സാകയെ ആശ്വസിപ്പിക്കാന്‍ ഓടിയണഞ്ഞ ഒരാള്‍; യൂറോ കപ്പ് ഫൈനലിലെ കാണാക്കാഴ്ച ഏറ്റെടുത്ത് ആരാധകര്‍

യൂറോ കപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോല്‍വിയുടെ വേദനയില്‍ നിന്ന് ഇംഗ്ലീഷ് താരങ്ങളും ആരാധകരും ഇനിയും കര കയറിയിട്ടില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയോട് കീഴടങ്ങിയ ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോ കിരീടം ഉയര്‍ത്താനുള്ള സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയത്. കലാശക്കളിയില്‍ ഇംഗ്ലണ്ടിന്റെ നിര്‍ണായക കിക്ക് നഷ്ടപ്പെടുത്തിയ ടീനെജ് താരം ബുകായോ സാക ദുരന്ത നായകനായി. ഇപ്പോഴിതാ പെനാല്‍റ്റി നഷ്ടത്തിന്റെ നിരാശയില്‍ നിന്ന സാകയെ ആശ്വസിപ്പിക്കാന്‍ സഹതാരം കാല്‍വിന്‍ ഫിലിപ്സ് ഓടിയെത്തുന്ന ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ കിക്ക് നഷ്ടപ്പെടുത്തിയതിന്റെ നിരാശയില്‍ മുഖംപൊത്തി നില്‍ക്കുന്ന സാകയെ ആശ്വസിപ്പിക്കാന്‍ കാല്‍വിന്‍ ഒറ്റയ്ക്കു പായുന്നതാണ് ബിബിസി പങ്കുവെച്ച വീഡിയോയിലുള്ളത്. കാല്‍വിന് പിന്നാലെ മറ്റ് ഇംഗ്ലിഷ് താരങ്ങളും സാകയ്ക്ക് ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്. സാകയുടെ കിക്ക് സേവ് ചെയ്ത ഗോളി ജിയാന്‍ലൂഗി ഡൊണ്ണാരുമ്മയെ അഭിനന്ദിക്കാന്‍ ഇറ്റാലിയന്‍ താരങ്ങള്‍ കുതിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

England fans spot touching moment Kalvin Phillips runs to Bukayo Saka after miss - Daily Star

വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന യൂറോ ഫൈനലില്‍ 3-2നായിരുന്നു ഇംഗ്ലണ്ടിന്റെ ഷൂട്ടൗട്ട് തോല്‍വി. നിശ്ചിത സമയത്തും അധിക സമയത്തും ഇംഗ്ലണ്ടും ഇറ്റലിയും 1-1ന് സമനില പാലിച്ചു. ഷൂട്ടൗട്ടില്‍ ഇറ്റാലിയന്‍ താരങ്ങളായ ആന്ദ്രെ ബെലോട്ടിയുടെയും ജോര്‍ജീഞ്ഞോയുടെയും കിക്കുകള്‍ ഇംഗ്ലീഷ് ഗോളി ജോര്‍ഡാന്‍ പിക്ക്ഫോര്‍ഡ് സേവ് ചെയ്തെങ്കിലും മാര്‍ക്വസ് റാഷ്ഫോര്‍ഡും ജേഡന്‍ സാഞ്ചോയും സാകയും പെനാല്‍റ്റികള്‍ നഷ്ടപ്പെടുത്തിയതോടെ ഇംഗ്ലണ്ട് പരാജയം രുചിച്ചു.

It's down to me': Southgate takes responsibility for England's Euro 2020 loss against Italy

സുപ്രധാന ടൂര്‍ണമെന്റിലെ നിര്‍ണായക പെനാല്‍റ്റി കിക്ക് എടുക്കാന്‍ കൗമാര താരമായ സാകയെ നിയോഗിച്ച ഇംഗ്ലീഷ് കോച്ച് ഗാരെത് സൗത്ത്ഗേറ്റിന്റെ തീരുമാനത്തിനെതിരായ വിമര്‍ശനങ്ങള്‍ കെട്ടടങ്ങിയിട്ടില്ല.