റയല്‍ മാഡ്രിഡില്‍ സൂപ്പര്‍ താരങ്ങള്‍ തുറന്ന പോരില്‍?; മാഡ്രിഡ് ഡെര്‍ബിക്ക് മുമ്പ് ആരാധകര്‍ക്ക് ആശങ്ക

യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡില്‍ താരപ്പോര് മുറുകുന്നതായി റിപ്പോര്‍ട്ടുകള്‍. ടീമിലെ സീനിയര്‍ താരങ്ങളായ ക്രിസ്റ്റ്യനോ റൊണാള്‍ഡോയും സെര്‍ജിയോ റാമോസും തമ്മിലുള്ള വാക്കുപോര് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള അടുത്ത മത്സരത്തില്‍ ടീമിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍.

ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിനോട് തോറ്റതോടെയാണ് ടീമില്‍ പടലപ്പിണക്കങ്ങള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ജെയിംസ് റോഡ്രീഗസ്, പെപ്പെ, മൊറാട്ട എന്നിവര്‍ ടീം വിട്ടതിന്റെ പ്രതിഫലനമാണ് തോല്‍വിയില്‍ കലാശിച്ചതെന്ന് ഡ്രസിംഗ് റൂമില്‍ റൊണാള്‍ഡോ സൂചിപ്പിച്ചതാണ് ടീമിലെ പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്.

പെപെയുമായും ജെയിംസുമായും മികച്ച സൗഹൃദമുണ്ടായിരുന്ന റൊണാള്‍ഡോയ്ക്ക് റയല്‍ മാഡ്രിഡ് സ്‌ക്വാഡില്‍ ഇവര്‍ പോയതോടെ മേധാവിത്വം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, റാമോസിനാകട്ടെ ടീമിലെ യുവതാരങ്ങളും ടീമിലെ സ്ഥിര സാന്നിദ്ധ്യവുമായി വരുന്ന ഡാനി കര്‍വാഹാല്‍, മാര്‍ക്കോ അസെന്‍സിയോ, ഇസ്‌ക്കോ, ഡാനി കബെല്ലോസ് എന്നിവരുടെ പിന്തുണ വര്‍ദ്ധിച്ചതും റൊണാള്‍ഡോയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലീഗയില്‍ തിരിച്ചടി നേരിടുന്ന ലോസ് ബ്ലാങ്കോസ് നിരയില്‍ സൂപ്പര്‍ താരമായ റൊണാള്‍ഡോയ്ക്ക് ഇതുവരെ ഫോമിലെത്താന്‍ സാധിച്ചിട്ടില്ല. മാത്രവുമല്ല, റൊണാള്‍ഡോ ക്ലബ്ബ് വിടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

ബാഴ്‌സ വിട്ട് പിഎസ്ജിയിലെത്തി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ റാമോസ് പരസ്യമായി ടീമിലേക്ക് സ്വാഗതം ചെയ്തതും റൊണാള്‍ഡോയ്ക്കുള്ള ഒളിയമ്പായാണ് വിലയിരുത്തലുകള്‍. റൊണാള്‍ഡോയ്ക്ക് പകരക്കാരനായി നെയ്മറിനെ ടീമിലെത്തിക്കാന്‍ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.