വിമര്‍ശനം നേരിടുകയും ചെയ്ത സംഭവത്തിന്റെ ചൂടാറും മുമ്പ് മൃഗങ്ങളെ ഉപദ്രവിച്ചതിന്റെ പേരില്‍ ജര്‍മ്മന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരവും വിവാദത്തില്‍. ബയേണ്‍ മ്യൂണിക്കിന്റെ മിഡ്ഫീല്‍ഡ് ജനറല്‍ മുള്ളറാണ് പുതിയ വിവാദനായകന്‍. താരത്തിനും ഭാര്യ ലിസയ്ക്കുമെതിരേ മൃഗങ്ങളെ ഉപദ്രവിച്ചതിന് മൃഗങ്ങളെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര സംഘടന പെറ്റ കേസെടുത്തു.

മൃഗത്തോട് പ്രകൃതിവിരുദ്ധ ലൈംഗിക പ്രവര്‍ത്തി എന്ന കുറ്റമാണ് പെറ്റ ആരോപിച്ചിരിക്കുന്നത്. മുള്ളറും ഭാര്യയും വീട്ടില്‍ കുതിരഫാം നടത്തുകയും അവയുടെ ശീതീകരിച്ച ബീജം വാണിജ്യാര്‍ത്ഥം വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. പ്രജനന കാലത്തിന് തൊട്ടുമുമ്പ് തന്റെ കുതിരയ്ക്ക് പരിക്കേറ്റെന്ന താരത്തിന്റെ തന്നെ വെളിപ്പെടുത്തലാണ് തിരിച്ചടിയായത്. ഇതോടെ താരത്തിനെതിരേ തടയാന്‍ കഴിയുന്നതും അനാവശ്യവുമായ പ്രവര്‍ത്തി എന്ന ആരോപണം ഉയര്‍ത്തി മൃഗാവകാശ സംഘടന തന്നെ രംഗത്ത് വരികയായിരുന്നു.

ജര്‍മ്മന്‍ ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ താരമായ മുള്ളറുടെ ഭാര്യ ലിസ അറിയപ്പെടുന്ന കുതിരപരിശീലകയാണ്. ഇരുവരും ചേര്‍ന്ന് ജര്‍മ്മനിയില്‍ വലിയ ഫാമും നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇംഗളീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന വെസ്റ്റ്ഹാമിന്റെ ഫ്രഞ്ച്താരം കുര്‍ട്ട് സുമ തന്റെ വളര്‍ത്തുപൂച്ചയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം വൈറലായി മാറിയിരുന്നു.

പൂച്ചയെ തൊഴിക്കുകയും അടിക്കുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യം വലിയ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മൃഗസ്‌നേഹികള്‍ രംഗത്ത് വന്നിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ താരത്തിന് പിഴയടയ്‌ക്കേണ്ടി വന്നത് രണ്ടരലക്ഷം പൗണ്ടായിരുന്നു. മൃഗക്ഷേമ ജീവകാരുണ്യ സംഘത്തിന് പി.പണം നല്‍കാനായിരുന്നു നിര്‍ദേശം.