യുവന്റസ് ഗ്രൗണ്ടിലെത്തി ക്രിസ്റ്റ്യാനോ ബൈ പറഞ്ഞു; സിറ്റിയുമായി രണ്ട് വര്‍ഷത്തെ കരാറെന്ന് സൂചന

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിന് ഏറെക്കുറെ വിരാമം. ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ പരിശീലന ഗ്രൗണ്ടിലെത്തിയ ക്രിസ്റ്റ്യാനോ സഹതാരങ്ങളോട് യാത്ര പറഞ്ഞതായാണ് വിവരം. ക്രിസ്റ്റ്യാനോ ടീം വിട്ടുപോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലെഗ്രിയും സ്ഥിരീകരിച്ചു.

യുവന്റസിന്റെ പരിശീലനക്കളത്തില്‍ രാവിലെയാണ് ക്രിസ്റ്റ്യാനോ എത്തിയത്. നാല്‍പ്പത് മിനിറ്റ് ക്രിസ്റ്റ്യാനോ സഹകളിക്കാര്‍ക്കൊപ്പം ചെലവിട്ടെന്നാണ് അറിയുന്നത്. ടീമിന്റെ പരിശീലന സെഷനിലും റോണോ പങ്കെടുത്തില്ല. താരകൈമാറ്റ ജാലകം അടയാന്‍ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നതാണ് ക്രിസ്റ്റ്യാനോയെ ക്ലബ് മാറ്റത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചത്.ക്ലബ്ബ് വിടുന്നതിന് മുന്നോടിയായി യുവന്റസിലെ മറ്റ് താരങ്ങളുമായി അധികം ഇടപഴകാതിരിക്കാനും സിആര്‍7 കുറച്ചു ദിവസങ്ങളായി ശ്രദ്ധിക്കുന്നത്രെ. നാപ്പോളിയുമായുള്ള യുവന്റസിന്റെ അടുത്ത മത്സരത്തില്‍ ക്രിസ്റ്റ്യാനോ കാണില്ലെന്നതും ഉറപ്പായിക്കഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകാനാണ് ക്രിസ്റ്റ്യാനോയുടെ നീക്കം. ഹാരി കെയ്ന്‍ ടോട്ടനം വിടില്ലെന്ന് അറിയിച്ചതോടെ സിറ്റിക്കും ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ട്. രണ്ട് വര്‍ഷത്തേക്കായിരിക്കും ക്രിസ്റ്റ്യാനോയും സിറ്റിയും കരാര്‍ ഒപ്പിടുക. അതേസമയം, 25 മില്യണ്‍ പൗണ്ടിന് (252 കോടി രൂപ) ക്രിസ്റ്റ്യാനോയെ വില്‍ക്കാനാണ് യുവന്റസിന്റെ ശ്രമം. എന്നാല്‍ അതില്‍ കുറഞ്ഞൊരു തുകയ്ക്കു മാത്രമേ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റ്യാനോയെ സ്വന്തമാക്കുകയുള്ളൂവെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആഴ്ചയില്‍ അഞ്ച് കോടി രൂപയുടെ പ്രതിഫലം വേണമെന്ന ആവശ്യത്തില്‍ നിന്ന് ക്രിസ്റ്റ്യാനോയ്ക്ക് പിന്‍വലിയേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്.