ഇത്തവണ ആശാന്‍ 'ചതിച്ചു'; ലോക കപ്പ് മുമ്പില്‍ നില്‍ക്കെ സിംബാബ്‌വെക്ക് കനത്ത തിരിച്ചടി

ടി20 ലോകകപ്പിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ സിംബാബ്‌വെക്ക് കനത്ത തിരിച്ചടി. ലാന്‍സ് ക്ലൂസ്നര്‍ സിംബാബ്‌വെയുടെ ബാറ്റിംഗ് കോച്ച് സ്ഥാനം രാജിവെച്ചു.

സിംബാബ്വെ ദേശിയ ടീമിനൊപ്പം കൂടുതല്‍ സമയം നില്‍ക്കേണ്ടി വരുന്നതിനാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് ചുമതലകള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നില്ല എന്ന കാരണം ചൂണ്ടിയാണ് ക്ലൂസ്നറിന്റെ പിന്മാറ്റം.

ടി20 ലോകകപ്പിലേക്ക് സിംബാബ്‌വെ ടീമിന് യോഗ്യത നേടുന്നതിലേക്ക് നയിച്ചതിനുള്‍പ്പെടെ ക്ലൂസ്നറിന് സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് നന്ദി പറഞ്ഞു. 2016 മുതല്‍ 2018 വരെയാണ് ക്ലൂസ്നര്‍ ആദ്യ സിംബാബ്‌വെ ടീമിന്റെ ബാറ്റിങ് പരിശീലകനാവുന്നത്. പിന്നാലെ ഈ വര്‍ഷം മാര്‍ച്ചിലാണ് താരം അദ്ദേഹം വീണ്ടും ടീമിനൊപ്പം ചേര്‍ന്നത്.

ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിന് എതിരെ ഒക്ടോബര്‍ 17നാണ് സിംബാബ്വെയുടെ ആദ്യ മത്സരം. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലാണ് സിംബാബ് വെ. അയര്‍ലന്‍ഡ്, വെസ്റ്റിന്‍ഡീസ്, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ള മറ്റ് ടീമുകള്‍.