ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു; പ്രതിഫലം ചരിത്രത്തിലെ ഏറ്റവും വലിയ തുക!

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയിലെ അല്‍ നസര്‍ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍.

‘ചരിത്രം എഴുതപ്പെടുകയാണ്. ഇത് വിജയങ്ങളിലേക്ക് എത്താന്‍ ഞങ്ങളുടെ ക്ലബിനെ മാത്രമല്ല, ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും.’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെടുത്തെന്ന വാര്‍ത്ത സ്ഥിരീകരിച്ച് അല്‍ നസര്‍ ട്വീറ്റ് ചെയ്തു.

സൗദി കായിക മന്ത്രിയും ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്തു. പുതുവര്‍ഷ ദിനമായ നാളെ മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് അല്‍ നസര്‍ ക്ലബ് അറിയിച്ചു. സൗദി ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ അല്‍ നസ്റിന്റെ ഏഴാം നമ്പര്‍ ജഴ്സിയില്‍ ഇനി ക്രിസ്റ്റ്യാനോ ഉണ്ടാകും.

നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും കോച്ചിനുമെതിരെ ഒരു അഭിമുഖത്തില്‍ ആഞ്ഞടിച്ചതോടെയാണ് റൊണാള്‍ഡോ അവിടെനിന്ന് പുറത്തായത്. ലോകകപ്പില്‍ ഫ്രീ ഏജന്റായിട്ടാണ് ക്രിസ്റ്റ്യാനോ കളിച്ചത്.