'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

ഒഡിഷയിലെ പുരി ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്ന് പിന്മാറി. പ്രചാരണത്തിന് പണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുചാരിത മൊഹന്തിയുടെ പിന്മാറ്റം. ക്രൗഡ് ഫണ്ടിങ് വഴി പണം കണ്ടെത്താന്‍ സുചാരിത ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതോടെയാണ് പിന്മാറ്റം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് കത്ത് നല്‍കി. സുചാരിത ഇതുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. തിങ്കളാഴ്ചയാണ് ഇവിടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പാര്‍ട്ടിയില്‍ നിന്ന് ഫണ്ടൊന്നും ലഭിക്കുന്നില്ലെന്ന് സുചാരിത പറഞ്ഞു.

‘എനിക്ക് സ്വന്തമായി ഫണ്ട് കണ്ടെത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ പണം അനുവദിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. എന്റെ ശ്രമങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍, മത്സരത്തില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചു’, അവര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി യുപിഐ ക്യുആര്‍ കോഡ് പങ്കുവെച്ച് പണത്തിന് അഭ്യര്‍ഥിച്ചു. എന്നാല്‍, പ്രതീക്ഷിച്ച പ്രതികരണമില്ലാതെ വന്നതോടെയാണ്‌ സുചാരിത പിന്മാറുന്നത്.

മെയ് ആറിനാണ് പുരിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മേയ് 25നാണ് പുരിയില്‍ പോളിങ്. ബിജെപിയുടെ സാംബിത് പാത്രയും ബിജെഡിയുടെ അരുപ് പട്‌നായിക്കുമാണ് പുരിയിലെ മറ്റ് സ്ഥാനാര്‍ഥികള്‍. സൂറത്തിലും ഇന്‍ഡോറിലുമാണ് നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പിന്‍മാറിയിരുന്നത്.