WPL 2026: 'എങ്ങോട്ടാ ഈ തള്ളിക്കയറുന്നത്...'; ക്യാമറാമാന്റെ വികൃതിയിൽ ഇടഞ്ഞ് സ്മൃതി മന്ദാന

ജനുവരി 9 വെള്ളിയാഴ്ച നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ മുംബൈ ഇന്ത്യൻസിനെതിരായ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) മത്സരത്തിന് മുന്നോടിയായി പരിശീലനത്തിനിടെ ഒരു ക്യാമറാമാൻ നടത്തിയ വികൃതികൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ക്യാപ്റ്റൻ സ്മൃതി മന്ദാനയെ അലോസരപ്പെടുത്തി.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോരാട്ടത്തിന് തൊട്ടുമുമ്പ്, മന്ദാന 30 യാർഡ് സർക്കിളിന് പുറത്ത് ത്രോ ഡൗൺ നേരിടുകയായിരുന്നു. ഷോട്ടുകൾ കളിക്കുന്ന താരത്തിന്റെ നല്ല വിഷ്വൽസിനായി ക്യാമറാമാൻ സില്ലി പോയിന്റ് പൊസിഷനിലേക്ക് കാലെടുത്തുവച്ചു. ബാറ്റു ചെയ്യുന്നതിന്റെ അടുത്തെത്തി ക്യാമറാമാൻ വീഡിയോ പകർത്താൻ തുടങ്ങി. ഇത് കണ്ടയുടനെ സ്മൃതി അദ്ദേഹത്തോട് അതൃപ്തി പ്രകടിപ്പിച്ചു. എന്താണിതെന്ന മട്ടിലായിരുന്നു പ്രതികരണം. അതോടെ ക്യാമറാമാൻ പിൻവാങ്ങി.

മുഴുവൻ സംഭവവും ഒരു ആരാധകൻ തന്റെ ഫോണിൽ പകർത്തി. വീഡിയോ ഏതാനും മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. മത്സരത്തിൽ ബെംഗളൂരു ജയിച്ചുകയറി. അവസാന ഓവറിൽ 18 റൺസ് അടിച്ചെടുത്ത നദീൻ ഡി ക്ലർക്കാണ് ടീമിന് ജയമൊരുക്കിയത്. മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്മൃതി മന്ദാനയും സംഘവും അവസാന പന്തിലാണ് ലക്ഷ്യം കണ്ടത്.