ഏറെ ഇഷ്ടമുള്ളതിനെ കൈവിട്ട് ക്രിസ്റ്റ്യാനോ: മനസ്സ് സ്‌പെയ്‌നിലെ ദുരിതബാധിതര്‍ക്ക് ഒപ്പം

ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മഹാപ്രതിഭ എന്നതിനൊപ്പം വലിയ മനസുള്ള മനുഷ്യന്‍ കൂടിയായ സിആര്‍7 ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അഗ്‌നിപര്‍വ്വത സ്ഫോടനത്തിന് ഇരയായവരെ സഹായിക്കാന്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ഏഴാം നമ്പര്‍ ജഴ്സി ലേലത്തിന് വെയ്ക്കുകയാണ് റോണോ.

ക്രിസ്റ്റ്യാനോ ഒപ്പുവെച്ച പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജഴ്സിയാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. സ്പെയിനിലെ ലാ പാല്‍മാ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ ദുരിതത്തിലായവരെ സഹായിക്കുകയാണ് താരത്തിന്റെ ഉദ്ദേശ്യം. ലേലം ക്രിസ്മസ് രാത്രിയില്‍ തുടങ്ങും. ജനുവരി 6 വരെയാണ് ലേലത്തിന് സമയം അനുവദിച്ചിരിക്കുന്നത്.

അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ കാനറി ദ്വീപിലെ 3000 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. ദ്വീപിലെ ഏഴായിരം പേര്‍ പ്രകൃതിദുരന്തത്തെ തുടര്‍ന്ന് വഴിയാധാരമായി. ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ക്രിസ്റ്റ്യാനോയുടെ സന്ദേശവും ജഴ്സിയിലുണ്ട്. ലേലത്തില്‍ കിട്ടുന്ന തുകയെല്ലാം ദുരിതത്തിന് ഇരയായവര്‍ക്ക് കൈമാറും. നേരത്തേ, കോവിഡ് പ്രതിസന്ധിക്കിടെ പോര്‍ച്ചുഗല്‍ ആശുപത്രിയ്ക്കായി 850,000 പൗണ്ട് ക്രിസ്റ്റ്യാനോ സംഭാവനയായി നല്‍കിയിരുന്നു.