എന്നെ എന്തിന് വാങ്ങിയെന്നതിനുളള ഉത്തരമാണ് ഈ ഗോളുകള്‍: റോണോ

റൊണാള്‍ഡോയെ ഇതിഹാസമെന്ന് വിളിക്കുമ്പോള്‍ മുഖം ചുളിക്കുന്നവര്‍ പോലും ഞെട്ടിയ മത്സരമായിരു്‌നു ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്നത്. റൊണാള്‍ഡോയുടെ മികവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് ജയം സ്വന്തമാക്കിയത്. ആദ്യ പാദത്തില്‍ 2-0ത്തിന് തോറ്റിരുന്ന യുവന്റസ് വന്‍ തിരിച്ചുവരവാണ് നടത്തിയത്.

17,49,86 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. ഇതില്‍ 86ാം മിനുറ്റിലെ ഗോള്‍ പെനാ ല്‍റ്റിയിലൂടെയായിരുന്നു. മത്സര ശേഷം റൊണാള്‍ഡോയുടെ വാക്കുകളും ശ്രദ്ധേയമായിരുന്നു.

എന്നെ എന്തിനാണ് യുവന്റസ് വാങ്ങിയത് എന്നതിനുള്ള ഉത്തരമാണ് ഈ ഹാട്രിക്കുകളും ടീമിന്റെ വിജയവും റൊണാള്‍ഡോ പറയുന്നു. എന്റെ ഗോളുകള്‍ കൊണ്ട് മാത്രമല്ല, ടീം എന്ന നിലയിലും മറ്റും വളരെയേറെ പ്രത്യേകതകളുള്ള മത്സരമായിരുന്നു, വെല്ലുവിളി നിറഞ്ഞ ടീം ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡ്, ഞങ്ങളും ശക്തരായിരുന്നു, ഞങ്ങള്‍ക്ക് വിജയിക്കാനാവുമെന്ന് തെളിയിച്ചതായും റൊണാള്‍ഡോ പറഞ്ഞു.

ഇപ്പോള്‍ ഫൈനലിനെ കുറിച്ച് പറയാന്‍ കഴിയില്ലെന്നായിരുന്നു യുവന്റസിന്റെ ഫൈനല്‍ പ്രവേശത്തെ കുറിച്ചുള്ള ചോദ്യത്തിന് റൊണാള്‍ഡോയുടെ പ്രതികരണം. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദ മത്സരത്തിലെ തോല്‍വിക്ക് ശേഷം ക്വാര്‍ട്ടറിലെത്തുന്ന മൂന്നാമത്തെ ടീമായി യുവന്റസ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, അയാക്സ് എന്നീ ടീമുകളാണ് പ്രീക്വാര്‍ട്ടറിലെ ആദ്യ പാദ തോല്‍വിക്ക് ശേഷം രണ്ടാം പാദത്തിലെ ജയത്തിലൂടെ ക്വാര്‍ട്ടറില്‍ ഇടം നേടിയവര്‍.