റൊണാള്‍ഡോ കൊടുത്തത് എട്ടിന്‍റെ പണി, കൊക്കോ കോളയ്ക്ക് നഷ്ടം 400 കോടി!

യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് വാര്‍ത്താസമ്മേളനത്തിന് എത്തിയ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ കൊക്കോ കോളയുടെ ബോട്ടിലുകള്‍ മേശയില്‍ നിന്ന് മാറ്റിയത് വാര്‍ത്തയായിരുന്നു. കോളകുപ്പികള്‍ മാറ്റിവെച്ച റോണോ പകരം വെള്ളക്കുപ്പികള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ഇതിലൂടെ കമ്പനിയ്ക്ക് വന്‍നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

റോണോയുടെ ഈ വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ കമ്പനി വന്‍ തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഓഹരി വില 1.6 ശതമാനം ഇടിഞ്ഞു. 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറിലേക്ക് വില ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഏകദേശം 400 കോടി രൂപയുടെ നഷ്ടം.

യൂറോയിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാണ് കൊക്കോകോള. ജങ്ക് ഫുഡുകളോടുള്ള താത്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകന്‍ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

Read more

നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന് യൂറോയിലെ ഗ്രൂപ്പ് ഘട്ടം കടുപ്പമാണ്. ഫ്രാന്‍സ്, ജര്‍മനി, ഹംഗറി എന്നീ ടീമുകളാണ് പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്. ആദ്യ പോരാട്ടത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക്് പോര്‍ച്ചുഗല്‍ ഹംഗറിയെ വീഴ്ത്തി.