കാസിം ഭായ് സ്വിസ്സ് പൂട്ട് തകർത്തു, നെഞ്ചും വിരിച്ച് ബ്രസീൽ അടുത്ത റൗണ്ടിൽ

ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം ഹോട്ടൽ ഇരുന്ന് കാണുന്ന നെയ്മർക്ക് കാസീമിറോ നേടിയ ആ ഗോളിന് ഈ ലോകകപ്പിലെ ബ്രസീലിയൻ പോരാട്ട വീര്യത്തിന്റെ കഥ പറയാൻ ഉണ്ടായിരുന്നു. തുടർച്ചയായി പൊരുതുക, കളിയുടെ അവസാനം വരെ ആക്രമിക്കുക ആ തന്ത്രം ബ്രസീൽ നടപ്പിലാക്കിയ മത്സരത്തിൽ ശക്തരായ സ്വിറ്റ്‌സർലണ്ടിനെ ഗോളിന് വീഴ്ത്തി ബ്രസീൽ അടുത്ത റൗണ്ടിലെത്തി.

നെയ്മറുടെ അഭാവം ബ്രസീലിന്റെ പ്രകടനത്തെ ബാധിക്കുന്നതാണ് തുടക്കം മുതൽ കണ്ടത്. അതേസമയം, ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ സ്വിസ് പ്രതിരോധത്തിന് സാധിക്കുകയും ചെയ്തു. നെയ്മര്‍ക്ക് പകരം ഫ്രെഡിനെ കളത്തിലിറക്കിയാണ് ബ്രസീല്‍ ഇറങ്ങിയത്. നെയ്മർ ഇല്ലാത്തത് എതിരാളികൾക്ക് നൽകിയത് മാനസികമായ ആധിപത്യം തന്നെ ആയിരുന്നു.

വിനീഷ്യസ് നടത്തിയ നീക്കങ്ങൾ എതിരാളികളെ വിഷമിപ്പിച്ചെങ്കിലും ഗോൾ അകന്ന് നിന്നു . അതിനിടയിലാണ് 64 ആം മിനിറ്റിൽ വിനീഷ്യസ് എതിർ ഗോൾ വല ചലിപ്പിച്ചത്. എന്നാൽ വാർ നോക്കിയപ്പോൾ റിച്ചറിൽസൺ ഓഫ്‌സൈഡ്. അവസാനം തളരാതെ പൊരുതിയ ബ്രസീൽ കാസീമിറോ റോക്കറ്റ് ഗോളിലാണ് ഒടുവിൽ സ്വിസ്സ് പൂട്ട് തകർത്തത്. എതിർ ടീമിന് മുന്നേറ്റങ്ങൾ ഒന്നും തന്നെ കാര്യമായി നടത്താൻ സാധിച്ചില്ല എന്നതും ശ്രദ്ധിക്കണം.

മുന്നേറ്റ നിരയില്‍ കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ റിച്ചാര്‍ലിസണിന് ഒപ്പം വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയുമാണ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയത്. പരിക്കേറ്റ സൂപ്പര്‍താരം നെയ്മര്‍ക്ക് പകരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡ് ടീമിലെത്തി.