ആ പിഴവാണ് ലോക കപ്പ് ഇന്ത്യയ്ക്ക് നഷ്ടമാക്കിയത്; തുറന്നടിച്ച് യുവരാജ് സിംഗ്

2019 ലോക കപ്പ് തോല്‍വിയുടെ പ്രധാന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗ്. നാലാം നമ്പറിലെ മാറി മാറിയുള്ള പരീക്ഷണങ്ങളാണ് തോല്‍വിക്ക് കാരണമായതെന്ന് യുവരാജ് ചൂണ്ടിക്കാട്ടി.

‘2011ല്‍ ഇന്ത്യ ലോക കപ്പ് നേടുമ്പോള്‍ ഒരോ ബാറ്റിംഗ് പൊസിഷനിലും കൃത്യമായ ബാറ്റ്സ്മാന്‍മാരുണ്ടായിരുന്നു. 2019ലെ ലോക കപ്പില്‍ ഇന്ത്യക്ക് കൃത്യമായ പദ്ധതികളില്ലായിരുന്നുവെന്നാണ് കരുതുന്നത്.’

‘അഞ്ച് ആറ് മത്സരങ്ങളില്‍ വിജയ് ശങ്കര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്തു. പിന്നീട് അവനെ മാറ്റി റിഷഭ് പന്തിനെ കൊണ്ടുവന്നു. നാല് ഏകദിനം മാത്രമാണ് അവന്‍ കളിച്ചിട്ടുള്ളത്. 2003ലെ ലോക കപ്പ് കളിക്കുമ്പോള്‍ എനിക്കും മുഹമ്മദ് കൈഫിനും ദിനേഷ് മോംഗിയക്കുമെല്ലാം 50ലധികം മത്സരങ്ങളുടെ അനുഭവസമ്പത്തുണ്ടായിരുന്നു’ യുവരാജ് പറഞ്ഞു.

2021 ലെ ടി20 ലോക കപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണവും യുവരാജ് വിലയിരുത്തി. ‘നമ്മുടെ മധ്യനിര താരങ്ങള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഉയര്‍ന്ന പ്രകടനം നടത്തുമ്പോഴും ടി20 ലോക കപ്പില്‍ അത് ചെയ്യാനായില്ല’ യുവരാജ് പറഞ്ഞു.