ഫിഫയുടെ വിലക്ക്; റഷ്യ ഖത്തര്‍ ലോക കപ്പില്‍ നിന്ന് പുറത്ത്

ഉക്രൈനിലേക്കുള്ള കടന്നു കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ ലോക കപ്പിലെ യോഗ്യതാ മത്സരങ്ങളില്‍ നിന്നും ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പില്‍ നിന്നും റഷ്യയെ വിലക്കി ഫിഫ. റഷ്യക്കെതിരെ ഫിഫ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശക്തമായ നടപടി ഉണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേലുള്ള ഫിഫയുടെ വിലക്ക്. ഇതോടെ ഖത്തര്‍ ലോക കപ്പിലേക്ക് എത്താനുള്ള സാധ്യതകള്‍ റഷ്യക്ക് മുന്‍പില്‍ അടഞ്ഞിരിക്കുകയാണ്. 2018 ലോക കപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം ഇല്ലാതെയാവും 2022 ലോക കപ്പില്‍ ഖത്തറില്‍ പന്തുരുളുക.

നേരത്തെ റഷ്യയില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തുന്നതിനും ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. മറ്റ് രാജ്യങ്ങളിലെ വേദികളില്‍ റഷ്യ മത്സരിക്കാന്‍ എത്തിയാല്‍ ദേശീയ പതാക, ദേശീയ ഗാനം എന്നിവയ്ക്കും വിലക്കുണ്ടായിരിക്കും. ഫിഫ പോരാട്ടങ്ങളില്‍ റഷ്യ എന്ന പേരിലായിരിക്കില്ല ടീം മത്സരിക്കുക. ഫുട്‌ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരിലായിരിക്കുമെന്നും ഫിഫ വ്യക്തമാക്കി. ഇവരുടെ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുകയുമില്ല.

ഫുട്‌ബോള്‍ ലോകത്ത് റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണ്. ലോക കപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കാന്‍ റഷ്യയിലേക്കില്ലെന്ന് പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് ടീമുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യക്കെതിരെ മത്സരിക്കില്ലെന്ന് ഇംഗ്ലണ്ടും വ്യക്തമാക്കിയിരുന്നു.