ആ തീരുമാനമാണ് തിരിച്ചടിയായത്; ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് പാക് താരം

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണെന്ന് പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മല്‍. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ച ഇന്ത്യയുടെ തീരുമാനം തെറ്റായിരുന്നെന്ന് കമ്രാന്‍ അക്മല്‍ അഭിപ്രായപ്പെട്ടു.

“ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് വലിയ അപകടമാണ് ന്യൂസിലന്‍ഡ് ബോളര്‍മാര്‍ വരുത്തിയത്. അവിടുത്തെ സാഹചര്യത്തിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനാണ് ന്യൂസിലന്‍ഡ് തിരഞ്ഞെടുത്തത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ നോക്കുക. പേസ് പിച്ചില്‍ ഒരിക്കലും രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ പാടില്ലായിരുന്നു.”

“ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് വലിയ സ്‌കോര്‍ നേടാനായില്ല. കോഹ്‌ലി മികച്ച ഫോമിലല്ല, ഓപ്പണര്‍മാരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. പ്ലേയിംഗ് 11 തീരുമാനിക്കുന്നതിന് മുമ്പ് ഇന്ത്യ എല്ലാ പ്രശ്നങ്ങളും ഇന്ത്യ വിലയിരുത്തണമായിരുന്നു. രണ്ട് സ്പിന്നര്‍മാരുമായി മുന്നോട്ട് പോകാനുള്ള തീരുമാനമാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്” കമ്രാന്‍ അക്മല്‍ പറഞ്ഞു.

അശ്വിനും ജഡേജയുമാണ് ഫൈനലില്‍ സ്പിന്‍നിരയില്‍ ഇറങ്ങിയത്. അശ്വിന്‍ രണ്ട് ഇന്നിംഗ്സില്‍ നിന്ന് നാല് വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. ബാറ്റുകൊണ്ടും കാര്യമായ പ്രകടനം നടത്താനായില്ല. ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.